Kerala
അര്‍ഹരായ എല്ലാ ബിപിഎല്‍ അപേക്ഷകര്‍ക്കും വാട്ടര്‍ അതോറിറ്റി സൗജന്യ കുടിവെള്ളം നല്‍കും
ഇത്തവണ സിവില്‍ സപ്ലെസ് ഡേറ്റാ ബേസില്‍ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്.
പത്തനംതിട്ട | ബിപിഎല്‍ വിഭാഗത്തിലുള്ള ഉപഭോക്താക്കള്‍ക്ക് കേരള വാട്ടര്‍ അതോറിറ്റി നല്‍കുന്ന സൗജന്യ കുടിവെള്ളത്തിനായി ലഭിച്ച ഒന്‍പതര ലക്ഷത്തോളം അപേക്ഷകളില്‍, സാങ്കേതിക കാരണങ്ങളാല്‍ ആനുകൂല്യം നല്‍കാന്‍ കഴിയാതിരുന്ന രണ്ടുലക്ഷത്തോളം അപേക്ഷകള്‍ വീണ്ടും പരിഗണിക്കാന്‍ വാട്ടര്‍ അതോറിറ്റി തീരുമാനിച്ചു. ഇത്തവണ സിവില്‍ സപ്ലെസ് ഡേറ്റാ ബേസില്‍ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്.
ആദ്യ പരിശോധനയില്‍ നിരാകരിച്ചതും പേരുവ്യത്യാസമുള്ളതുമായ 196000 അപേക്ഷകള്‍ പുനഃപരിശോധിച്ച ശേഷം തിരുത്തലുകള്‍ക്ക് വീണ്ടും അവസരം നല്‍കി, അര്‍ഹതയുണ്ടെങ്കില്‍ ആനുകൂല്യം നല്‍കും. ഈ അപേക്ഷകള്‍ വീണ്ടും സമര്‍പ്പിക്കാന്‍ സെക്ഷന്‍ ഓഫിസുകള്‍ക്ക് മേയ് 20 മുതല്‍ ബിപിഎല്‍ അപേക്ഷ പോര്‍ട്ടല്‍ തുറന്നു നല്‍കും. ഇതിനായി ഉപഭോക്താക്കള്‍ വീണ്ടും ഓഫിസുകളിലെത്തേണ്ടതില്ല. ബിപിഎല്‍ ആനുകൂല്യത്തിന് അര്‍ഹരായ എല്ലാ ഉപഭോക്താക്കളുടെയും ഈ വര്‍ഷത്തെ ബില്‍ തുക ഒഴിവാക്കി നല്‍കുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.



