Connect with us

kerala waqf board

വഖ്ഫ് ബോർഡ് നിയമനം പി എസ് സിക്ക്: പുതിയ ഉറപ്പുകളൊന്നുമില്ല; നിലപാടിലുറച്ച് സർക്കാർ

ലീഗിന്റെ സംരക്ഷണ റാലിയിൽ ഇ കെ വിഭാഗം പങ്കെടുക്കില്ല

Published

|

Last Updated

മലപ്പുറം | വഖ്ഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ നിലപാട് നേരത്തേ പ്രഖ്യാപിച്ചത്. ഇന്നലെ തിരുവനന്തപുരത്ത് ഇ കെ വിഭാഗം സമസ്ത നേതാക്കളുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാറിന്റെ നിലപാട് ആവർത്തിക്കുകയായിരുന്നു.

കഴിഞ്ഞ 22നാണ് ഒരു വിഭാഗം മുസ്‌ലിം സംഘടനകൾ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ വഖ്ഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിനെതിരെ യോജിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനെന്ന പേരിൽ യോഗം ചേർന്നത്. എന്നാൽ, അതേ ദിവസം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വഖ്ഫ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് ചർച്ച നടത്തിയിരുന്നു. നിയമനങ്ങൾ പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ടുള്ള വിവിധ തരം ആശങ്കകൾ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ ബോധിപ്പെടുത്തി.

2018 ജനുവരി മാസം പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് വഖ്ഫ് ബോർഡ് പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ടുള്ള ബില്ല് നിയമസഭ പാസ്സാക്കിയിട്ടുള്ളത്. പക്ഷേ പൊടുന്നനെ ഈ ബില്ല് പാസ്സാകുന്ന തരത്തിൽ ഒരു നടപടിയും സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചകൾ നടത്തുമെന്നും അന്ന് തന്നെ മുസ്‌ലിം ജമാഅത്ത് നേതാക്കൾക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്.

പൂർണമായും മുസ്‌ലിം വിഭാഗത്തിന് മാത്രമായിരിക്കും ബോർഡിൽ നിയമനമെന്നതും ബില്ലിൽ പറഞ്ഞിട്ടുണ്ട്. മുസ്‌ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖ്ഫ് ബോർഡിൽ നിയമനം ലഭിക്കുമെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും അത്തരമൊരു ആശങ്കക്കും അടിസ്ഥാമില്ലെന്നും മുഖ്യമന്ത്രി പ്രതിനിധി സംഘത്തിനോട് പറഞ്ഞതാണ്. ഈ ഒരു ഉറപ്പ് മാത്രമാണ് ഇന്നത്തെ കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി ഇ കെ വിഭാഗം നേതാക്കൾക്ക് നൽകിയത്.

അഥവാ, ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാറിന്റെ നിലപാട് ആവർത്തിക്കുകയായിരുന്നു. വഖ്ഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടതുൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാറിനെതിരെ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പ്രചാരണം നടത്താൻ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ ചേർന്ന ഒരു വിഭാഗം സംഘടനകളുടെ യോഗത്തിൽ തീരുമാനമായിരുന്നു. ഇത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പള്ളി രാഷ്ട്രീയ വേദിയാക്കാനുള്ള ലീഗിന്റെ ഈ നീക്കം ഏറെ വിവാദമാവുകയും ചെയ്തു. സമസ്ത ഇ കെ വിഭാഗം പ്രസിഡന്റ് ജിഫ്‌രി തങ്ങൾ ലീഗിന്റെ ഈ പ്രഖ്യാപനത്തെ തള്ളിക്കളഞ്ഞതോടെ സർക്കാറിനെതിരെയുള്ള പ്രക്ഷോഭത്തിന് രൂപം നൽകിയ കൂട്ടായ്മ തന്നെ അപ്രസക്തമാവുകയായിരുന്നു. മുഖ്യമന്ത്രിമായി ചർച്ചക്ക് ശേഷം പ്രക്ഷോഭ നടപടികളെന്നാണ് ഇ കെ വിഭാഗം നേരത്തേ പറഞ്ഞത്.

എന്നാൽ, സർക്കാർ പഴയ നിലപാട് തന്നെ ആവർത്തിച്ച നിലക്ക് പ്രക്ഷോഭവുമായി മുന്നോട്ട് പോകുമോ എന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്. പ്രത്യേകിച്ച് മുസ്‌ലിം ലീഗ് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമ്പോൾ എന്ത് നിലപാട് സമസ്ത ഇ കെ വിഭാഗം സ്വീകരിക്കുമെന്നതാണ് ചർച്ചചെയ്യുന്നത്.

അതിനിടെ ഭാവി പരിപാടികൾ തീരുമാനിക്കാൻ ഇ കെ വിഭാഗം ഇന്ന് യോഗം ചേരുന്നുണ്ട്. രാവിലെ 11 ന് ചേളാരി സമസ്താലയത്തിൽ ചേരുന്ന 17 അംഗ സമിതിയാണ് വിഷയം ചർച്ച ചെയ്യുക. മുസ്‌ലിം ലീഗ് നാളെ കോഴിക്കോട്ട് നടത്തുന്ന വഖ്ഫ് സംരക്ഷണ റാലിയിൽ ഇ കെ വിഭാഗം ഔദ്യോഗികമായി പങ്കെടുക്കില്ല.

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ