From the print
എവറസ്റ്റ് കീഴടക്കി ചരിത്രം കുറിച്ച് തമിഴ്നാട് സ്വദേശിനി നിഷ ശശികുമാർ
നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത
മുംബൈ | ലോകത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് തെക്കൻ പാതയിലൂടെ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന ചരിത്രനേട്ടം സ്വന്തമാക്കി 16കാരി നിഷ ശശികുമാർ. തമിഴ്നാട് സ്വദേശിനി നിഷ കൊടുമുടി വിജയകരമായി കീഴടക്കിയ ശേഷം സുരക്ഷിതമായി താഴേക്ക് ഇറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ ഹൈ-ആൾട്ടിറ്റ്യൂഡ് മൗണ്ടനീയറിംഗ് ഓപറേറ്ററായ എലൈറ്റ് എക്‌സ്‌പെഡ് അറിയിച്ചു.
അസാധാരണനിശ്ചയദാർഢ്യവും പ്രതിരോധശേഷിയും ധൈര്യവും പ്രകടിപ്പിച്ചാണ് നിഷ ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ പെരുമ ഉയർത്തിയത്. ഗൈഡുമാരായ ടെൻജി ഷെർപ, ഫുറ ഡോർജി ഷെർപ, ഫുർസാംഗ് ഷെർപ എന്നിവരുടെ മികച്ച പിന്തുണയും പ്രൊഫഷനലിസവുമാണ് ദൗത്യം വിജയകരമാക്കാൻ സഹായിച്ചതെന്ന് നിഷ പറഞ്ഞു.
ഒരു സീസണിൽ തന്നെ ലോകത്തെ ഏറ്റവും ഉയർന്ന രണ്ട് ഭൂഖണ്ഡാന്തര കൊടുമുടികൾ കീഴടക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിഷ ശശികുമാറിന്റെ എവറസ്റ്റ് പര്യവേക്ഷണം. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഡെനാലി കൊടുമുടി കൂടി കീഴടക്കാനുള്ള കഠിനമായ തയാറെടുപ്പിലാണ് മലയാളി വേരുകളുള്ള കൗമാരക്കാരി. ഈ വർഷത്തെ എവറസ്റ്റ് പര്യവേക്ഷണ സീസണിൽ ഇന്ത്യൻ വനിതകൾ വലിയ മുന്നേറ്റമാണ് നടത്തുന്നത്. കഴിഞ്ഞയാഴ്ച അതിർത്തി രക്ഷാസേനയുടെയും ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെയും വനിതകൾ മാത്രമടങ്ങിയ പര്യവേക്ഷണ സംഘങ്ങൾ എവറസ്റ്റ് വിജയകരമായി കീഴടക്കിയിരുന്നു. എവറസ്റ്റ് ബേസ് ക്യാമ്പിൽ ഭരതനാട്യം അവതരിപ്പിച്ചു ശ്രദ്ധ നേടിയ മുംബൈ സ്വദേശിനി 21കാരി സാനിക ഷായും എവറസ്റ്റിന്റെ നെറുകയിലെത്തിയിരുന്നു.







