UAE
അൽ മക്തൂം വിമാനത്താവളത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് ട്രാൻസിറ്റ് സംവിധാനം ഒരുങ്ങുന്നു
ഓട്ടോമേറ്റഡ് ട്രെയിൻ ശൃംഖലക്ക് ഏകദേശം 50 കിലോമീറ്റർ നീളമുണ്ടാകും. ഒമ്പത് സ്റ്റേഷനുകളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം.
ദുബൈ|അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ട വികസനത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ “ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ’ (എ പി എം) ട്രാൻസിറ്റ് സംവിധാനം നിർമിക്കാൻ ദുബൈ ഏവിയേഷൻ സിറ്റി കോർപറേഷൻ കരാർ നൽകി. ജപ്പാനിലെ മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ്, അതിന്റെ ദുബൈ ആസ്ഥാനമായുള്ള അനുബന്ധ സ്ഥാപനം, ഇന്ത്യൻ നിർമാണക്കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോ എന്നിവയടങ്ങുന്ന മൂന്നംഗ കൺസോർഷ്യത്തിനാണ് നിർമാണ ചുമതല.
വിമാനത്താവളത്തിനുള്ളിലെ യാത്രക്കാർക്കായി നിർമിക്കുന്ന ഈ ഓട്ടോമേറ്റഡ് ട്രെയിൻ ശൃംഖലക്ക് ഏകദേശം 50 കിലോമീറ്റർ നീളമുണ്ടാകും. ഒമ്പത് സ്റ്റേഷനുകളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം. യു എസിലെ ഡാളസ് ഫോർട്ട് വർത്ത് വിമാനത്താവളത്തിലുള്ള എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള നിലവിലെ ഏറ്റവും വലിയ ശൃംഖലയെ മറികടന്നാണ് ദുബൈ ഈ പുതിയ ചരിത്രം കുറിക്കുന്നത്.
പദ്ധതിക്കായി 165 അത്യാധുനിക വാഹനങ്ങളുടെ രൂപകൽപ്പന, നിർമാണം, സിഗ്‌നലിങ് സാങ്കേതികവിദ്യ എന്നിവ മിത്സുബിഷിയും അനുബന്ധ സബ്സിസ്റ്റങ്ങളുടെ നിർമാണവും വിന്യാസവും എൽ ആൻഡ് ടിയും നിർവഹിക്കും. 2031 ഡിസംബറോടെ പദ്ധതി പൂർത്തിയാകും. 2032 ഓടെ പ്രവർത്തനമാരംഭിക്കുന്ന വിമാനത്താവളത്തിൽ പൂർണതോതിൽ പ്രവർത്തനക്ഷമമാകുമ്പോൾ പ്രതിവർഷം 26 കോടി യാത്രക്കാരെ ഉൾക്കൊള്ളാനാകും. യാത്രക്കാർക്ക് ടെർമിനലുകൾക്കിടയിൽ വേഗത്തിലും സുഗമമായും സഞ്ചരിക്കാൻ ഈ പുതിയ ട്രാൻസിറ്റ് ശൃംഖല വലിയ സഹായകമാകും.
Content Highlights:
Dubai Aviation City Corporation awarded a contract for the world’s largest Automated People Mover system at Al Maktoum Airport. A consortium of Mitsubishi and Larsen & Toubro will build the 50 km train network. Scheduled for 2031 completion, it will support 260 million annual passengers.





