Connect with us

Articles

നരബലിക്കിടയിലും 'മതരക്ത'ത്തിന് ദാഹിക്കുന്നവരോട്

എല്ലാവിധ അന്ധവിശ്വാസങ്ങളെയും നിരാകരിക്കുകയും കറകളഞ്ഞ ദൈവവിശ്വാസത്തിലധിഷ്ഠിതമായ അച്ചടക്കമുള്ള ജീവിത ക്രമത്തെ മുന്നോട്ടുവെക്കുകയുമാണ് ഇസ്ലാം ചെയ്യുന്നത്. അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ചുള്ള പ്രാര്‍ഥനയും മന്ത്രങ്ങളുമാണ് ഇസ്ലാം അംഗീകരിച്ചിട്ടുള്ളത്.

Published

|

Last Updated

പത്തനംതിട്ട ഇലന്തൂരിനടുത്ത് കാരംവേലിയില്‍ കഴിഞ്ഞ ദിവസം പുറത്തറിഞ്ഞ നരബലിയോര്‍ത്ത് ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം. പ്രബുദ്ധ(?) കേരളത്തിലെ അന്ധവിശ്വാസത്തിന്റെ ആഴവും പരപ്പും ഉത്തരേന്ത്യയില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല എന്ന് വേണം മനസ്സിലാക്കാന്‍. പണത്തിനും സുഖജീവിതത്തിനും വേണ്ടി മനുഷ്യര്‍ എത്രമാത്രം തരംതാഴുമെന്നതിന്റെ ഉദാഹരണവും കൂടിയാണ് ഈ സംഭവം. പുറത്തുവന്ന വാര്‍ത്തയനുസരിച്ച് മുഹമ്മദ് ശാഫി എന്ന കൊടും കുറ്റവാളി കുറുക്ക് വഴിക്ക് പണം കൊയ്യാന്‍ ചിലരുടെ അന്ധവിശ്വാസങ്ങളെയും മറ്റുചിലരുടെ പണക്കൊതിയെയും ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. പാരമ്പര്യ തിരുമ്മു ചികിത്സക്കാരനായ ഭഗവല്‍ സിംഗ് എന്ന ഇലത്തൂര്‍ കടകമ്പള്ളി സ്വദേശിയെ ഫേസ്ബുക്ക് വഴി ശ്രീദേവി എന്ന വ്യാജ പേരില്‍ സൗഹൃദം നടിച്ച് വശത്താക്കിയാണ് തട്ടിപ്പിന് തുടക്കമിടുന്നത്. തുടര്‍ന്ന് പണവും ഐശ്വര്യവും വരാന്‍ പെരുമ്പാവൂരിലുള്ള സിദ്ധനെ തൃപ്തിപ്പെടുത്തിയാല്‍ മതിയെന്ന് വിശ്വസിപ്പിക്കുകയും അങ്ങനെ മുഹമ്മദ് ശാഫി തന്നെ റശീദ് എന്ന പേരില്‍ സിദ്ധനായി ചമഞ്ഞ് ആഭിചാര ക്രിയകള്‍ക്കായി ഭഗവല്‍ സിംഗിന്റെ കേന്ദ്രത്തില്‍ എത്തിച്ചേരുകയുമായിരുന്നു.

ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി വ്യാജ സിദ്ധന്‍ ഭഗവല്‍ സിംഗിന്റെ മുമ്പില്‍ വെച്ച് അയാളുടെ ഭാര്യ ലൈലയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ആഭിചാര ക്രിയയുടെ വിജയത്തിനായി നരബലി നടത്തണമെന്നും സ്ത്രീയെ താന്‍ തന്നെ എത്തിക്കാമെന്നും അതിന് വരുന്ന പണച്ചെലവ് ഭഗവല്‍ സിംഗ് വഹിക്കണമെന്നുമാണത്രെ സിദ്ധന്‍ പറഞ്ഞു ധരിപ്പിച്ചത്.
ഇതനുസരിച്ച് തമിഴ്നാട് സ്വദേശിനി പത്മ എന്ന സ്ത്രീയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നും, അതുവഴി പത്ത് ലക്ഷം രൂപ ലഭിക്കുമെന്നും പ്രലോഭിപ്പിച്ച് കൊണ്ട് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് സിദ്ധനും ഭഗവല്‍ സിംഗും ഭാര്യ ലൈലയും ചേര്‍ന്ന് അവരെ കഴുത്തറുക്കുകയായിരുന്നു. അതിന് ശേഷവും വേണ്ട സാമ്പത്തിക പുരോഗതി ലഭിക്കാതിരുന്നപ്പോള്‍ വടക്കാഞ്ചേരി സ്വദേശിനി റോസിലിന്‍ എന്ന സ്ത്രീയെക്കൂടി ഇതേ രീതിയില്‍ പ്രലോഭിപ്പിച്ചുകൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നുവത്രെ.

വില്ലനായത് പണക്കൊതി
സംഭവത്തില്‍ ഉള്‍പ്പെട്ട കുറ്റവാളികളും കൊല്ലപ്പെട്ടവരും ലഭ്യമായ വാര്‍ത്തയനുസരിച്ച് വിലയിരുത്തുമ്പോള്‍ ചുളുവില്‍ പണം കൊയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. ഈ കൊടും ക്രൂരകൃത്യത്തിലൂടെ ലക്ഷക്കണക്കിന് രൂപയാണ് മുഹമ്മദ് ശാഫി എന്ന വ്യാജ സിദ്ധന്‍ തട്ടിയെടുത്തത്. നാട്ടിലെ പൗരപ്രമുഖനും ഒരു പ്രധാന പാര്‍ട്ടി പ്രവര്‍ത്തകനുമായ ഭഗവല്‍ സിംഗ് പണവും അഭിവൃദ്ധിയും മോഹിച്ച് തന്നെയാണ് സ്വന്തം ഭാര്യയെ പോലും കൂട്ടിക്കൊടുക്കുകയും ഈ നരഹത്യയില്‍ പങ്കാളിയാകുകയും ചെയ്യുന്നത്. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ഇതുപോലെ കുറുക്കുവഴിക്ക് പണം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ഈ ചതിയില്‍പ്പെട്ടത്. ചുരുക്കത്തില്‍ ഒരു കൊടും കുറ്റവാളി ചിലരുടെ അന്ധവിശ്വാസങ്ങളെ ചൂഷണം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചു. അന്ധവിശ്വാസത്തിന്റെ അന്ധതയില്‍ ഭഗവല്‍ സിംഗ്- ലൈല ദമ്പതികള്‍ ഇയാളോടൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളികളായി. പാവപ്പെട്ട രണ്ട് സ്ത്രീകള്‍ ഈ ചൂഷണത്തിന്റെ ഭാഗമായി കൊടും ചതിയിലകപ്പെടുകയും അവരുടെ ജീവന്‍ തന്നെ നഷ്ടപ്പെടുകയും ചെയ്തു.

മതവും നരബലിയും
ഇന്ത്യയുടെ പല ഭാഗങ്ങളിലും ചില വിഭാഗങ്ങള്‍ക്കിടയില്‍ നരബലി പതിവുണ്ടായിരുന്നതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. കുട്ടികളെയും സ്ത്രീകളെയുമാണ് അന്ധവിശ്വാസത്തിന്റെ പേരിലുള്ള ഈ ബലിക്ക് ഇരകളാക്കിയിരുന്നത്. ഈയടുത്ത കാലത്തും ഇത്തരം ബലിവാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പത്തനംതിട്ട സംഭവത്തെ കൂട്ടുപിടിച്ച് ചില യുക്തിവാദികള്‍ വിശുദ്ധ ഇസ്ലാമിലും നരഹത്യയുണ്ടെന്നും ബലി പെരുന്നാള്‍ അത്തരത്തിലുള്ള ഒരു നരഹത്യയുടെ ഓര്‍മപ്പെരുന്നാളാണെന്നും തട്ടിവിടുന്നത് കണ്ടു.

ഹസ്റത്ത് ഇബ്റാഹീം നബി(അ) എത്രമാത്രം തന്റെ കല്‍പ്പനകള്‍ പാലിക്കുന്നുണ്ടെന്ന് പരീക്ഷിക്കുന്നതിന്റെ ഭാഗമായി തന്റെ മകനെ അറുക്കാന്‍ കല്‍പ്പിക്കുകയായിരുന്നു അല്ലാഹു. അനുസരണയുള്ള പ്രവാചകനും കുടുംബവും അല്ലാഹുവിന്റെ നിര്‍ദേശത്തിന് പൂര്‍ണമായും വഴങ്ങാന്‍ തയ്യാറായപ്പോള്‍ അല്ലാഹു തന്നെ പ്രവാചകരോട് പറഞ്ഞത്, ഇതൊരു പരീക്ഷണം മാത്രമായിരുന്നുവെന്നും മനുഷ്യനെ അറുക്കാനല്ല മറിച്ച് നിങ്ങളുടെ ത്യാഗസന്നദ്ധത പരീക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നുമാണ്. നിങ്ങള്‍ അറുക്കേണ്ടത് ഈ മൃഗത്തെയാണെന്നും പറഞ്ഞ് ഒരാടിനെ നല്‍കുകയും ചെയ്തു. ഈ ചരിത്രം ഖുര്‍ആനിലും ബൈബിളിലുമെല്ലാം ഉദ്ധരിച്ചിട്ടുള്ളതാണ്. അറുക്കപ്പെടാന്‍ കല്‍പ്പിക്കപ്പെട്ട മകന്‍ ഇസ്ഹാഖ് ആണോ അതോ ഇസ്മാഈല്‍ ആണോ എന്നതിലാണ് മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ അഭിപ്രായവ്യത്യാസമുള്ളത്.

ഈ സംഭവത്തില്‍ എവിടെയാണ് നരബലിയെ പ്രോത്സാഹിപ്പിക്കുന്നത്? യുക്തിബോധമില്ലാത്ത മതനിരാസ രോഗം ബാധിച്ചവരുടെ മഞ്ഞക്കണ്ണടക്ക് മാത്രമേ അങ്ങനെ നോക്കിക്കാണാന്‍ കഴിയുകയുള്ളൂ. ബലി പെരുന്നാളിന് മുസ്ലിംകള്‍ യുക്തിവാദികളുടെ വീക്ഷണമനുസരിച്ച് മൃഗങ്ങള്‍ക്ക് പകരം സ്വന്തം മക്കളെയല്ലേ ബലി നല്‍കേണ്ടിയിരുന്നത്?

ആഭിചാരക്രിയ
ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും മതങ്ങളാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും ഈ സംഭവത്തിന്റെ പിന്‍ബലത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ആഭിചാരക്രിയ ചെയ്യലും ചെയ്യിപ്പിക്കലും സബ്ഉല്‍ മൂബിഖാത്ത്( നശിപ്പിച്ചുകളയുന്ന ഏഴ് വന്‍ പാപങ്ങള്‍) ആണ് (ബുഖാരി മുസ്ലിം). അത്തരം സിദ്ധന്‍മാരെ സമീപിക്കുന്നതിനെ സംബന്ധിച്ച് തിരുനബി(സ) പറയുന്നത് കാണുക. ആരെങ്കിലും ഗണിച്ചുകൂട്ടിപ്പറയുന്നവനെ സമീപിച്ചു; അവന്‍ പറയുന്നത് വിശ്വസിച്ചാല്‍ അവന്റെ നാല്‍പ്പത് ദിവസത്തെ നിസ്‌കാരം സ്വീകരിക്കപ്പെടുകയില്ല (മുസ്ലിം).

പക്ഷിലക്ഷണം നോക്കുന്ന പതിവ് അക്കാലത്തെ അറബികള്‍ക്കിടയില്‍ പതിവുണ്ടായിരുന്നു. തത്തയെ കൊണ്ട് ചീട്ട് എടുപ്പിച്ച് ലക്ഷണം പറയുന്നവര്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. അത്തരം അന്ധവിശ്വാസങ്ങളെ അവഗണിച്ചു തള്ളിയ മതമാണ് വിശുദ്ധ ഇസ്ലാം. അബൂ ബുര്‍ദ(റ) പറയുന്നു, നബി(സ) പക്ഷിലക്ഷണം നോക്കാറുണ്ടായിരുന്നില്ല (അബൂദാവൂദ്). ഉര്‍വതുബ്നു ആമിര്‍(റ) പറയുന്നു, പക്ഷിലക്ഷണത്തെ സംബന്ധിച്ച് നബി(സ)യുടെ സമീപത്ത് വെച്ച് പരാമര്‍ശിക്കപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: ഒരു മുസ്ലിമിനെ അത് (ഒരു നല്ല കാര്യത്തെ തൊട്ടും) തടയാന്‍ പാടില്ല (അബൂദാവൂദ്). മൂങ്ങയെ സംബന്ധിച്ചും അത്തരം ചില അന്ധവിശ്വാസങ്ങള്‍ നിലവിലുണ്ടായിരുന്നു. മൂങ്ങ വീടിന് മുകളില്‍ വന്ന് മൂളിയാല്‍ അത് ആ വീട്ടുകാരില്‍ ഒരാളുടെ ചരമ വാര്‍ത്തയാണെന്നും കൊലയാളിയെ കൊല്ലാതിരുന്നാല്‍ കൊല്ലപ്പെട്ടയാളുടെ പ്രേതം മൂങ്ങയായി തിരിച്ചുവരുമെന്നും മറ്റും ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ഇതുസംബന്ധമായി തിരുനബി(സ) പറഞ്ഞു: രോഗസംക്രമണമില്ല, അവലക്ഷണമില്ല, മൂങ്ങയില്ല….(ബുഖാരി).

ചുരുക്കത്തില്‍ എല്ലാവിധ അന്ധവിശ്വാസങ്ങളെയും നിരാകരിക്കുകയും കറകളഞ്ഞ ദൈവവിശ്വാസത്തിലധിഷ്ഠിതമായ അച്ചടക്കമുള്ള ജീവിത ക്രമത്തെ മുന്നോട്ടുവെക്കുകയുമാണ് ഇസ്ലാം ചെയ്യുന്നത്. അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ചുള്ള പ്രാര്‍ഥനയും മന്ത്രങ്ങളുമാണ് ഇസ്ലാം അംഗീകരിച്ചിട്ടുള്ളത്.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം
പത്തനംതിട്ട സംഭവത്തിന്റെ വെളിച്ചത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനിര്‍മാണം വേണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. അവരുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. പ്രശ്നം അവിടെയല്ല. സദ് വിശ്വാസമാണെങ്കിലും അന്ധവിശ്വാസമാണെങ്കിലും അത് വിശ്വാസമാണ്. അതിനെ എങ്ങനെ നിയമം മൂലം നിരോധിക്കാന്‍ സാധിക്കും? ഒരാളുടെ മനസ്സിലെ വിശ്വാസത്തെ നിയമം കൊണ്ട് മാറ്റിയെടുക്കാന്‍ കഴിയില്ല.

ഇനി അന്ധവിശ്വാസത്തിനെതിരെ നിയമം കൊണ്ടുവരുമ്പോള്‍ അന്ധവിശ്വാസം എന്താണെന്ന് നിര്‍വചിക്കേണ്ടിവരും. നിരീശ്വരവാദികളെ സംബന്ധിച്ചിടത്തോളം ദൈവവിശ്വാസം അന്ധവിശ്വാസമാണ്. ദൈവ വിശ്വാസികളുടെ കാഴ്ചപ്പാടില്‍ പ്രകൃതിവാദികളുടെ വാദമാണ് അന്ധവിശ്വാസം. അതുകൊണ്ട് ഇന്ത്യ പോലുള്ള ഒരു ബഹുസ്വര രാജ്യത്ത് നിയമം മൂലം നിരോധിക്കാനിറങ്ങിയാല്‍ പ്രശ്നം സങ്കീര്‍ണമാകുകയാണ് ചെയ്യുക.

ഈ സംഭവത്തിലുള്ളത് പോലെ തന്നെ മിക്ക അന്ധവിശ്വാസങ്ങളും അനിയന്ത്രിതമായ സാമ്പത്തിക മോഹത്തിന്റെയും ചൂഷണത്തിന്റെയും ഭാഗമായി ഉണ്ടായിത്തീരുന്നതാണ്. ബോധവത്കരണത്തിലൂടെയും ഇത്തരം ചതിയില്‍ പെടാതിരിക്കാനുള്ള ജാഗ്രതയിലൂടെയും ഒരു പരിധിവരെ പരിഹരിക്കാനാകും. ഒപ്പം ഇത്തരം തട്ടിപ്പുകള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുകയും വേണം.