International
ലബനാനില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; 31 പേര്‍ കൊല്ലപ്പെട്ടു; 40 പേര്‍ക്ക് പരുക്ക്
വടക്ക്, കിഴക്ക് ലബനാനിലെ നഗര-ഗ്രാമ പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് നിര്‍ബന്ധിതമായി ഒഴിഞ്ഞുപോകാന്‍ നോട്ടീസ്. ആക്രമണം പുനരാരംഭിക്കാനാണ് ശ്രമമെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍.
ബെയ്‌റൂത്ത് | ലബനാനില്‍ വീണ്ടും കൂട്ടക്കുരുതി നടത്തി ഇസ്‌റാഈല്‍. വടക്കന്‍ ലബനാനില്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വടക്ക്, കിഴക്ക് ലബനാനിലെ നഗര-ഗ്രാമ പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് നിര്‍ബന്ധിതമായി ഒഴിഞ്ഞുപോകാനുള്ള നോട്ടീസും ഇസ്‌റാഈല്‍ അധികൃതര്‍ പുറപ്പെടുവിച്ചു.
ഇസ്‌റാഈല്‍ ആക്രമണം വിപുലപ്പെടുത്തിയതിനു പിന്നാലെ പരിഭ്രാന്തരായ വടക്കന്‍ ലബനാനിലെ ജനങ്ങള്‍ പലായനം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.
വെടിനിര്‍ത്തല്‍ കരാര്‍ നഗ്നമായി ലംഘിക്കുകയാണ് ഇസ്‌റാഈലും യു എസുമെന്ന് ആക്രമണത്തെ അപലപിച്ചുകൊണ്ട് ഇറാന്‍ അധികൃതര്‍ പറഞ്ഞു. വടക്കന്‍ ഇറാനില്‍ ആക്രമണം നടത്തിയതോടെ അമേരിക്കയിലുള്ള വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഇറാന്‍ പ്രതികരിച്ചു. പശ്ചിമേഷ്യയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി നടന്നുവരുന്ന നയതന്ത്ര ശ്രമങ്ങളെ തകര്‍ക്കുന്നതാണ് ഈ ആക്രമണമെന്നും ഇറാന്‍ വ്യക്തമാക്കി.
യു എസ്-ഇസ്‌റാഈല്‍ ആക്രമണം പുനരാരംഭിക്കാനാണ് ശ്രമമെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും അത് മേഖലാ അതിര്‍ത്തികള്‍ മറികടന്ന് പോകുമെന്നും ഇറാന്‍ സായുധ സേനയുടെ ഒരു മുതിര്‍ന്ന വക്താവ് മുന്നറിയിപ്പ് നല്‍കിയതായി ‘അല്‍ ജസീറ’ റിപോര്‍ട്ട് ചെയ്തു.
അതിനിടെ, രാജ്യത്ത് ആഴ്ചകളോളമായി വിച്ഛേദിക്കപ്പെട്ടിരുന്ന ഇന്റര്‍നെറ്റ് സൗകര്യം പൂര്‍ണമായി പുനസ്ഥാപിച്ചതായി ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അറെഫ് അറിയിച്ചു.







