Connect with us

vandebharath train

വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ എത്തി

പാലക്കാട്ട് ബി ജെ പി പ്രവര്‍ത്തകരുടെ വരവേല്‍പ്പ്

Published

|

Last Updated

കോഴിക്കോട് | കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിലെത്തി. തിരുവനന്തപുരത്ത് നിന്നുള്ള റെയില്‍വേ അധികൃതര്‍ ചെന്നൈ വില്ലിവാക്കത്തു നിന്ന് ഏറ്റുവാങ്ങിയ ട്രെയിന്‍ പാലക്കാട്ട് എത്തി. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ബി ജെ പി പ്രവര്‍ത്തതര്‍ മുദ്രാവാക്യം വിളികളോടെ വരവേറ്റു. പ്രധാനമന്ത്രിക്ക് അഭിവാദ്യം അര്‍പിച്ചുകൊണ്ട് നിരവധി പേരാണ് റെയില്‍വേസ്റ്റേഷനില്‍ എത്തിയത്.

ട്രാക്ക് ക്ലിയറന്‍സ് ലഭിച്ചതനുനുസരിച്ച് രാവിലെ 11. 40 ഓടെയാണ് എഗ്മോര്‍ നാഗര്‍കോവില്‍ വഴി ട്രെയിന്‍ പാലക്കാട്ട് എത്തിയത്. ഏതാനും നിമിഷം ഇവിടെ നിര്‍ത്തിയ ശേഷം ട്രെയിന്‍ തിരുവന്തപുരത്തേക്കു തിരിച്ചു.
തിരുവനന്തപുരത്ത് നിന്ന് ഈ മാസം 22ന് പരീക്ഷണയോട്ടം നടത്തിയേക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍ തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. 25ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിനുള്ള പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടമാണ് വന്ദേഭാരത് എക്‌സ് പ്രസ് എന്നു ബി ജെ പി നേതാക്കള്‍ പ്രതികരിച്ചു. വന്ദേഭാരത് അനുവദിച്ചതു സംബന്ധിച്ച് കേരളത്തിന് അറിയിപ്പൊന്നും ലഭിച്ചില്ലെന്നു കേരളത്തില്‍ റെയില്‍ വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ പ്രതികരിച്ചു. കേരളത്തിനു വന്ദേഭാരത് എക്‌സ്പ്രസ് ഇല്ലെന്ന മാധ്യമ വാര്‍ത്തകളെ പിന്‍പറ്റി പരാതിയുമായി മുഖ്യമന്ത്രി രംഗത്തുവന്നതു ശരിയായില്ലെന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

ചെന്നൈയിലെ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ചതാണ് ഈ ട്രെയിന്‍. തിരുവനന്തപുരത്തുനിന്ന് രാവിലെ 9.45-ന് പുറപ്പെട്ട് വൈകീട്ട് 3.30-ന് കോഴിക്കോട്ട് എത്തുന്നതരത്തിലായിരിക്കും ആദ്യഘട്ടത്തില്‍ വന്ദേഭാരത് സര്‍വീസ് നടത്തുക.ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ എന്‍ സിങ് ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധനകള്‍ നടത്തിയശേഷമാണ് സര്‍വീസ് ആരംഭിക്കുക.

24-ന് കൊച്ചിയിലെത്തുന്ന എത്തുന്ന പ്രധാനമന്ത്രി 25-ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്ളാഗ്ഓഫ് ചെയ്യുന്ന ചടങ്ങില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ഉണ്ടായേക്കും.മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെയാണ് വന്ദേഭാരത് ട്രെയിനിന്റെ വേഗം. നിലവില്‍ കേരളത്തിലെ പാതയില്‍ ഈ വേഗത്തില്‍ ഓടാനാവില്ല.

1,128 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 16 പാസഞ്ചര്‍ കാറുകളാണ് ട്രെയിനിലുള്ളത്. സെന്റര്‍ കമ്പാര്‍ട്ടുമെന്റുകളില്‍ രണ്ടെണ്ണം 52 വീതം ഇരിക്കാവുന്ന ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റുകളാണ്. ബാക്കിയുള്ളവ 78 വീതം ഇരിക്കാവുന്ന കോച്ച് കമ്പാര്‍ട്ടുമെന്റുകളാണ്.ചെന്നൈ കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ മാതൃകയാണ് കേരളത്തിലും കൊണ്ടുവന്നത്. ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന കോച്ചുകള്‍ യാത്രക്കാരുടെ എണ്ണം പരിഗണിച്ച് പിന്നീട് വര്‍ധിപ്പിക്കും.ഇരട്ടപ്പാതയുള്ളതിനാല്‍ കോട്ടയം വഴിയാകും വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുക. എറണാകുളം മുതല്‍ തിരുവനന്തപുരം വരെ മണിക്കൂറില്‍ 75, 90, 100 കിലോ മീറ്റര്‍ എന്നിങ്ങനെയാണ് വേഗത അനുവദിച്ചത്. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് പെട്ടെന്ന് വേഗം കൈവരിക്കാന്‍ സാധിക്കും എന്നതാണ് വന്ദേഭാരത് ട്രെയിനുകളുടെ സവിശേഷത. കേരളത്തിലെ റൂട്ടുകളില്‍ ശരാശരി വേഗത 65 കിലോ മീറ്ററിന് മുകളില്‍ നിലനിര്‍ത്താന്‍ വന്ദേഭാരതിന് കഴിയും.കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കുന്നത് വേഗം കുറക്കുമെന്നതിനാല്‍ പ്രധാന നഗരങ്ങളില്‍ മാത്രമായിരിക്കും വന്ദേഭാരതിന്റെ സ്റ്റോപ്പ്.

Latest