Connect with us

UAE

ആമസോണ്‍ വനമേഖലയില്‍ യു എ ഇയുടെ നേതൃത്വത്തില്‍ ഭീമന്‍ സുരക്ഷാ ദൗത്യം

839 പേര്‍ പിടിയില്‍; 28 കോടി ഡോളറിന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തു.

Published

|

Last Updated

അബൂദബി | അന്താരാഷ്ട്ര തലത്തില്‍ പരിസ്ഥിതി കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി യു എ ഇയുടെ നേതൃത്വത്തില്‍ നടത്തിയ ‘ഓപറേഷന്‍ ഗ്രീന്‍ ഷീല്‍ഡ് 2026’ വിജയകരമായി പൂര്‍ത്തിയായി. 17 ദിവസം നീണ്ടുനിന്ന അന്താരാഷ്ട്ര സുരക്ഷാ ദൗത്യത്തിലൂടെ 839 കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും 28 കോടി ഡോളറിലധികം മൂല്യമുള്ള അനധികൃത വസ്തുക്കളും ഉപകരണങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുകയും ചെയ്തതായി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു.

ആമസോണ്‍ മഴക്കാടുകള്‍ ഉള്‍പ്പെടുന്ന ലാറ്റിനമേരിക്കന്‍ മേഖലയിലെ പരിസ്ഥിതി കുറ്റകൃത്യങ്ങള്‍ തടയാന്‍ ജൂലൈയിലാണ് ഈ ഭീമന്‍ സുരക്ഷാ ദൗത്യം ആരംഭിച്ചത്. യു എ ഇയുടെ നേതൃത്വത്തില്‍ കൊളംബിയ, ഇക്വഡോര്‍, പെറു, ബൊളീവിയ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി അണിനിരന്ന പരിശോധനയില്‍ 1,045 ഫീല്‍ഡ് ഓപറേഷനുകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

ആഗോളതലത്തില്‍ അതിര്‍ത്തി കടന്നുള്ള പരിസ്ഥിതി കുറ്റകൃത്യങ്ങള്‍ തടയാന്‍ യു എ ഇ നല്‍കുന്ന പ്രാധാന്യവും പങ്കാളിത്തവും വ്യക്തമാക്കുന്നതാണ് ഈ നേട്ടമെന്ന് ശൈഖ് സൈഫ് ബിന്‍ സായിദ് വ്യക്തമാക്കി. യു എന്‍ എന്‍ ഒ ഡി സി യുമായി സഹകരിച്ച് 2023 ല്‍ യു എ ഇ തുടക്കമിട്ട ‘ഇന്റര്‍നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഫോര്‍ ക്ലൈമറ്റ്’ എന്ന ആഗോള പദ്ധതിയുടെ ഭാഗമായാണ് ഈ പരിശോധനകള്‍.

Content Highlights:
The UAE has launched a major security mission in the Amazon rainforest region. The initiative focuses on environmental protection and curbing illegal activities in the area. This marks a significant international joint operation led by the UAE in South America.

 

Latest