Connect with us

bribery

ക്ഷീര കർഷകയിൽ നിന്ന് കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടർ അറസ്റ്റിൽ

കർഷകയുടെ പശു ചത്തപ്പോൾ പോസ്റ്റ്മോര്‍ട്ടം നടത്തി ഇൻഷുറൻസ് തുക ലഭിക്കുന്നതിനും ഡോ.ബിലോണി ചാക്കോ 2,500 രൂപ കൈക്കൂലി വാങ്ങിയിരുന്നു.

Published

|

Last Updated

പത്തനംതിട്ട | ക്ഷീര കർഷകയിൽ നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. റാന്നി പെരുനാട് മൃഗാശുപത്രിയിലെ ഡോ.ബിലോണി ചാക്കോയെയാണ് ചൊവ്വാഴ്ച ഉച്ചക്ക് വിജിലൻസ് അറസ്റ്റ് ചെയ്തത്. ക്ഷീരകർഷകയുടെ 10 പശുക്കൾക്ക് ഇൻഷുറൻസ് ശരിയാക്കി നൽകാനാണ് ബിലോണി ചാക്കോ കൈക്കൂലി ആവശ്യപ്പെട്ടത്.

ചൊവ്വാഴ്ച കർഷകയുടെ വീട്ടിലെത്തി പശുക്കളുടെ ചെവിയിൽ ടാഗ് ഘടിപ്പിച്ച ശേഷമാണ് ഡോക്ടർ കൈക്കൂലി തുക ആവശ്യപ്പെട്ടത്. നേരത്തേ തന്നെ ഡോക്ടർ കൈക്കൂലി തുക ആവശ്യപ്പെട്ടിരുന്നതിനാൽ കർഷക വിവരം പത്തനംതിട്ട വിജിലൻസിനെ അറിയിച്ചിരുന്നു. പണം വാങ്ങിയ ഉടൻ വിജിലൻസ് സംഘം ഡോക്ടറെ പിടികൂടുകയായിരുന്നു ഒക്ടോബർ 21ന് ഇതേ കർഷകയുടെ പശു ചത്തപ്പോൾ പോസ്റ്റ്മോര്‍ട്ടം നടത്തി ഇൻഷുറൻസ് തുക ലഭിക്കുന്നതിനും ഡോ.ബിലോണി ചാക്കോ 2,500 രൂപ കൈക്കൂലി വാങ്ങിയിരുന്നു. എട്ടുമാസം മുമ്പാണ് ബിലോണി ചാക്കോ റാന്നി പെരുനാട് ആശുപത്രിയിൽ എത്തിയത്.

എല്ലാ ക്ഷീരകർഷകരിൽ നിന്നും എന്ത് ആവശ്യത്തിന് ചെന്നാലും പണം നിർബന്ധമായി വാങ്ങുന്നത് ബിലോണി ചാക്കോയുടെ പതിവാണെന്ന് നിരവധിപേർ വിജിലൻസിനോട് നേരിട്ട് പരാതി പറഞ്ഞു. അറസ്റ്റിലായ ഡോക്ടറെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് ഡി വൈ എസ് പി ഹരിവിദ്യാധരൻ അറിയിച്ചു. ഇൻസ്പെക്ടർമാരായ അശ്റഫ്, രാജീവ്, അനിൽകുമാർ, സബ് ഇൻസ്പെക്ടര്‍മാരായ അനില്‍ ആര്‍, അസി. സബ് ഇൻസ്പെക്ടർമാരായ ഷാജി, രാജേഷ്, സി പി ഒ മാരായ രാജീവ്, മണിലാൽ, അനിൽ, വിനീത്, സലിം, വിനീത്, ജിനു ഗീവർഗീസ്, രേഷ്മ, ചാക്കോ, അജീർ, ഷാലു ഡ്രൈവർമാരായ രാജേഷ്, സലിം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Latest