Kerala
ഒരു കൈക്ക് സ്വാധീനമില്ലാത്തയാള്‍ ഏകാന്ത തടവില്‍ നിന്ന് ചാടിയതിൽ ദുരൂഹതയെന്ന് വി ഡി സതീശൻ
സാധാരണക്കാരായ മനുഷ്യര്‍ കാണിച്ച ജാഗ്രത കാരണമാണ് ഗോവിന്ദച്ചാമിയെ പിടികൂടിയതെന്നും സതീശൻ

കൊച്ചി | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊടും കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിയെ കിട്ടിയത് തന്നെ മഹാഭാഗ്യം. ഒരു കൈക്ക് സ്വാധീനമില്ലാത്തയാള്‍ ഏകാന്തതടവില്‍ നിന്ന് രാത്രി 1.15 ന് കമ്പികള്‍ മുറിച്ച് പുറത്തുവന്നതിലും നീളമുള്ള തുണിക്കൊണ്ട് ഇത്രയും വലിയ മതില്‍ ചാടിക്കടന്നതിലും ഒരുപാട് ദുരൂഹതകളുണ്ടെന്ന് സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ജയിലിനകത്ത് നിന്നും പുറത്തുനിന്നും ഗോവിന്ദച്ചാമിക്ക് എല്ലാ പിന്തുണയും ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് നടക്കുന്നത് ഇത്തരം കാര്യങ്ങളാണെന്ന് പ്രതിപക്ഷം പലപ്രാവശ്യം നിയമസഭക്കകത്തും പുറത്തും ഉന്നയിച്ചിട്ടുണ്ട്. ക്രിമിനലുകള്‍ക്ക് കുടപിടിച്ചുകൊടുക്കുകയാണ് അവിടെ. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണവും മദ്യവും ലഹരിയും. ഏറ്റവും ആധുനികമായ ഫോണുകളാണ് അവര്‍ ഉപയോഗിക്കുന്നത്. കിരീടം വെക്കാത്ത രാജാക്കന്മാരെപ്പോലെയാണ് ജയില്‍ ജീവിതം. സാധാരണക്കാരായ മനുഷ്യര്‍ കാണിച്ച ജാഗ്രത കാരണമാണ് ഗോവിന്ദച്ചാമിയെ പിടികൂടിയതെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.
സര്‍ക്കാരിന് പ്രിയപ്പെട്ടവര്‍ ജയിലിലുണ്ടെന്ന് നേരത്തെ അറിയാമായിരുന്നു. ഗോവിന്ദച്ചാമി സര്‍ക്കാരിന്റെ പ്രിയപ്പെട്ടവരില്‍ ഒരാളാണെന്ന് ഇന്ന് മനസ്സിലായെന്നും സതീശന്‍ പറഞ്ഞു.