UAE
ഇന്ത്യ - യു എ ഇ യാത്ര ലഗേജിൽ കരുതാൻ പാടില്ലാത്ത വസ്തുക്കൾ; നിർദേശങ്ങളുമായി അധികൃതർ
ഭക്ഷണ സാധനങ്ങൾക്കും മരുന്നുകൾക്കും നിയന്ത്രണം.
ദുബൈ|വേനലവധിക്ക് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് മടങ്ങുന്ന പ്രവാസികളും സന്ദർശകരും ലഗേജുകൾ പാക്ക് ചെയ്യുമ്പോൾ വിമാനക്കമ്പനികളുടെയും കസ്റ്റംസിന്റെയും നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചും ചില ഭക്ഷണസാധനങ്ങൾ, മരുന്നുകൾ, ഇലക്ട്രോ
ണിക് വസ്തുക്കൾ എന്നിവക്ക് പൂർണ നിരോധനമോ ഭാഗിക നിയന്ത്രണമോ ഏർപ്പെടുത്തിയിട്ടുണ്ട്.
ഉണങ്ങിയ നാളികേരം, ഉണക്കിപ്പൊടിച്ച തേങ്ങ എന്നിവ വിമാനങ്ങളിൽ പൂർണമായും നിരോധിച്ചിട്ടുണ്ട്. എന്നാൽ പച്ചത്തേങ്ങ ചെക്കിൻ ലഗേജിൽ കൊണ്ടുപോകാം. മുളകുപൊടി ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനപ്പൊടികൾ ഹാൻഡ് ലഗേജിൽ അനുവദിക്കില്ലെങ്കിലും ചെക്കിൻ ലഗേജിൽ കൊണ്ടുപോകാം. നെയ്യ്, പാചക എണ്ണ, അച്ചാറുകൾ എന്നിവ പരമാവധി അഞ്ച് കിലോഗ്രാം/ലിറ്റർ വരെ കൊണ്ടുപോകാൻ അനുമതിയുണ്ട്. എന്നാൽ മുളക് അച്ചാർ ചെക്കിൻ ലഗേജിൽ മാത്രമേ അനുവദിക്കൂ. താംബൂലം (പാൻ), വേവിച്ച ഭക്ഷണങ്ങൾ എന്നിവ യു എ ഇയിലേക്ക് കൊണ്ടുവരാൻ അനുവാദമില്ല.
കശകശ (പോപ്പി സീഡ്സ്), ദുർഗന്ധം വമിക്കുന്ന ചിലതരം പഴങ്ങൾ, കളിപ്പാട്ടത്തോക്കുകൾ, ആയുധങ്ങളുടെ മാതൃകകൾ, വടിയും അളവുനാടയും, സ്‌ഫോടകവസ്തുക്കൾ തുടങ്ങിയവ ലഗേജുകളിൽ പൂർണമായും നിരോധിച്ചിട്ടുണ്ട്. യു എ ഇ നിരോധിച്ചതോ നിയന്ത്രിത പട്ടികയിൽ ഉൾപ്പെടുത്തിയതോ ആയ മരുന്നുകൾ കൈവശമുള്ളവർ യാത്രക്ക് മുന്നോടിയായി എമിറേറ്റ്‌സ് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി മുൻകൂട്ടി അനുമതി പത്രവും ഡോക്ടറുടെ കുറിപ്പടിയും വാങ്ങേണ്ടതുണ്ട്. ലഹരിവസ്തുക്കളും മയക്കുമരുന്നുകളും രാജ്യത്തേക്ക് കൊണ്ടുവരുന്നത് കടുത്ത കുറ്റകൃത്യമാണ്.
വിമാനക്കമ്പനികളുടെയും ഇരുരാജ്യങ്ങളിലെയും കസ്റ്റംസ് നിയമങ്ങൾ മാറിയേക്കാം എന്നതിനാൽ യാത്രക്ക് തൊട്ടുമുമ്പ് നിയന്ത്രണങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
Content Highlights:
Authorities urge NRIs returning to UAE after summer vacation to strictly adhere to airline and customs baggage rules. Dry coconut, pan, poppy seeds, and specific medicines are banned, while items like spices and ghee have strict limits. Travelers must secure approvals for restricted medicines.




