Connect with us

From the print

ഉമീദ് പോര്‍ട്ടല്‍: വഖ്ഫ് ബോർഡ് നേരിട്ട് രജിസ്റ്റർ ചെയ്തത് 386 സ്വത്തുക്കൾ

മുനന്പം വിഷയത്തില്‍ ബോർഡിന് പ്രത്യേക താത്പര്യമെന്നത് തള്ളി കണക്കുകൾ

Published

|

Last Updated

കോഴിക്കോട് | മുനമ്പത്തെ 404 ഏക്കർ ഭൂമിയടക്കം സംസ്ഥാന വഖ്ഫ് ബോർഡ് സ്വന്തം ഉത്തരവാദിത്വത്തിൽ കേന്ദ്ര വഖ്ഫ് ബോർഡിന്റെ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 386 സ്വത്തുക്കൾ.

തൃശൂർ ജില്ലയിലാണ് കൂടുതൽ-93. തിരുവനന്തപുരം-64, എറണാകുളം-46, കോട്ടയം-61, പാലക്കാട്-75, മലപ്പുറം-42, കോഴിക്കോട്-നാല്, കണ്ണൂർ-ഒന്ന് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ. സംസ്ഥാന വഖ്ഫ് ബോർഡ് മുനമ്പം ഭൂമി മാത്രം പ്രത്യേക താത്പര്യമെടുത്ത് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തുവെന്ന വാദത്തെ തള്ളുന്നതാണ് ഈ കണക്കുകൾ. ഈ മാസം 17നായിരുന്നു വഖ്ഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന സമയപരിധി. 90 ശതമാനം വഖ്ഫ് സ്വത്തുക്കളും അതത് മുതവല്ലിമാർ (കൈകാര്യക്കാർ) രജിസ്റ്റർ ചെയ്‌തെങ്കിലും മുനമ്പം അടക്കം തർക്കത്തിൽ നിൽക്കുന്ന ചില സ്വത്തുക്കൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയില്ല. ഈ സാഹചര്യത്തിൽ ഈ മാസം ആറിന് ചേർന്ന സംസ്ഥാന വഖ്ഫ് ബോർഡ് യോഗമാണ് സ്വന്തം ഉത്തരവാദിത്വത്തിൽ ഉമീദ് രജിസ്‌ട്രേഷൻ പൂർത്തിയാക്കാനുള്ള തീരുമാനമെടുത്തതെന്ന് വഖ്ഫ് ബോർഡ് അംഗം അഡ്വ. പി യു അലി വ്യക്തമാക്കി.

അതേസമയം, പുതിയ കേന്ദ്ര വഖ്ഫ് നിയമപ്രകാരം ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത സ്വത്തുക്കൾ വഖ്ഫ് ട്രൈബ്യൂണലുകൾക്ക് കൈമാറുകയും അനന്തരനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. കടുത്ത നടപടിക്രമത്തിൽ ഉൾപ്പെടാതിരിക്കാൻ സംസ്ഥാനത്തെ വിവിധ റീജിയനൽ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് വഖ്ഫ് ബോർഡ് ഉമീദ് രജിസ്‌ട്രേഷൻ വ്യാപകമാക്കിയത്.

2025 ജൂൺ ആറിന് ലോഞ്ച് ചെയ്ത ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഡിസംബറിൽ അവസാനിച്ചിരുന്നുവെങ്കിലും രാജ്യത്തെ വിവിധ വഖ്ഫ് ബോർഡുകളുടെ അഭ്യർഥന പ്രകാരമായിരുന്നു സമയപരിധി വീണ്ടും നീട്ടിയത്. ഭൂമിയെ സംബന്ധിച്ച വിവരങ്ങൾക്ക് പുറമെ തർക്കഭൂമികൾ സംബന്ധിച്ച ചോദ്യാവലികളും പോർട്ടലിലുണ്ട്.
സംസ്ഥാനത്ത് ഏറെ വിവാദമായ മുനമ്പം വഖ്ഫ് ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വഖ്ഫ് സംരക്ഷണവേദിയും മുനമ്പം ഭൂമി ഫാറൂഖ് കോളജിന് നൽകിയ സിദ്ദീഖ് സേട്ടിന്റെ മകൻ നസീർ സേട്ട് എന്നിവരും പലതവണ ബോർഡിന് കത്ത് നൽകിയിരുന്നു.
എന്നാൽ, സ്വത്ത് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തുവെന്ന കാര്യം പുറത്തുവന്നതോടെയാണ് മുനമ്പം വീണ്ടും വാർത്തകളിൽ നിറഞ്ഞത്. മുനമ്പം വഖ്ഫ് ഭൂമിയല്ലെന്ന പക്ഷത്താണ് മുഖ്യമന്ത്രി വി ഡി സതീശൻ. നേരത്തേ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതാണ്. എന്നാൽ, മുനമ്പം വഖ്ഫ് ഭൂമിയാണെന്നതിൽ വഖ്ഫ് ബോർഡ് ഉറച്ചുനിൽക്കുകയുമാണ്. എൽ ഡി എഫ് സർക്കാറിന്റെ കാലത്ത് രൂപവത്കരിച്ച വഖ്ഫ് ബോർഡ് മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് യു ഡി എഫ് സർക്കാറിന് എട്ടിന്റെ പണി തന്നുവെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചത്.

എന്നാൽ, ഉമീദിൽ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാനത്തെ 386 സ്വത്തുവക്കൾ വഖ്ഫ് ബോർഡ് സ്വന്തം ഉത്തരവാദിത്വത്തിൽ രജിസ്റ്റർ ചെയ്തുവെന്ന കാര്യം പുറത്തുവരുമ്പോൾ നിലവിൽ വഖ്ഫ് ബോർഡിന്റെ നടപടി സുതാര്യമാകുകയാണ്.

Latest