Kerala
ഫേസ്ബുക്കിലൂടെയുള്ള സംവാദത്തിനാണ് വി ഡി സതീശനെ ക്ഷണിച്ചത്,തയ്യാറല്ല എന്നു പറഞ്ഞിട്ടുമില്ല: മുഖ്യമന്ത്രി
കഴിഞ്ഞദിവസമാണ് പ്രതിപക്ഷ നേതാവ് സംവാദത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്
തിരുവനന്തപുരം | വികസന വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെ ഫേസ്ബുക്കിലൂടെയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയുള്ള സംവാദത്തിന് അദ്ദേഹം തയ്യാറല്ല എന്നു പറഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. ആ സംവാദം നടക്കട്ടെയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേ സമയം , സംവാദമാവാം എന്നു പറഞ്ഞിട്ട് ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞിട്ടും സ്ഥലവും സമയവും ഇതുവരെ തീരുമാനിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഓര്‍മിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത്, പറഞ്ഞ സമയത്ത് താനെത്താമെന്ന് സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മുഖ്യമന്ത്രീ, ശ്രദ്ധിക്കുമല്ലോ എന്ന പോസ്റ്ററോടു കൂടിയാണ് സതീശന്റെ കുറിപ്പ്.
കഴിഞ്ഞദിവസമാണ് പ്രതിപക്ഷ നേതാവ് സംവാദത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്. . വെല്ലുവിളിച്ച സതീശനോട്, എല്ലാ കാര്യവും ചര്‍ച്ച ചെയ്യുകയാണെങ്കില്‍ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. സംവാദമായാലോ എന്ന തലക്കെട്ടോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡും പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.


