Connect with us

From the print

പി എം ശ്രീയിൽ പുനരാലോചന; മുന്നോട്ടുപോകാമെന്ന് റിപോർട്ട്

വിദ്യാഭ്യാസ മേഖലയിലേക്ക് പ്രതിവർഷം 1,400 മുതൽ 1,500 കോടി രൂപ വരെ കേന്ദ്ര ഫണ്ട് ലഭിക്കാനുള്ള സാധ്യതയാണ് പദ്ധതിയെ അനുകൂലിക്കുന്നതോടെ സർക്കാറിന് നേട്ടമായി മാറുന്നത്

Published

|

Last Updated

തിരുവനന്തപുരം | വിവാദമായ പി എം ശ്രീ പദ്ധതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിപോർട്ട് മന്ത്രിസഭയുടെ പരിഗണനക്ക്. പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും വിദ്യാഭ്യാസ നയം മാറ്റേണ്ടിവരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ച റിപോർട്ടിൽ പറയുന്നു. കേന്ദ്ര നിബന്ധനകളിലെ എസ് എസ് കെ ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമാണെന്നും പദ്ധതിയുമായി മുന്നോട്ടുപോയില്ലെങ്കിൽ ഫണ്ടുകൾ ലഭ്യമാകില്ലെന്നും റിപോർട്ടിൽ പരാമർശിക്കുന്നു. കൂടാതെ, പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനകൾ സംസ്ഥാന താത്പര്യങ്ങൾക്ക് തിരിച്ചടിയാകില്ലെന്നും നിലവിലെ വിദ്യാഭ്യാസ നയത്തിലും പാഠ്യപദ്ധതിയിലും അടിസ്ഥാനപരമായ മാറ്റങ്ങൾ ആവശ്യമില്ലെന്നുമാണ് റിപോർട്ടിലെ വിലയിരുത്തൽ.

വിദ്യാഭ്യാസ മേഖലയിലേക്ക് പ്രതിവർഷം 1,400 മുതൽ 1,500 കോടി രൂപ വരെ കേന്ദ്ര ഫണ്ട് ലഭിക്കാനുള്ള സാധ്യതയാണ് പദ്ധതിയെ അനുകൂലിക്കുന്നതോടെ സർക്കാറിന് നേട്ടമായി മാറുന്നത്. പദ്ധതി നടപ്പാക്കുമ്പോൾ കേരളത്തിന്റെ വിദ്യാഭ്യാസ നയം മാറ്റേണ്ട സാഹചര്യമില്ല. എൻ സി ഇ ആർ ടി പാഠപുസ്തകങ്ങൾ നിർബന്ധമല്ലാത്തതിനാൽ എസ് സി ഇ ആർ ടി സിലബസ് തുടർന്നും പിന്തുടരാനാകുമെന്നും റിപോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ ചിത്രമുള്ള പി എം ശ്രീ ബോർഡ് സ്‌കൂളുകളിൽ സ്ഥാപിക്കേണ്ടി വരുമെന്നതും റിപോർട്ടിൽ പറയുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബർ 16ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും മുൻകൈയെടുത്ത് പി എം ശ്രീയിൽ ഒപ്പുവെച്ചത് വിവാദമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലടക്കം വലിയ തിരിച്ചടിയുണ്ടായതോടെ പദ്ധതി റദ്ദാക്കാൻ അന്നത്തെ സർക്കാർ തീരുമാനിക്കുകയായിരുന്നു.
കേന്ദ്രത്തിൽ നിന്ന് ഫണ്ട് ലഭിക്കുമെങ്കിലും വിദ്യാഭ്യാസനയം മാറ്റേണ്ടിവരുമെന്ന പ്രചാരണമാണ് അന്ന് കോൺഗ്രസ്സ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ഉയർത്തിയത്.

Latest