Malappuram
ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ്; ആഗ്ര സൗത്തിൽ ലീഗിന് ലഭിച്ചത് 130 വോട്ട്

മലപ്പുറം| ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് മത്സരിച്ച ആഗ്ര സൗത്ത് മണ്ഡലത്തിൽ പാർട്ടിക്ക് ലഭിച്ചത് 130 വോട്ട്. അഥവാ 0.06 ശതമാനം വോട്ട്.
ലീഗിനുവേണ്ടി മുഹമ്മദ് കാമിൽ അബ്ദുല്ലയാണ് മത്സരിച്ചിരുന്നത്. ന്യൂനപക്ഷ വോട്ടുകൾക്ക് വലിയ ശക്തിയുള്ള മണ്ഡലത്തിൽ ബി ജെ പിയുടെ യോഗേന്ദ്ര ഉപാധ്യായയാണ് വിജയിച്ചത്.
ബി ജെ പിയുടെ സിറ്റിംഗ് സീറ്റ് കൂടിയാണ് ആഗ്ര സൗത്ത്. 56,640 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യോഗേന്ദ്ര ഇവിടെ നിന്ന് വിജയിച്ചത്. 52.39 ശതമാനം വോട്ടാണ് യോഗേന്ദ്ര നേടിയത്.
പിയും ബി എസ് പിയും കോൺഗ്രസ്സും ഇവിടെ മത്സരിച്ചിരുന്നു. സമാജ്‌വാദി പാർട്ടിയുടെ വിനയ് അഗർവാളാണ് രണ്ടാം സ്ഥാനത്തെത്തിയത്. 52,622 വോട്ട് വിനയ് അഗർവാൾ നേടി. ബി എസ് പിയുടെ രവി ഭരദ്വരാജ് 38,219 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തിയപ്പോൾ കോൺഗ്രസ്സിന്റെ അനുജ് ഷർമ നേടിയാതാകട്ടെ വെറും 4867 വോട്ട്. കോൺഗ്രസ്സ് വിജയിച്ചിരുന്ന മണ്ഡലം കൂടിയാണ് ആഗ്ര സൗത്ത്.
മതേതര ചേരിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ്സ് അധികാരത്തിൽ വരണമെന്ന് മുസ്‌ലിം ലീഗ് ആണയിട്ട് പറയുന്നതിനിടെ ഉത്തർപ്രദേശിൽ കോൺഗ്രസ്സ് വിരുദ്ധ ചേരിയിൽ മത്സരിക്കുന്ന ലീഗിന്റെ നിലപാട് നേരത്തേതന്നെ വിവാദമായിരുന്നു. സംസ്ഥാനത്ത് സംഘടനാ ശക്തിയില്ലാത്തതിനാൽ കോൺഗ്രസ്സ് ലീഗിനെ ഒപ്പം കൂട്ടാതിരിക്കുകയായിരുന്നു.
യു പിയിൽ ആഗ്ര സൗത്ത്, ഉന്നാവ എന്നീ രണ്ട് മണ്ഡലങ്ങളിലാണ് ലീഗ് സ്ഥാനാർഥികളെ നിർത്തിയിരുന്നത്. ഉന്നാവയിൽ ലീഗ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിപ്പോകുകയായിരുന്നു.
ആഗ്ര സൗത്തിൽ ലീഗ് സ്ഥാനാർഥികൾക്ക് വേണ്ടി കേരളത്തിൽ നിന്നുള്ള നേതാക്കളായ മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബശീർ എം പി, ദേശീയ ട്രഷറർ പി വി അബ്ദുൽവഹാബ് എം പി, അബ്ദുസ്സമദ് സമദാനി എം പി എന്നിവർ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
ബഹുജൻ മുക്തി പാർട്ടി, രാഷ്ട്രീയ ബഗീദാരി പാർട്ടി, ഇൻസാഫ് വാദി പാർട്ടി, രാഷ്ട്രീയ സത്യഗ്രഹ് പാർട്ടി, ലോക താന്ത്രിക സജഹ് പാർട്ടി, വഞ്ചിത് സമജ് ഇൻസാഫ് പാർട്ടി, സെക്യുലർ ഇൻകുലാബ് പാർട്ടി, പിച്ചട സമാജ് പാർട്ടി എന്നിവയാണ് ലീഗിനെ കൂടാതെ രാഷ്ട്രീയ പരിവർത്തൻ മോർച്ച സഖ്യത്തിലുള്ളത്.