From the print
പശ്ചിമേഷ്യൻ സംഘർഷത്തിന് അയവില്ല; ഇറാന്റെ റഡാർ സ്റ്റേഷനുകൾ തകർത്ത് യു എസ് വ്യോമസേന
കുവൈത്തിലും ബഹ്‌റൈനിലും മിസൈൽ, ഡ്രോൺ ആക്രമണം നടത്തി ഇറാൻ
തെഹ്‌റാൻ/ വാഷിംഗ്ടൺ | ഹോർ മുസ് കടലിടുക്കിലെ യു എസ് ഉപരോധത്തെ തുടർന്ന് പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പരസ്പരം ഡ്രോൺ, മിസൈൽ ആക്രമണം നടത്തി ഇറാനും യു എസും. ഹോർമുസ് കടലിടുക്കിൽ യു എസ് നാവികസേനാ കപ്പലുകൾക്ക് നേരെ ഇറാൻ മുന്നറിയിപ്പ് ഡ്രോണുകൾ വിക്ഷേപിച്ചതിന് പിന്നാലെ ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങളിൽ യു എസ് ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റെ നിയന്ത്രണത്തിലുള്ള ഗോരുക്ക്, ഖെഷം ദ്വീപ് എന്നിവിടങ്ങളിലെ തീരദേശ നിരീക്ഷണ റഡാർ സ്റ്റേഷനുകൾ തകർത്തതായി യു എസ് വ്യോമസേന അവകാശപ്പെട്ടു. ഇറാന്റെ തുറമുഖങ്ങൾ കേന്ദ്രീകരിച്ചും സമ്പദ് വ്യവസ്ഥയെ തകർത്തും യു എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ശക്തമായി നിലനിൽക്കുന്നുണ്ട്.
അതിനിടെ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ബഹ്‌റൈനിലെ ചില ഭാഗങ്ങളിലും ഇറാൻ ഏഴ് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി യു എസ് സൈന്യം ആരോപിച്ചു. ഇതിൽ ആറ് മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം തകർത്തു. എന്നാൽ, യു എസ് ആക്രമണത്തിന് മറുപടിയായി കുവൈത്തിലെയും ബഹ്‌റൈനിലെയും യു എസ് താവളങ്ങളാണ് ആക്രമിച്ചതെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് കോർപ്‌സ് അറിയിച്ചു. ഇന്നലെ പുലർച്ചെയാണ് ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ആക്രമണമുണ്ടായത്. കുവൈത്തിലെ അലി അൽ സാലിം വ്യോമതാവളവും യു എസ് അഞ്ചാം കപ്പൽ പടയുടെ ബഹ്‌റൈനിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാനത്തിന് നേരെയുമാണ് ഇറാൻ ആക്രമണം നടത്തിയത്. എന്നാൽ, ജനവാസ കേന്ദ്രം ലക്ഷ്യമാക്കിയാണ് ഇറാൻ മിസൈലുകളും ഡ്രോണുകളും തൊടുത്തതെന്നും നിരവധി ഡ്രോണുകൾ ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് തകർത്തതായും ബഹ്‌റൈൻ സൈന്യം അറിയിച്ചു.
ബഹ്‌റൈനിൽ അപായ സൈറണുകൾ മുഴങ്ങുകയും ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ അധികൃതർ നിർദേശിക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന വ്യോമ ഗതാഗതം പുനരാരംഭിച്ചതായി കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് കുവൈത്ത് വ്യോമാതിർത്തി അടച്ചിടുകയും കുവൈത്തി എയർവേയ്‌സിന്റെയും ജസീറ എയർവേയ്‌സിന്റെയും 11 വിമാനങ്ങൾ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.
കുവൈത്തിലെയും ബഹ്‌റൈനിലെയും ഇറാൻ ആക്രമണത്തെ ഈജിപ്ത്, ഖത്വർ, ജോർദാൻ, സഊദി അറേബ്യ എന്നിവ ശക്തമായി അപലപിച്ചു. ഇരുരാജ്യങ്ങളുടെയും പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ അറബ് ദേശീയ സുരക്ഷയുടെ അടിസ്ഥാന സ്തംഭമാണെന്നും രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ, ഇറാനെതിരെ യു എസും ഇസ്റാഈലും നടത്തുന്നത് ന്യായമായ യുദ്ധമല്ലെന്ന് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. യുദ്ധം നീതിയുക്തമാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.







