Kerala
പൂന്തുറയില്‍ ബൈക്ക് തെന്നിമറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു
ഇന്ന് പുലര്‍ച്ചെ 1.30 ഓടുകൂടിയാണ് അപകടം

തിരുവനന്തപുരം | പൂന്തുറയ്ക്ക് സമീപം ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം കുരിശടിയ്ക്ക് സമീപം താമസിക്കുന്ന ശബരിയാറിന്റെ മകന്‍ ഷാരോണ്‍ (19), വിഴിഞ്ഞം കോട്ടപ്പുറം കുരിശടിയ്ക്ക് സമീപം താമസിക്കുന്ന പീറ്ററിന്റെ മകന്‍ ടിനോ (20) എന്നിവരാണ് മരിച്ചത്.
ബൈക്കിനു പിന്നിലുണ്ടായിരുന്ന വിഴിഞ്ഞം കോട്ടപ്പുറം ഒസവില്ലാ കോളനിയില്‍ ആരോഗ്യത്തിന്റെ മകന്‍ അന്‍സാരി (19) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 ഓടുകൂടിയാണ് അപകടം .വിഴിഞ്ഞം ഭാഗത്തുനിന്നും പൂന്തുറ പള്ളിയിലെ ഉത്സവത്തോടനുബന്ധിച്ചുനടന്ന ഗാനമേളയ്ക്കു വന്നതായിരുന്നു മൂന്നു യുവാക്കളും.പുതുക്കാട് മണ്ഡപത്തിനു സമീപത്തെത്തിയപ്പോള്‍ ബൈക്ക് റോഡരികില്‍ കൂട്ടിയിട്ടിരുന്ന മണ്ണില്‍ ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടം നടന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വിവരം പൂന്തുറ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൂന്നുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
മരണപ്പെട്ട ഷാരോണിന്റെയും ടിനോയുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പൂന്തുറ പോലീസ് കേസെടുത്തു.