Business
ആരോഗ്യ മേഖലയിലെ സങ്കീര്‍ണ വെല്ലുവിളികള്‍ക്ക് പരിഹാരം; ശ്രദ്ധേയമായി യു എ ഇയിലെ വിദ്യാര്‍ഥികളുടെ എ ഐ പ്ലാറ്റ്‌ഫോമുകള്‍
'എ ഐ ബില്‍ഡേഴ്‌സ് സമ്മിറ്റ് 2026'ല്‍ പത്ത് നൂതനാശയങ്ങള്‍ക്ക് അംഗീകാരം. ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ 'എ ഐ ബില്‍ഡേഴ്സ് കലക്ടീവ്' രൂപവത്കരിക്കുമെന്ന് ഡോ. ഷംഷീര്‍ വയലില്‍.
അബൂദബി | ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന സങ്കീര്‍ണവും ഗൗരവമേറിയതുമായ പല വെല്ലുവിളികള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ നൂതന പരിഹാരങ്ങള്‍ നിര്‍ദേശിച്ച് യു എ ഇയിലെ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍. രോഗനിര്‍ണയത്തിലെ കാലതാമസം മുതല്‍ കൃത്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്നതില്‍ വരെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കാണ് യുവതലമുറ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉത്തരം തേടിയത്. ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ എ ഐ ആന്‍ഡ് ടെക്‌നോളജി വിഭാഗമായ ഐമെഡ് സൊല്യൂഷന്‍സും മെഡിക്കല്‍ എജ്യുക്കേഷന്‍ വിഭാഗമായ ബുര്‍ജീല്‍ ട്രെയിനിങ് അക്കാദമിയും സംയുക്തമായി അബൂദബിയില്‍ സംഘടിപ്പിച്ച ‘എ ഐ ബില്‍ഡേഴ്‌സ് സമ്മിറ്റ് 2026’ ആരോഗ്യരംഗത്തെ എ ഐ ഉപയോഗത്തില്‍ നൂതന നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചത്. രോഗികളുടെ ലക്ഷണങ്ങളുടെ ഗൗരവം വേഗത്തില്‍ മനസ്സിലാക്കി മികച്ച ചികിത്സാ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്ന എ ഐ പ്ലാറ്റ്ഫോം ഉച്ചകോടിയില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി.
അബൂദബിയില്‍ നടന്ന ചടങ്ങില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാനും സി ഇ ഒയുമായ ഡോ. ഷംഷീര്‍ വയലില്‍, അബൂദബി ആരോഗ്യ വകുപ്പ് ഐ ടി ഓപറേഷന്‍സ് സെക്ഷന്‍ തലവനായ എന്‍ജിനീയര്‍ അബ്ദുല്ല അല്‍ ഫഖീഹ്, അബൂദബി 42 പാര്‍ട്ണര്‍ഷിപ്പ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മേധാവി ഡോ. ഹാസിം ജറ എന്നിവരുടെ സാന്നിധ്യത്തില്‍ വിജയികളെ പ്രഖ്യാപിച്ചു.
ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് പ്രധാന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. 42 അബൂദബിയിലെ ഹംദാന്‍ ബഷീര്‍ വികസിപ്പിച്ചെടുത്ത ‘പ്രിസം’ എന്ന കോണ്‍വേര്‍സേഷണല്‍ എ ഐ പ്ലാറ്റ്ഫോം ഗോള്‍ഡ് പ്രൈസ് സ്വന്തമാക്കി. രോഗികള്‍ക്ക് ലക്ഷണങ്ങളുടെ ഗൗരവം തിരിച്ചറിയാനും എന്ത് ചികിത്സ തേടണമെന്ന് മനസ്സിലാക്കാനും ഇത് സഹായിക്കുന്നു. ഒപ്പം, ഡോക്ടര്‍മാര്‍ക്ക് കൃത്യമായ തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കാനുള്ള വിവരങ്ങളും പ്ലാറ്റ്ഫോം നല്‍കും.
രോഗികളുടെ രേഖകള്‍ കൃത്യമായി ശേഖരിക്കാനും ക്രമീകരിക്കാനും ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്ന ‘കേസ്റെഡി എ ഐ’ വികസിപ്പിച്ച അല്‍ ഐന്‍ യൂണിവേഴ്‌സിറ്റിയുടെ ബിലാല്‍ ഫെറോസ് ഖാന്‍ സില്‍വര്‍ പ്രൈസും, രോഗികള്‍, ഡോക്ടര്‍മാര്‍, പരിചരണം നല്‍കുന്നവര്‍ എന്നിവരെ ഒരു സംവിധാനത്തിന് കീഴില്‍ ബന്ധിപ്പിക്കുന്ന ‘സനാദി എ ഐ’ പ്ലാറ്റ്ഫോം അവതരിപ്പിച്ച അബൂദബി യൂണിവേഴ്‌സിറ്റിയുടെ ഖദീജ അല്‍ ഖസ്റജി ബ്രോണ്‍സ് പ്രൈസും കരസ്ഥമാക്കി.
ബെസ്റ്റ് എ ഐ ബില്‍ഡര്‍, ബെസ്റ്റ് എ ഐ ഫോര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്, റൈസിംഗ് സ്റ്റാര്‍, ബെസ്റ്റ് ഹെല്‍ത്ത്‌കെയര്‍ ഇന്നോവേഷന്‍, മോസ്റ്റ് സ്‌കെയ്ലബിള്‍ കണ്‍സെപ്റ്റ്, ബെസ്റ്റ് എ ഐ പ്രോഡക്റ്റ് തിങ്കര്‍, ബെസ്റ്റ് യു ഐ/യു എക്‌സ് തുടങ്ങി ഏഴ് വിഭാഗങ്ങളിലും വിദ്യാര്‍ഥികള്‍ പുരസ്‌കാരങ്ങള്‍ നേടി.
യുവതലമുറ ആരോഗ്യരംഗത്തെ യഥാര്‍ഥ പ്രശ്‌നങ്ങളെ മനസ്സിലാക്കി സാങ്കേതികവിദ്യയിലൂടെ അവക്ക് പരിഹാരം കാണുന്നത് അഭിനന്ദനാര്‍ഹമാണെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. യു എ ഇയിലെ സര്‍വകലാശാലകളില്‍ നിന്ന് വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് എപ്പോഴും മുന്‍പന്തിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യമേഖലയില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ലഭ്യമാക്കുന്നതിലൂടെ ആരോഗ്യസംരക്ഷണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. യു എ ഇയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നായി നൂറിലധികം പേര്‍ പങ്കെടുത്ത മത്സരത്തില്‍, അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 19 ഫൈനലിസ്റ്റുകളാണ് പ്രോജക്ടുകള്‍ അവതരിപ്പിച്ചത്. സമ്മിറ്റില്‍ വിജയികളായ യുവ ഡെവലപ്പര്‍മാരെ കോര്‍ത്തിണക്കി ‘എ ഐ ബില്‍ഡേഴ്സ് കലക്ടീവ്’ തുടങ്ങുന്നതിനുള്ള പദ്ധതിയും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് പ്രഖ്യാപിച്ചു.
Content Highlights:
Students in the UAE have developed advanced AI platforms aimed at solving complex health sector challenges. These innovations promise to streamline medical diagnostics and enhance overall patient care. The achievements highlight the growing role of artificial intelligence in Gulf healthcare systems.





