International
ട്രംപിന്റെ പുതിയ സോഷ്യല്‍ മീഡിയ ആപ്പ് അടുത്ത മാസമെത്തും
ട്രംപിന്റെ മാധ്യമ വിഭാഗമായ ട്രംപ് മീഡിയ ആന്‍ഡ് ടെക്നോളജി ഗ്രൂപ്പ് (ടിഎംടിജി) ആണ് പുതിയ ആപ്പ് വികസിപ്പിച്ചത്.

വാഷിംഗ്ടണ്‍| മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ സോഷ്യല്‍ മീഡിയ ആപ്പ് അടുത്ത മാസം പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ‘ട്രൂത്ത് സോഷ്യല്‍’ എന്നാണ് ആപ്പിന് പേരിട്ടിരിക്കുന്നത്. ആപ്പ് ഫെബ്രുവരി 21ന് ഐഒഎസ് പ്ലാറ്റ്ഫോമുകളിലെത്തുമെന്നാണ് വിവരം. ട്രംപിന്റെ മാധ്യമ വിഭാഗമായ ട്രംപ് മീഡിയ ആന്‍ഡ് ടെക്നോളജി ഗ്രൂപ്പ്(ടിഎംടിജി) ആണ് പുതിയ ആപ്പ് വികസിപ്പിച്ചത്. മുന്‍ യുഎസ് കോണ്‍ഗ്രസ് അംഗമായ ഡെവിന്‍ ന്യൂണ്‍സ് ആണ് ടിഎംടിജിക്ക് നേതൃത്വം നല്‍കുന്നത്. രൂപകല്‍പനയില്‍ ട്വിറ്ററിന്റെ തനിപ്പകര്‍പ്പാണ് ട്രൂത്ത് സോഷ്യലെന്നാണ് ആപ്പ് സ്റ്റോറിലെ സ്‌ക്രീന്‍ഷോട്ടുകളില്‍നിന്ന് വ്യക്തമാകുന്നത്. ട്വിറ്ററിനെ അതേ രൂപഭാവങ്ങളുള്ള ആപ്പില്‍ റീട്വീറ്റ്, റിപ്ലെ, ഷെയറിങ്, സേവിങ് ഓപ്ഷനുകളുമുണ്ട്. സത്യം പിന്തുടരുക എന്നാണ് ആപ്പിന് ടാഗ്ലൈനായി ചേര്‍ത്തിരിക്കുന്നത്.
ട്രംപിന് ട്വിറ്ററില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിലക്ക് നേരിട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിറകെ യുഎസ് കാപിറ്റോളില്‍ നടന്ന അക്രമസംഭവങ്ങള്‍ക്കു പിന്നാലെയായിരുന്നു ട്രംപിനെ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തത്. തുടര്‍ന്ന് അനുയായികളുമായുള്ള ആശയവിനിമയത്തിനായി സ്വന്തമായി പുതിയൊരു ബ്ലോഗ് ആരംഭിച്ചിരുന്നു. സ്വന്തം വെബ്സൈറ്റിന്റെ ഭാഗമായി തന്നെയായിരുന്നു ഇതും. ബ്ലോഗില്‍ നിരന്തരം സന്ദേശങ്ങളുമായി തുടക്കത്തില്‍ ട്രംപ് സജീവമായിരുന്നെങ്കിലും ഇതിന് കാര്യമായ ചലനമുണ്ടാക്കാനായില്ല. ഇതോടെ ബ്ലോഗ് പൂട്ടുകയും ചെയ്തു. അക്കൗണ്ട് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ ട്വിറ്ററിനെതിരെ ട്രംപ് നിയമ നടപടി സ്വീകരിച്ചിരുന്നു.