National
അസമില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും: ഹിമന്ത ബിശ്വ ശര്‍മ
അനധികൃത കുടിയേറ്റം തടയും. 24 മണിക്കൂറിനുള്ളില്‍ വിദേശികളെ അസമില്‍ നിന്നും പുറത്താക്കാന്‍ ഡിസ്ട്രിക്ട് കമ്മീഷണര്‍മാര്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള നടപടി സ്വീകരിക്കും.
ഗുവാഹത്തി | അസമില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ലൗ ജിഹാദിനും ലാന്‍ഡ് ജിഹാദിനും എതിരെ കര്‍ശനമായ നിയമം കൊണ്ടുവരുമെന്നും ഹിമന്ത പറഞ്ഞു. ഏകീകൃത സിവില്‍ കോഡിനുള്ള നീക്കം ആദിവാസികളുടെയും മറ്റ് ഗോത്രവര്‍ഗങ്ങളുടെയും അവകാശങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അനധികൃത കുടിയേറ്റം തടയും. 24 മണിക്കൂറിനുള്ളില്‍ വിദേശികളെ അസമില്‍ നിന്നും പുറത്താക്കാന്‍ ഡിസ്ട്രിക്ട് കമ്മീഷണര്‍മാര്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള നടപടി സ്വീകരിക്കും. വനമേഖലകളും മറ്റ് പ്രദേശങ്ങളും കൈയേറാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകും. രാജ്യത്തെ ഒരിഞ്ച് സ്ഥലം പോലും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ പിടിയിലാവാതെ കാക്കും.
ബംഗ്ലാദേശ് നിലനില്‍ക്കുന്നിടത്തോളം കാലം നുഴഞ്ഞുകയറ്റക്കാര്‍ വന്നുകൊണ്ടേയിരിക്കും. ഇവരെ തിരിച്ചയക്കുന്നതോടെ പ്രശ്നം പൂര്‍ണമായും തീര്‍ന്നുവെന്ന് പറയാനാവില്ല. ഇന്ത്യയും ബംഗ്ലാദേശും അയല്‍ക്കാരായി തുടരുന്നിടത്തോളം ഇത് തുടരും. അതിനാല്‍ അതിനെതിരായ പോരാട്ടവും തുടരേണ്ടി വരുമെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ ഒമ്പതിനാണ് അസമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.


