National
പെല്ലറ്റ് ആക്രമണത്തില്‍ പരാതിപ്പെട്ടിട്ടും കേസെടുത്തില്ല; പരിക്കേറ്റ വിദ്യാര്‍ഥിയുമായി രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധം
പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധം ആരംഭിച്ചു
ന്യൂഡല്‍ഹി| ഡല്‍ഹി ജന്തര്‍മന്തറിലെ സിജെപി വിദ്യാര്‍ഥി സമരത്തിനിടെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി സാഹില്‍ ലോച്ചവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പോലീസ് സ്റ്റേഷനിലെത്തി. പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഗാന്ധി എത്തിയത്. ഡിസിപിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പെല്ലറ്റ് ഗണ്‍ പ്രയോഗിച്ച പോലീസിനെതിരെ പരാതി കൊടുക്കാനായിരുന്നു വന്നത്. എന്നാല്‍ കേസെടുക്കാന്‍ പോലീസ് തയ്യാറാകാതിരുന്നതോടെ സ്റ്റേഷന് മുന്നില്‍ രാഹുല്‍ ഗാന്ധി പ്രതിഷേധം ആരംഭിച്ചു.
പെല്ലറ്റ് ഗണ്‍ പ്രയോഗത്തെ തുടര്‍ന്ന് പരിക്കേറ്റ സാഹില്‍ ലോച്ചവ് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. നേരത്തെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് രാഹുല്‍ സാഹിലിനൊപ്പം പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തിയത്.
പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി രാഹുല്‍ ഡിസിപിയുമായി ചര്‍ച്ച നടത്തി. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ തുടരുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ തന്നെ അറിയിച്ചിരുന്നു. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ പോലീസ് അമിത ബലപ്രയോഗവും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ചതില്‍ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ ആക്രമണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്.
Content Highlights: Rahul Gandhi reached Parliament Street Police Station alongside injured student Sahil Lochav to demand an FIR against police pellet gun action. After Delhi Police refused to register the case, Rahul Gandhi initiated a sit-in protest outside the station premises. Priyanka Gandhi and other Congress leaders joined the protest demanding strict action against responsible officers.





