Connect with us

National

തന്റെ വിജയം പ്രവചിച്ച ജ്യോത്സ്യന് ഉന്നത സർക്കാർ പദവി നൽകി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിന്റെ പാർട്ടി വിജയിക്കുമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ വെട്രിവേൽ പ്രവചിച്ചിരുന്നു.

Published

|

Last Updated

ചെന്നൈ | തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (പൊളിറ്റിക്കൽ) തസ്തികയിലേക്ക് അദ്ദേഹത്തിന്റെ ജ്യോത്സ്യൻ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ചു. ടി വി കെ അധ്യക്ഷൻ വിജയിന്റെ തെരഞ്ഞെടുപ്പ് വിജയവും രാഷ്ട്രീയ ഭാവിയും കൃത്യമായി പ്രവചിച്ച വ്യക്തിയാണ് വെട്രിവേൽ. സർക്കാരിന്റെ നിർണ്ണായകമായ രാഷ്ട്രീയ തീരുമാനങ്ങളിൽ ഇദ്ദേഹത്തിന്റെ സാന്നിധ്യവും ഉപദേശവും ഇനി മുതൽ ഔദ്യോഗികമായി തന്നെയുണ്ടാകും.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിന്റെ പാർട്ടി വിജയിക്കുമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ വെട്രിവേൽ പറഞ്ഞിരുന്നു. വിജയിന്റെ ജാതകപ്രകാരം രാഷ്ട്രീയത്തിൽ സുനാമിക്ക് സമാനമായ ശക്തി അദ്ദേഹത്തിനുണ്ടെന്നായിരുന്നു വെട്രിവേലിന്റെ നിരീക്ഷണം. മെയ് 10 ന് വൈകുന്നേരം നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾ വെട്രിവേലിന്റെ നിർദ്ദേശപ്രകാരം ശുഭമുഹൂർത്തം നോക്കി അന്നേ ദിവസം രാവിലെ പത്ത് മണിയിലേക്ക് മാറ്റിയിരുന്നു. ഗവർണറുമായുള്ള തർക്കങ്ങൾക്കൊടുവിൽ വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് വെട്രിവേലിനും സർക്കാരിൽ സുപ്രധാന പദവി നൽകിയിരിക്കുന്നത്.

നാല് പതിറ്റാണ്ടോളമായി ജ്യോതിഷ രംഗത്തുള്ള വെട്രിവേൽ മുൻ മുഖ്യമന്ത്രി ജയലളിത ഉൾപ്പെടെയുള്ള നിരവധി രാഷ്ട്രീയ നേതാക്കളുടെ വിശ്വസ്തനായിരുന്നു. ജയലളിത പല പ്രധാന തീരുമാനങ്ങളും എടുത്തിരുന്നത് ഇദ്ദേഹത്തിന്റെ ഉപദേശപ്രകാരമായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2008 ൽ ഡൽഹിയിലേക്ക് താമസം മാറിയതോടെയാണ് അദ്ദേഹം തന്റെ പേര് രാധൻ പണ്ഡിറ്റ് എന്ന് മാറ്റിയത്. അവിടെ വെച്ച് ബി ജെ പി, കോൺഗ്രസ്, ഡി എം കെ, എ ഐ എ ഡി എം കെ തുടങ്ങിയ പാർട്ടികളിലെ പ്രമുഖ നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധം സ്ഥാപിച്ചു.

തമിഴ്നാട് നിയമസഭയിലെ 234 സീറ്റുകളിൽ 108 എണ്ണത്തിലാണ് വിജയിന്റെ ടി വി കെ വിജയിച്ചത്. കേവല ഭൂരിപക്ഷത്തിന് കുറച്ച് സീറ്റുകൾ കുറവാണെങ്കിലും കോൺഗ്രസ്, വി സി കെ തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിച്ചത്.

Summary

Radhan Pandit Vettrivel, the personal astrologer of Tamil Nadu Chief Minister Vijay, has been appointed as the Officer on Special Duty (Political) in the state government. Vettrivel is credited with predicting Vijay’s “tsunami-like” electoral victory and influenced the timing of the swearing-in ceremony to align with an auspicious “muhurat.” Having advised prominent leaders like Jayalalithaa in the past, his formal induction into the government highlights his significant influence on Vijay’s political decisions.

Latest