Uae
യു എ ഇ പതാക ദിനം ഇന്ന്; ഔദ്യോഗിക മാർഗനിർദേശങ്ങൾ പുറത്തിറക്കി
ഫെഡറൽ നിയമപ്രകാരം യു എ ഇ പതാകയെ അപമാനിക്കുകയോ മനഃപൂർവം നശിപ്പിക്കുകയോ ചെയ്യുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
അബൂദബി| ഇന്ന്, നവംബർ മൂന്നിന് രാജ്യത്ത് പതാക ദിനം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ദേശീയ പതാക കൃത്യമായ രീതിയിൽ പ്രദർശിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഔദ്യോഗിക മാർഗനിർദേശങ്ങൾ അധികൃതർ പുറത്തിറക്കി. രാജ്യവ്യാപകമായി പതാക ദിനാഘോഷങ്ങൾ നടക്കാനിരിക്കെ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവ പതാക ഉയർത്തുമ്പോൾ പാലിക്കേണ്ട കർശന ചട്ടങ്ങളാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. പതാകയുടെ ബഹുമാനവും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനാണ് ഈ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
പതാക പ്രദർശിപ്പിക്കേണ്ട രീതികൾ
കെട്ടിടങ്ങൾക്ക് പുറത്ത് സ്ഥാപിക്കുമ്പോൾ കെട്ടിടത്തിന്റെ ഉയരത്തിന് അനുസൃതമായിരിക്കണം പതാകയും കൊടിമരവും. സർക്കാർ കെട്ടിടങ്ങളിൽ കൊടിമരത്തിന്റെ മൂന്നിലൊന്ന് ഉയരത്തിൽ പതാക ഉണ്ടാകണം. കൊടിമരം സ്ഥാപിക്കാൻ സ്ഥലമില്ലാത്ത ഘട്ടങ്ങളിൽ കെട്ടിടങ്ങളുടെ മുകളിൽ ഇവ സ്ഥാപിക്കാം. എന്നാൽ പത്തിഷ് അധികമുള്ള കെട്ടിടങ്ങളിൽ ഇതിന് അനുവാദമില്ല.
പ്രധാന പ്രവേശന കവാടങ്ങളിലോ റിസപ്ഷൻ ഏരിയകളിലോ പതാക പ്രദർശിപ്പിക്കാവുന്നതാണ്. പതാക തിരശ്ചീനമായി ഉയർത്തുമ്പോൾ ചുവപ്പ് ഭാഗം അഭിമുഖീകരിക്കുന്ന വ്യക്തിയുടെ ഇടതുവശത്തായിരിക്കണം. ലംബമായി പ്രദർശിപ്പിക്കുമ്പോൾ ചുവപ്പ് ഭാഗം മുകളിലേക്ക് നോക്കി നിൽക്കണം. മറ്റ് രാജ്യങ്ങളുടെ പതാകകൾക്കൊപ്പമാണ് ഉയർത്തുന്നതെങ്കിൽ യു എ ഇ പതാക ആദ്യം ഉയർത്തണം. പതാക ഒരിക്കലും നിലത്ത് മുട്ടാൻ പാടില്ല.
ഒഴിവാക്കേണ്ട കാര്യങ്ങൾ
പതാകയുടെ ഔദ്യോഗിക നിറം മാറ്റുകയോ അതിൽ പ്രത്യേക ചിഹ്നങ്ങളോ രൂപങ്ങളോ ചേർക്കുകയോ ചെയ്യരുത്. വാണിജ്യ പരസ്യങ്ങൾക്കോ വ്യാപാരമുദ്രകളുടെ ഭാഗമായോ ദേശീയ പതാക ഉപയോഗിക്കാൻ പാടില്ല. ടിഷ്യൂ പേപ്പറുകൾ, നാപ്കിനുകൾ, ബോക്സുകൾ തുടങ്ങിയ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന വസ്തുക്കളിൽ പതാക അച്ചടിക്കാൻ പാടില്ല. വസ്ത്രങ്ങളായോ അലങ്കാര വസ്തുക്കളായോ പതാക ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.
പതാകകൾ പതിവായി വൃത്തിയാക്കുകയും ഇസ്തിരിയിടുകയും വേണം. കേടുപാടുകൾ സംഭവിച്ചതോ, നിറം മങ്ങിയതോ, കീറിയതോ ആയ പതാകകൾ ഒഴിവാക്കി പുതിയവ ഉയർത്തണം. ഫെഡറൽ നിയമപ്രകാരം യു എ ഇ പതാകയെ അപമാനിക്കുകയോ മനഃപൂർവം നശിപ്പിക്കുകയോ ചെയ്യുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Content Highlights: The UAE observes Flag Day with authorities releasing official guidelines for displaying and maintaining the national flag. Strict rules outline proper hoisting methods, building placements, and prohibitions against commercial or disrespectful usage. Violating federal laws regarding the flag can lead to severe legal penalties.

