National
വോട്ടര്‍ പട്ടികയില്‍ യു പി, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ അനധികൃതമായി ചേര്‍ക്കാന്‍ ശ്രമം; ബി ജെ പിക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്സ്
പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനായുള്ള 'ഫോം 6' അപേക്ഷകള്‍ വന്‍തോതില്‍ നിയമവിരുദ്ധമായി സമര്‍പ്പിക്കപ്പെടുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി.
കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ വോട്ട് ചേര്‍ക്കലില്‍ ബി ജെ പിക്കെതിരെ കടുത്ത ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്സ്. യു പി, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ വോട്ടര്‍ പട്ടികയില്‍ അനധികൃതമായി ചേര്‍ത്ത് ബംഗാളിലെ ജനസംഖ്യാ ഘടന അട്ടിമറിക്കാനാണ് ബി ജെ പി ശ്രമമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആരോപിച്ചു.
പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനായുള്ള ‘ഫോം 6’ അപേക്ഷകള്‍ വന്‍തോതില്‍ നിയമവിരുദ്ധമായി സമര്‍പ്പിക്കപ്പെടുകയാണ്. ഏഴ് മണിക്കൂറിനുള്ളില്‍ 30,000-ത്തോളം ഫോം 6 അപേക്ഷകള്‍ സി ഇ ഒ ഓഫീസില്‍ ലഭിച്ചതായി, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മനോജ് അഗര്‍വാളുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം അഭിഷേക് ബാനര്‍ജി പ്രതികരിച്ചു.
ഒരാള്‍ക്ക് പരമാവധി 50 അപേക്ഷകള്‍ മാത്രമേ സമര്‍പ്പിക്കാന്‍ അനുവാദമുള്ളൂ എന്നിരിക്കെ, ഒരു ബി ജെ പി നേതാവിന്റെ പ്രതിനിധി ചാക്കുകളിലാക്കി അപേക്ഷകള്‍ എത്തിച്ചുവെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. സുപ്രീം കോടതി നിര്‍ദേശങ്ങളുടെ ലംഘനമാണിതെന്നും ബാനര്‍ജി പറഞ്ഞു.
പരാതിയുമായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ കണ്ട ടി എം സി സംഘം അഞ്ച് ആവശ്യങ്ങളടങ്ങിയ കത്ത് നല്‍കിയിട്ടുണ്ട്. സി ഇ ഒ ഓഫീസിലെ 24 മണിക്കൂര്‍ സി സി ടി വി ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുക, ലഭിച്ചതും സ്വീകരിച്ചതുമായ ഫോം 6 അപേക്ഷകളുടെ പൂര്‍ണ വിവരങ്ങള്‍ വെളിപ്പെടുത്തുക, നിയമവിരുദ്ധമായും കൂട്ടായും സമര്‍പ്പിച്ച അപേക്ഷകള്‍ ഉടനടി റദ്ദാക്കുക, ആരുടെ നിര്‍ദേശപ്രകാരമാണ് ഈ അപേക്ഷകള്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കുക, സി ഇ ഒ ഓഫീസിന് ഇത്തരം അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കാന്‍ അധികാരമില്ലെന്നിരിക്കെ എങ്ങനെ ഇത് സംഭവിച്ചു എന്ന് വ്യക്തമാക്കുക എന്നിവയാണ് കത്തില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍.




