Connect with us

From the print

മുന്നറിയിപ്പുമായി ഡബ്ല്യു എച്ച് ഒ; ഭക്ഷ്യ സുരക്ഷിതത്വമില്ലാതെ ഇന്ത്യ

ഭക്ഷ്യ സുരക്ഷാ വെല്ലുവിളികൾ പോഷകക്കുറവ്, ശുചിത്വമില്ലായ്മ, സുരക്ഷിതത്വമില്ലാത്ത കുടിവെള്ളം എന്നിവ ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നു

Published

|

Last Updated

ന്യൂഡൽഹി | ഭക്ഷണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഇന്ന് ലോക ഭക്ഷ്യ സുരക്ഷാദിനം ആചരിക്കുന്ന വേളയിലാണ് ഡബ്യു എച്ച് ഒ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലം പ്രതിവർഷം 86.6 കോടി പേർ രോഗബാധിതരാകുന്നുവെന്നും 15 ലക്ഷം പേർക്ക് ജീവൻ നഷ്ടമാകുന്നുവെന്നുമാണ് ലോകാരോഗ്യ സംഘടന പുറത്തുവിടുന്ന കണക്ക്. ഭക്ഷ്യ സുരക്ഷാ വെല്ലുവിളികൾ പോഷകക്കുറവ്, ശുചിത്വമില്ലായ്മ, സുരക്ഷിതത്വമില്ലാത്ത കുടിവെള്ളം എന്നിവ ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ലോകോരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ ഇത്തരം നിരവധി പ്രശ്നങ്ങൾ കാണപ്പെടുന്നു.
ഇവർ ആഗോള ജനസംഖ്യയുടെ കേവലം ഒന്പത് ശതമാനം മാത്രമാണെങ്കിലും ഇവരിലാണ് ഭക്ഷ്യജന്യ അസുഖങ്ങളുടെ മൂന്നിലൊന്നും കാണപ്പെടുന്നതെന്നും റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സുരക്ഷിതമല്ലാത്ത ഭക്ഷണം കുട്ടികളിൽ മുതിർന്നവരെക്കാൾ മൂന്ന് മടങ്ങ് അപകടം സൃഷ്ടിക്കുന്നുണ്ട്.

ഇന്ത്യക്കുള്ള മുന്നറിയിപ്പ്
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആരോഗ്യ മേഖലയിലെ ആശങ്കകൾ ഒറ്റപ്പെട്ടതായി കാണാനാകില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പിലെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതെന്ന് വിദഗ്‌ധർ പറയുന്നു. ആരോഗ്യ പരിരക്ഷാ രംഗത്തും ശുചിത്വത്തിലും മികച്ച നേട്ടങ്ങൾ ഉണ്ടാക്കുമ്പോഴും മായം കലർന്ന ഭക്ഷണം ലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ വയറിളക്കം, പോഷകാഹാരക്കുറവ്, വരൾച്ചാ മുരടിപ്പ്, കുട്ടികളിലെ വളർച്ചാ കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
വിവിധ സംസ്ഥാനങ്ങളിൽ ഭക്ഷ്യജന്യ അസുഖങ്ങൾ വളരെ കൂടുതലായി കണ്ടെത്തുന്നുവെന്ന് പൊതുജനാരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ, ജനസംഖ്യാ സാന്ദ്രത, ശുചിത്വമില്ലായ്മ, ഭക്ഷണം കൈകാര്യം ചെയ്യുന്നതിലെ പ്രശ്നങ്ങൾ എന്നിവയാണ് ഇതിന് കാരണം. ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, മധ്യപ്രദേ്, ഒഡിഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ മായം കലർന്നവും ഭക്ഷണവും വെള്ളവും നൽകുന്നതിൽ കുപ്രസിദ്ധി നേടിയിട്ടുണ്ടെന്ന് ആരോഗ്യനയവിദഗ്ദ്ധൻ ഡോ.സുനീല ഗാർഗ് ചൂണ്ടിക്കാട്ടുന്നു.
അസം, ബിഹാർ തുടങ്ങിയ വെള്ളപ്പൊക്ക ബാധിത സംസ്ഥാനങ്ങളിൽ നിന്ന് മഴക്കാലത്ത് വലിയ തോതിൽ ജല-ഭക്ഷ്യജന്യ രോഗങ്ങൾ റിപോർട്ട് ചെയ്യാറുണ്ട്.
നഗരമേഖലകളും ഇതിൽ നിന്ന് വിഭിന്നമല്ല. പ്രമുഖ മെട്രോപൊളിറ്റൻ നഗരങ്ങളായ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളുരു തുടങ്ങിയവയും ഭക്ഷണത്തിലെ മായവും അനാരോഗ്യകരമായ തെരുവ് ഭക്ഷണ ശീലങ്ങളും വിവിധ അസുഖങ്ങൾ വിളിച്ചു വരുത്തുന്നതിൽ മുൻപന്തിയിലാണ്. അതിവേഗത്തിലുള്ള നഗരവത്കരണവും സംസ്‌കരിച്ച ഭക്ഷണത്തിന് ആവശ്യക്കാർ കൂടിയതും പുത്തൻ ഭക്ഷ്യ സുരക്ഷാ വെല്ലുവിളികൾക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഈ രംഗത്ത് ശക്തമായ നിരീക്ഷ സംവിധാനങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു.
ഭക്ഷ്യ സുരക്ഷാ വികസന വിഷയമാക്കണം
ഭക്ഷ്യ സുരക്ഷയെ വികസന വിഷയമായി പരിഗണിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ലോകാരോഗ്യ സംഘടനയുടെ റിപോർട്ട് വിരൽ ചൂണ്ടുന്നതെന്ന് ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷന്റെ മുൻ അധ്യക്ഷൻ ഡോ. സഹജാനന്ദ് പി സിംഗ് പറഞ്ഞു. സുരക്ഷിതമല്ലാത്ത ഭക്ഷണം നേരിട്ട് രോഗങ്ങൾക്ക് വഴിവെക്കുന്നു. ഇന്ത്യയെ പോലൊരു രാജ്യത്തിന് ഭക്ഷ്യ സുരക്ഷ മെച്ചപ്പെടുത്തിയാൽ തന്നെ ക്രമാനുഗതമായി ആരോഗ്യ-സാമ്പത്തിക രംഗങ്ങളിൽ നേട്ടമുണ്ടാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൈവദുരന്തങ്ങളായ ബാക്ടീരിയ, വൈറസ്, മറ്റ് പരാദങ്ങൾ എന്നിവ ഏകദേശം 86 കോടി രോഗങ്ങളാണ് 2021ൽ സൃഷ്ടിച്ചത്.

ലോഹ മാലിന്യങ്ങൾ
പലപ്പോഴും കാണാതെ പോകുന്ന മറ്റൊരു ഭീഷണിയെക്കുറിച്ചും റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അത് രാസ മാലിന്യങ്ങളാണ്. ലെഡ്, അജൈവ ആഴ്സനിക്, മീഥൈൽ മെർക്കുറി, എന്നിവയാണ് ആഗോളതലത്തിൽ ഭക്ഷ്യജന്യ മരണങ്ങളിൽ 73 ശതമാനത്തിനും ഹേതു. ദീർഘകാലം ഇത്തരം രാസവസ്തുക്കളുമായി ഇടപഴകുന്നത് ഹൃദ്രോഗം, അർബുദം, നാഡീസംബന്ധമായ അസുഖങ്ങൾക്കും കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾക്കും കാരണമാകുന്നു.
ഈ കണ്ടെത്തലുകൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ്. വിവിധ മേഖലകളിൽ നിന്ന് വൻതോതിൽ ലോഹ മാലിന്യ ആശങ്കകൾ ഉയരുന്നുണ്ട്. പശ്ചിമബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, അസം, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ഭൂഗർഭ ജലത്തിൽ ആഴ്സനിക് കലർന്നതായുള്ള വാർത്തകൾ പുറത്തു വരാറുണ്ട്. വ്യാവസായിക മാലിന്യങ്ങൾ ലെഡ് പോലുള്ള മറ്റ് വിഷാംശങ്ങൾ ഭക്ഷ്യ ശൃംഖലയിൽ കലരുന്നതിനും കാരണമാകുന്നു.
രാസമലിനീകരണം പലപ്പോഴും വർഷങ്ങളോളം തിരിച്ചറിയാതെ പോകുന്നുവെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ അനിൽ സൂദ് പറഞ്ഞു. കാരണം ഇതിന്റെ പ്രഭാവം മെല്ലെയാണ് ഉണ്ടാകുക. പെട്ടെന്നുണ്ടാകുന്ന ഭക്ഷ്യ വിഷബാധയെ പോലെയല്ല ഇത്. ഇത്തരം ഘനലോഹങ്ങളുടെ പ്രത്യാഘാതങ്ങൾ തലമുറകളിലേക്ക് കൈമാറാം. കുട്ടികളാണ് ഇതിന് ഇരകളാകുന്നത്. വളരെ ചെറുപ്പത്തിലേ ഇവയുമായി സംസർഗത്തിൽ വരുന്നത് മൂലം സ്ഥിരമായ ശാരീരിക വളർച്ചാ പ്രശ്നങ്ങൾ ഇവർക്കുണ്ടാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക ആഘാതങ്ങൾ
സാമ്പത്തിക പ്രത്യാഘാതങ്ങളും ഇതുപോലെ തന്നെ ഗൗരവമുള്ളതാണ്. 2021ൽ ആഗോളതലത്തിൽ 31,000 കോടി ഡോളറിന്റെ ഉത്പാദന ക്ഷമതയാണ് ഭക്ഷ്യജന്യ അസുഖങ്ങൾ മൂലം നഷ്ടമാക്കിയത്. വാങ്ങൽ ശേഷിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 64,700 കോടി അമേരിക്കൻ ഡോളറിലേക്ക് എത്തുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ധാരാളം പേർ അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇവർക്ക് വേതനത്തോട് കൂടിയ അസുഖ അവധിയോ ആരോഗ്യ ഇൻഷ്വറൻസോ ഇല്ല. അത് കൊണ്ട് തന്നെ ഇത്തരം കുടുംബങ്ങളിൽ ഭക്ഷ്യജന്യരോഗങ്ങൾ സൃഷ്ടിക്കുന്ന കെടുതികൾ ചെറുതല്ല. വൈദ്യചെലവുകൾ, കൂലിയില്ലായ്മ, ഉത്പാദന ക്ഷമതാ കുറവ് തുടങ്ങിയവ ദാരിദ്ര്യം, മോശം ആരോഗ്യം എന്നിവയിലേക്ക് നയിക്കുന്നുവെന്ന് ഡോ.ഗാർഗ് പറഞ്ഞു. ഇന്ത്യ ഭക്ഷ്യ സുരക്ഷാ പദ്ധതികൾ വിപുലപ്പെടുത്തുന്ന ഘട്ടത്തിലാണ് റിപോർട്ട് പുറത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Latest