editorial
ജയിൽ സത്യപ്രതിജ്ഞ ജനാധിപത്യ അപചയം
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ക്രിമിനലുകള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കുന്നത് വോട്ടര്‍മാരോടുള്ള വഞ്ചനയും ജനാധിപത്യത്തോടുള്ള അപമര്യാദയുമാണ്. ജയിലുകള്‍ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ വേദികളായി മാറുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് മാനഹാനിയാണ്.
വിയ്യൂര്‍ ജയിലിലെ ലൈബ്രറി ഹാളില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു സത്യപ്രതിജ്ഞാ ചടങ്ങ് പ്രഥമദൃഷ്ട്യാ ഭരണഘടനാപരമായ നടപടിക്രമമായി ന്യായീകരിക്കാമെങ്കിലും യഥാര്‍ഥത്തില്‍ അത് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന അതീവ ഗുരുതര ധാര്‍മിക പ്രതിസന്ധിയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. കുപ്രസിദ്ധ കുറ്റവാളികള്‍ക്കും ഗുണ്ടകള്‍ക്കും ചുമത്തുന്ന “കാപ്പ’ വകുപ്പ് ചാര്‍ത്തി തടങ്കലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബി ജെ പി കൗണ്‍സിലര്‍ ആര്‍ സുഗതനാണ് ജയിലിനുള്ളില്‍ വെച്ച് ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്തത്. ജനവിധി തടയാനാകില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന ഈ അപൂര്‍വ ചടങ്ങ് സാങ്കേതികമായി നിയമത്തിന്റെ പരിധിയില്‍ വരുന്നതെങ്കിലും ജനാധിപത്യ മര്യാദകള്‍ക്കും രാഷ്ട്രീയ ധാര്‍മികതക്കും കേവലമായ പൊതുനീതിക്കും നിരക്കാത്തതാണ്.
ജയില്‍വാസത്തിനിടെ തടവുപുള്ളി ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കേരളത്തില്‍ ഇതാദ്യമാണെങ്കിലും നേരത്തേ മറ്റു പല സംസ്ഥാനങ്ങളിലും നടന്നിട്ടുണ്ട് ഇത്തരം സംഭവങ്ങള്‍. ദേശീയ സുരക്ഷാ നിയമ പ്രകാരം അസമിലെ ജയിലില്‍ കഴിയുകയായിരുന്ന അമൃതപാല്‍സിംഗ് 2024ല്‍ പഞ്ചാബിലെ ഖദൂര്‍സാഹിബ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചപ്പോള്‍ സത്യപ്രതിജ്ഞ ചെയ്തതും, തീവ്രവാദ സാമ്പത്തിക സഹായ കേസില്‍ ജയിലില്‍ അടക്കപ്പെട്ട എന്‍ജിനീയര്‍ റശീദ് സത്യപ്രതിജ്ഞ ചെയ്തതും തടവുജീവിത കാലത്താണ്. ഈ കേസുകളില്‍ പക്ഷേ തടവുകാരായ ജനപ്രതിനിധികളെ ജയിലില്‍ നിന്ന് പാര്‍ലിമെന്റിലോ നിയമസഭയിലോ എത്തിച്ചാണ് സത്യപ്രതിജ്ഞ ചെയ്യിച്ചതെങ്കില്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി സത്യപ്രതിജ്ഞ നടത്തിക്കുന്നത് അത്യപൂര്‍വമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ രാജ്യത്തെ പരമോന്നത സഭയായ പാര്‍ലിമെന്റ് വരെയുള്ള ജനപ്രതിനിധി സഭകള്‍ ജനവിശ്വാസത്തിന്റെ പ്രതിരൂപങ്ങളാണ്. ജനങ്ങള്‍ തിരഞ്ഞെടുത്തയച്ചവരാണ് ഈ സഭകളിലെ പ്രതിനിധികള്‍. നാടിന്റെ വികസനത്തിനും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ക്രമസമാധാനത്തിനും വേണ്ടി നയം രൂപവത്കരിക്കേണ്ടവര്‍ തന്നെ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായി ജയിലില്‍ കഴിയുമ്പോള്‍, ഈ സഭകളുടെ വിശുദ്ധിയും അന്തസ്സും ചോദ്യം ചെയ്യപ്പെടുന്നു. രാഷ്ട്രീയ ശുദ്ധീകരണത്തെക്കുറിച്ചും അഴിമതിയും ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്ത ഭരണത്തെക്കുറിച്ചും നിരന്തരം വാചാലരാകുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വെളിപ്പെടുന്നത്.
ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെയും ഭരണഘടനയുടെയും അടിസ്ഥാന തത്ത്വമനുസരിച്ച് ഒരു വ്യക്തി കുറ്റവാളിയാണെന്ന് അന്തിമമായി വിധിക്കപ്പെടുന്നതു വരെ നിരപരാധിയാണ്. നിലവിലെ ജനപ്രതിനിധി നിയമപ്രകാരം രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെടാത്ത ഏത് വ്യക്തിക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ജനങ്ങള്‍ തിരഞ്ഞെടുത്താല്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കാനുമുള്ള അവകാശമുണ്ട്. ഈ അവകാശത്തെയും ആ മണ്ഡലത്തിലെ വോട്ടര്‍മാരുടെ വിധിയെഴുത്തിനെയും മാനിച്ചാണ് കോടതികള്‍ക്ക് ഇത്തരം സത്യപ്രതിജ്ഞകള്‍ക്ക് അനുമതി നല്‍കേണ്ടി വരുന്നത്. എന്നാല്‍ ഇന്ത്യന്‍ നിയമമനുസരിച്ച് “ശരി’ എന്ന് സ്ഥാപിക്കപ്പെടുന്ന കാര്യങ്ങളെല്ലാം ധാര്‍മികമായി ശരിയാകണമെന്നില്ല.
ഏതെങ്കിലുമൊരു ജനപ്രതിനിധിയെ മാത്രം ബാധിക്കുന്ന വ്യക്തിഗതമായ ഒരു പ്രശ്‌നമായി ചുരുക്കിക്കാണാവതല്ല ഇത്തരം സംഭവങ്ങള്‍. കൊടും കുറ്റവാളികള്‍ ജനപ്രതിനിധികളായി വരുന്നത് സമൂഹത്തിന് മോശമായ സന്ദേശം നല്‍കാന്‍ ഇടവരുത്തും. ഏത് ക്രിമിനലിനും ചെന്നുചേരാനും വിലസാനും പറ്റുന്ന ഇടമാണ് രാഷ്ട്രീയമെന്നു വന്നാല്‍ രാഷ്ട്രീയത്തിന്റെ അപചയത്തെയാണ് അത് അടയാളപ്പെടുത്തുന്നത്. ജനാധിപത്യത്തിന്റെ മഹത്വവും തിളക്കവും അക്ഷരത്തിലല്ല, ധാര്‍മികതയിലാണ്. അത് നഷ്ടപ്പെട്ടാല്‍ ഭരണഘടനയുടെ സംരക്ഷണം ഉണ്ടായാലും ജനവിശ്വാസം നഷ്ടമാകും.
രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണ് രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം. ബൂത്തുകള്‍ പിടിച്ചെടുക്കാനും വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രിമിനലുകളുടെ സഹായം തേടിയതോടെയാണ് ഇതിനു തുടക്കം. പില്‍ക്കാലത്ത് അത്തരം ക്രിമിനലുകള്‍ നേരിട്ട് സ്ഥാനാര്‍ഥികളാകാന്‍ തുടങ്ങി. കൊലപാതകം, ബലാത്സംഗം, അക്രമം തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ടവര്‍ പോലുമുണ്ട് ഇന്ന് ജനപ്രതിനിധികളില്‍. ഇത്തരക്കാരെ മാറ്റിനിര്‍ത്തി സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കാനുള്ള രാഷ്ട്രീയ ധാര്‍മികതയും ഇച്ഛാശക്തിയും ഒരു രാഷ്ട്രീയ പ്രസ്ഥാനവും കാണിക്കുന്നില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന് ഇന്നാവശ്യം നിയമപരമായി സാധുവായ രാഷ്ട്രീയമല്ല, ധാര്‍മികവും സംശുദ്ധവുമായ രാഷ്ട്രീയമാണ്. ഭരണഘടന മുന്‍വെച്ച മിനിമം യോഗ്യതകളേക്കാള്‍ ഉയര്‍ന്ന പൊതുമാനദണ്ഡങ്ങള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതൃത്വങ്ങളും സ്വീകരിക്കേണ്ടതുണ്ട്. ഗുരുതരമായ ക്രിമിനല്‍ ആരോപണങ്ങളോ സാമൂഹികമായി മോശം സന്ദേശം നല്‍കുന്ന സാഹചര്യങ്ങളോ ഉള്ളവരെ പൊതുപദവികളിലേക്ക് മത്സരിപ്പിക്കാതിരിക്കാനുള്ള രാഷ്ട്രീയ ആര്‍ജവം വളര്‍ന്നു വരേണ്ടതുണ്ട്.
ജയിലില്‍ അടക്കപ്പെട്ട ഒരു വ്യക്തിക്ക് ജനപ്രതിനിധിയെന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്വം എത്രത്തോളം നിര്‍വഹിക്കാനാകും? നിയമ നിര്‍മാണ സഭകളിലോ തദ്ദേശ സ്ഥാപന കൗണ്‍സില്‍ യോഗങ്ങളിലോ സന്നിഹിതനാകാനോ വോട്ടെടുപ്പുകളില്‍ പങ്കെടുക്കാനോ അയാള്‍ക്ക് സാധിക്കില്ല. സ്വന്തം മണ്ഡലത്തിലെയോ വാര്‍ഡിലെയോ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കാനും ജനങ്ങളുടെ പരാതികള്‍ കേട്ട് പരിഹാരം കാണാനുമാകില്ല. ഈ വസ്തുതകളെല്ലാം അറിഞ്ഞു കൊണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ക്രിമിനലുകള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കുന്നത് വോട്ടര്‍മാരോടുള്ള വഞ്ചനയും ജനാധിപത്യത്തോടുള്ള അപമര്യാദയുമാണ്. ജയിലുകള്‍ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ വേദികളായി മാറുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് മാനഹാനിയാണ്.
Content Highlights:
Viyyur jail witnessed an unusual event as jailed BJP councillor R Sugathan took the oath of office under custody. The ceremony followed a High Court directive upholding the voters mandate despite the councillors detention under the KAAPA Act. This incident highlights the growing concern over the criminalisation of Indian politics.


