Connect with us

articles

വിദേശ സംഭാവനാ നിയന്ത്രണ നിയമം; ഭേദഗതി ബില്ല് ഉയര്‍ത്തുന്ന ചില ഭീതികള്‍

ഈ ഭേദഗതികളുടെ ഏറ്റവും ഗൗരവമായ പ്രത്യാഘാതം, ലൈസന്‍സ് നഷ്ടപ്പെടുമെന്ന ഭയത്തില്‍ എന്‍ ജി ഒകള്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതില്‍ നിന്ന് തീര്‍ത്തും പിന്‍വാങ്ങുകയും പ്രവര്‍ത്തന മണ്ഡലങ്ങളില്‍ അധികാര നീരസം വരാതെ ശ്രദ്ധിക്കുകയും ചെയ്യുമെന്നതാണ്. ഇതോടെ സാമൂഹിക ചര്‍ച്ചകളും സംവാദങ്ങളും നിലയ്ക്കും. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും അതിനായുള്ള സംഘാടനങ്ങളും നിശ്ചലമാകും. ഇത് തന്നെയാണ് ഭരണാധികാരികള്‍ സര്‍വസ്വം ലക്ഷ്യമിടുന്നതും. സര്‍വത്ര വിമൂകമാകും. ആരോഗ്യകരമായ ജനാധിപത്യ പൗരസമൂഹങ്ങള്‍ അതോടെ ഇല്ലാതെയാകും.

Published

|

Last Updated

അഡ്വ. എസ് മമ്മു തളിപ്പറമ്പ

ഇന്ത്യയില്‍ സാമൂഹിക നവോത്ഥാനത്തിനും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ണായക പങ്കുവഹിക്കുന്ന എന്‍ ജി ഒകള്‍ക്ക് നേരെ നിയന്ത്രണങ്ങളുടെയും പിടിച്ചടക്കലുകളുടെയും പുതിയ ഘട്ടം ആരംഭിക്കുകയായി എന്ന് കരുതാം. എന്‍ ജി ഒകളുടെ സുഗമ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമമാണ് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്ട് (എഫ് സി ആര്‍ എ). ഈ നിയമത്തില്‍ അടുത്തിടെയായി നിരന്തരം ഭേദഗതികള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. 2020ല്‍ നിയമഭേദഗതിയിലൂടെ കടുത്ത നിയന്ത്രണം വരുത്തിയിരുന്നു. അതിന് പുറമെയാണ് പുതിയ നിയമ പരിഷ്‌കാരം. ഇത് കേവല നിയന്ത്രണങ്ങളില്‍ നിന്ന് സമ്പൂര്‍ണ നിയന്ത്രണാധികാരത്തിലേക്ക് തന്നെയുള്ള ഏപക്ഷീയമായ മാറ്റമാണ്.

സര്‍ക്കാറിന്റെ തീര്‍പ്പും വാദവും വ്യക്തമാണ്. വിദേശ സംഭാവനകള്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യ സ്വാധീനം ചെലുത്തരുത്. അത്തരം ധന പ്രവാഹത്തിന് സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കണം. ദേശീയ സുരക്ഷയും സാര്‍വഭൗമത്വവും സംരക്ഷിക്കേണ്ടതുണ്ട്. ഈ ആശങ്കകള്‍ പ്രസക്തം തന്നെയാണെന്നതില്‍ സംശയമില്ല. എന്നാല്‍, ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി സ്വീകരിക്കുന്നത് ഇടുങ്ങിയ മാര്‍ഗങ്ങളാണ്. എന്‍ ജി ഒകളുടെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളും പരിമിതികളും തീര്‍ക്കുന്നതാണ് അവകളെന്ന് പറയാതെ വയ്യ.

2020ല്‍ നടത്തിയ നിയമഭേദഗതിയിലൂടെ എന്‍ ജി ഒകള്‍ തമ്മിലുള്ള പരസ്പര സഹകരണം തകര്‍ക്കുന്ന വിധത്തില്‍ സബ്ഗ്രാന്‍ഡിംഗ് പൂര്‍ണമായി നിരോധിച്ചു. ഇതോടെ വലിയ സംഘടനകള്‍ വഴി ചെറിയ ഗ്രാമീണ മേഖലാ സംവിധാനങ്ങള്‍ക്ക് എത്തിച്ചേര്‍ന്നിരുന്ന ഫണ്ടിംഗ് ശൃംഖല അപ്പാടെ തരിപ്പണമായി. എന്‍ ജി ഒകളുടെ ഭരണച്ചെലവിന്റെ പരമാവധി പരിധി 20 ശതമാനം മാത്രമായി ചുരുക്കിയതിലൂടെ സേവന വേതന രീതികള്‍, പരിശീലന പരിപാടികള്‍, ഗവേഷണ മണ്ഡലം എന്നിവക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിലനിര്‍ത്താന്‍ ഏജന്‍സികള്‍ ബുദ്ധിമുട്ടായി. എല്ലാ വിദേശ ഫണ്ടുകളും ഒരു ഏക കേന്ദ്ര ബേങ്ക് അക്കൗണ്ടിലൂടെ മാത്രം കൈകാര്യം ചെയ്യേണ്ടതാണെന്ന കടുത്ത നിര്‍ബന്ധം പ്രായോഗികമായ നിരവധി പ്രതിസന്ധികള്‍ക്കും മറ്റു പ്രവര്‍ത്തന തടസ്സങ്ങള്‍ക്കും കാരണമായി.

ഇതിലെല്ലാമുപരി എന്‍ ജി ഒകളെ ആശങ്കയിലകപ്പെടുത്തിയത് 2026ലെ ഭേദഗതി ബില്ലിലെ കടുത്ത നിര്‍ദേശങ്ങളാണ്. ഏതെങ്കിലും കാരണങ്ങളാല്‍ എന്‍ ജി ഒകളുടെ ലൈസന്‍സ് റദ്ദാക്കിയാല്‍ സംഘടനയുടെ ആസ്തികള്‍ കേന്ദ്ര സര്‍ക്കാറിന് ഉപാധിരഹിതമായി കൈവശപ്പെടുത്താമെന്ന വ്യവസ്ഥ, സത്യത്തില്‍ നമ്മെ ഭയപ്പെടുത്തുന്ന നിയമമാണ്. ഇങ്ങനെയൊരു നിയമം നിലനില്‍ക്കുമ്പോള്‍ ഏത് കാരണം പറഞ്ഞും സര്‍ക്കാറിന് എന്‍ ജി ഒകളുടെ ആസ്തി വഹകള്‍ കൈവശപ്പെടുത്താം. ഭരണകൂട വിമര്‍ശനവും ഭരണകൂടങ്ങളുടെ നേര്‍ത്ത നീരസം പോലും എന്‍ ജി ഒകളുടെ സ്വത്തുക്കള്‍ കവരാന്‍ ഭരണകൂടങ്ങള്‍ക്ക് വഴിയൊരുക്കും. ഇത് സംഘടനകളുടെ നിലനില്‍പ്പിനെ തന്നെ ഭീഷണിയിലാക്കുന്ന കടുത്ത നിയന്ത്രണ നിയമമാണ്. ദേശസുരക്ഷാ ഭീതി സത്യത്തില്‍ ഭരണകൂട വിമര്‍ശന ഭീതിയായി ഇവിടെയൊക്കെ മാറി വരാന്‍ വളരെ എളുപ്പമാണ്. അധികാര വിമര്‍ശനത്തെ നിശബ്ദമാക്കാനുള്ള സര്‍ക്കാര്‍ വിലാസം ജീനിയും കടിഞ്ഞാണുമാണിത്. വിമര്‍ശനങ്ങളെ സ്വയം നിശബ്ദമാക്കാന്‍ ഇതിൽപ്പരം സുഗമമായ മാര്‍ഗം മറ്റെന്തുണ്ട്.

സുപ്രീം കോടതി ഒരു കേസില്‍ ഈ തരം നിയമഭേദഗതികളെ സാധൂകരിച്ചിട്ടുണ്ടെന്നത് ഭരണകൂടങ്ങള്‍ക്ക് താങ്ങും ബലവുമാണ്. സര്‍ക്കാര്‍ അധികാരം സ്വേച്ഛാധിപത്യപരമായി ഉപയോഗിക്കരുത് എന്ന അടിസ്ഥാന തത്ത്വമപ്പോള്‍ ഏട്ടില്‍ സുഖമായുറങ്ങും. ഈ ഭേദഗതികളുടെ ഏറ്റവും ഗൗരവമായ പ്രത്യാഘാതം, ലൈസന്‍സ് നഷ്ടപ്പെടുമെന്ന ഭയത്തില്‍ എന്‍ ജി ഒകള്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതില്‍ നിന്ന് തീര്‍ത്തും പിന്‍വാങ്ങുകയും പ്രവര്‍ത്തന മണ്ഡലങ്ങളില്‍ അധികാര നീരസം വരാതെ ശ്രദ്ധിക്കുകയും ചെയ്യുമെന്നതാണ്. ഇതോടെ സാമൂഹിക ചര്‍ച്ചകളും സംവാദങ്ങളും നിലയ്ക്കും. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും അതിനായുള്ള സംഘാടനങ്ങളും നിശ്ചലമാകും. ഇത് തന്നെയാണ് ഭരണാധികാരികള്‍ സര്‍വസ്വം ലക്ഷ്യമിടുന്നതും. സര്‍വത്ര വിമൂകമാകും. ആരോഗ്യകരമായ ജനാധിപത്യ പൗരസമൂഹങ്ങള്‍ അതോടെ ഇല്ലാതെയാകും. പൊതുസമൂഹം ഏറ്റെടുക്കുന്ന വിമര്‍ശനങ്ങളാണ് ഒരു ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യവും പ്രസന്നതയും. വിമര്‍ശനങ്ങളേയില്ലാത്ത സമൂഹം ഭീതിയുടെ കമ്പളത്തിനകത്ത് സ്വപ്‌നം പോലും തടയപ്പെട്ടവരായി കഴിയേണ്ടി വരും.

കൂടാതെ ഈ നിയമം സ്ഥാപനങ്ങള്‍ക്കിടയില്‍ വലിയ അസമത്വം സൃഷ്ടിക്കുന്നുണ്ട്. ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സംഘടനകള്‍ക്ക് നേരിട്ട് വിദേശ ഫണ്ടിംഗ് ലഭ്യമാകുന്നത് ഈ ദേദഗതി മൂലം പ്രതിസന്ധിയിലാകുന്നു. ഇതോടെ നമ്മുടെ വിദൂര ഗ്രാമീണ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലൊക്കെ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ക്കും അവര്‍ ഏറ്റെടുത്ത വികസന പദ്ധതികള്‍ക്കും തിരിച്ചടിയുണ്ടാകുന്നു.
നിയമം കൊണ്ടുവരുന്ന ഒരു പ്രധാന ഭീതി, അധികാരത്തിന്റെ ഏക കേന്ദ്രീകരണം തന്നെയാണ്. എല്ലാ നിയന്ത്രണങ്ങളും അനുമതികളും നടപടികളും കേന്ദ്ര സര്‍ക്കാറിന്റെ കൈകളില്‍ മാത്രം കേന്ദ്രീകരിക്കുമ്പോള്‍, പരിശോധനയും ഉത്തരവാദിത്വവും കുറയാനുള്ള സാധ്യതയും വര്‍ധിക്കുന്നു. ഇത് ഭരണഘടനയിലെ ചെക് ആന്‍ഡ് ബാലന്‍സ് സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കും.

ഈ സാഹചര്യത്തില്‍ ആവശ്യമായത് നിയമത്തെ പൂര്‍ണമായും തള്ളിക്കളയലല്ല, മറിച്ച് സന്തുലിതമായ ഒരു മൃദുസമീപനം നിര്‍ണയിക്കലാണ്. ദേശീയ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനൊപ്പം, സിവില്‍ സൊസൈറ്റിയുടെ സ്വാതന്ത്ര്യവും നിര്‍ഭയത്വവും സംരക്ഷിക്കപ്പെടണം. ചെറിയ വീഴ്ചകള്‍ക്ക് പരമാവധി ശിക്ഷ എന്നതിന് പകരം, മുന്നറിയിപ്പ്, പരിഹാരം, തിരുത്തലുകള്‍, മാര്‍ഗനിര്‍ദേശം തുടങ്ങിയ ഇടനില മാര്‍ഗങ്ങള്‍ പരിഗണിക്കണം.
അവസാനമായി, ഈ ഭേദഗതികള്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം ഇതാണ്, നാം ഒരു സുരക്ഷിത രാഷ്ട്രം സൃഷ്ടിക്കുകയാണോ, അതോ നിയന്ത്രണങ്ങളാല്‍ ബന്ധിതരായ ഒരു ഭീതി പൂക്കുന്ന ജനസഞ്ചയത്തെ സൃഷ്ടിക്കുകയോ. ജനാധിപത്യത്തിന്റെ ശക്തി സര്‍ക്കാറിന്റെ ശക്തി മാത്രമല്ല.

മറിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സമൂഹ സംഘടനകളുടെ ആരോഗ്യകരമായ പങ്കാളിത്തം കൂടിയാണ്. ആ സ്വരം നിശബ്ദമാകുമ്പോള്‍ നഷ്ടപ്പെടുന്നത് കേവലമൊരു സേവന സംവിധാനം മാത്രമല്ല, ജനാധിപത്യത്തിന്റെ ആത്മാവാണ്. വിയോജിക്കാനും നിര്‍ഭയമായി വിമര്‍ശിക്കാനും സന്ദര്‍ഭമില്ലെങ്കില്‍ പിന്നെയത് ഏകശിലാത്മകമായൊരു വിരസ സമൂഹത്തെയാകും രൂപപ്പെടുത്തുക. അത് ആരോഗ്യമാര്‍ന്ന രാഷ്ട്രമാകില്ല. പകരം വിഹ്വലത പൂക്കുന്ന, ജനാധിപത്യ തുറസ്സുകളില്ലാത്ത രാജ്യമാകും. നാം ശീഘ്രം സഞ്ചരിക്കുന്നത് എങ്ങോട്ടാണ്?

---- facebook comment plugin here -----

Latest