Connect with us

International

ന്യൂയോര്‍ക്ക് സിറ്റിയില്‍ പേമാരിയും വെള്ളപ്പൊക്കവും; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക് സിറ്റി, ലോംഗ് ഐലന്‍ഡ്, ഹഡ്സണ്‍ വാലി എന്നിവിടങ്ങളില്‍ മഴ കാരണം റോഡുകളും സബ്വേകളും തകരുകയും മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളും തടസ്സപ്പെടുകയും ചെയ്തതിന് പിറകെയാണ് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്

Published

|

Last Updated

ന്യൂയോര്‍ക്ക് സിറ്റി |  ശക്തമായ പേമാരിയില്‍  വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റി നിശ്ചലമായി. നഗരത്തിലെ പൊതുഗതാഗതം അടക്കം സ്തംഭിച്ചതിന് പിറകെ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍ ശക്തമായ മഴ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ മാത്രം ഇവിടെ 5.08 സെ.മീ മഴയാണ് ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥാ സേവന കേന്ദ്രം അറിയിച്ചു

ന്യൂയോര്‍ക്ക് സിറ്റി, ലോംഗ് ഐലന്‍ഡ്, ഹഡ്സണ്‍ വാലി എന്നിവിടങ്ങളില്‍ മഴ കാരണം റോഡുകളും സബ്വേകളും തകരുകയും മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളും തടസ്സപ്പെടുകയും ചെയ്തതിന് പിറകെയാണ് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജലനിരപ്പ് ഉയരുന്നതിന് മുന്‍പ് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ആരായണമെന്ന് ഗവര്‍ണര്‍ ന്യുയോര്‍ക്ക് വാസികളോട് ആവശ്യപ്പെട്ടു. കാലാവസ്ഥാ മുന്നറിയിപ്പുകളും ഷെഡ്യൂളുകളും ശ്രദ്ധിക്കുവാനും ജാഗ്രത പാലിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.വാര്‍ത്താ സമ്മേളനത്തില്‍, ഗവര്‍ണര്‍ ഹോച്ചുള്‍ സുരക്ഷയുടെ പ്രാധാന്യം ഊന്നിപ്പറയുകയും വെള്ളപ്പൊക്കമുള്ള റോഡുകളിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

2021 ലെ ഇഡ ചുഴലിക്കാറ്റില്‍ നിരവധി ആളുകള്‍ മുങ്ങിമരിച്ചതിന് പിറകെയാണ് ഇപ്പോള്‍ രാജ്യത്ത് പേമാരിയും വെള്ളപ്പൊക്കവും മറ്റൊരു ഭീഷണിയുയര്‍ത്തുന്നത്. വ്യാഴാഴ്ച രാത്രി നഗരത്തില്‍ വീശിയടിച്ച കൊടുങ്കാറ്റിന് പിറകെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ആകെ തകരാറിലായി, തെരുവുകളും ഹൈവേകളും വെള്ളത്തിനടിയിലാണ്.ന്യൂയോര്‍ക്ക് നഗരത്തിലെ സബ്വേ സംവിധാനങ്ങള്‍ നിര്‍ത്തി. ലാഗ്വാര്‍ഡിയ വിമാനത്താവളത്തിന്റെ ഒരു ടെര്‍മിനലെങ്കിലും വെള്ളിയാഴ്ച അടച്ചുവെന്നാണ് റിപ്പോര്‍്ട്ടുകള്‍ . പരിമിതമായ ട്രെയിന്‍ യാത്രാ സൗകര്യമുള്ള നഗരവാസികളോട് സുരക്ഷിത സ്ഥലത്തേക്ക് മാറാന്‍ അധികൃതര്‍ അവശ്യപ്പെട്ടു.