Connect with us

National

സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ അറസ്റ്റില്‍

ഏറെ സാഹസികമായാണ് പ്രതികളെ പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് ആക്രമണത്തിനു ശ്രമിച്ച പ്രതികളെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരുവില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോവുകയും മോചനദ്രവ്യം ആവശ്യപ്പെട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍. ബില്‍വരദഹള്ളി റോഡിന് സമീപം ഗുരുമൂര്‍ത്തി (27), ഗോപാലകൃഷ്ണ (25) എന്നിവരാണ് അറസ്റ്റിലായത്. ഏറെ സാഹസികമായാണ് പ്രതികളെ പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് ആക്രമണത്തിനു ശ്രമിച്ച പ്രതികളെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ആത്മരക്ഷാര്‍ഥമാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റ പ്രതികളേയും രണ്ട് എസ് ഐമാരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൂളിമാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ബെംഗളൂരു അരേക്കരയിലെ പ്രൊഫസറുടെ മകനായ നിഷ്ചിതിനെ (13) യാണ് ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി തട്ടിക്കൊണ്ടുപോയത്. വൈകിട്ട് അഞ്ചിന് സൈക്കിളില്‍ ട്യൂഷന്‍ സെന്ററിലേക്ക് പോയ കുട്ടി രാത്രി എട്ടായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിക്കുകയായിരുന്നു. ട്യൂഷന്‍ ടീച്ചറോട് അന്വേഷിച്ചപ്പോള്‍ ഏഴരക്ക് ഇറങ്ങിയതായി അറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ രാത്രി 10.30ന് ഹുളിമാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുട്ടിയെ വിട്ടയക്കുന്നതിന് പ്രതികള്‍ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ സൈക്കിള്‍ അരെക്കെരയിലെ പാര്‍ക്കിന് സമീപം നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച ബന്നാല്‍ഘട്ട റോഡിലെ വിജനമായ പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.