Kerala
ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; മക്കള്‍ക്ക് ഗുരുതര പരുക്ക്
അപകടം നടന്ന ഉടൻ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മലപ്പുറം | തിരൂരില്‍ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന രണ്ട് മക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പഞ്ചാരമൂല സ്വദേശി പുല്ലയില്‍ തസ്‌നി (35) ആണ് മരിച്ചത്. മക്കളായ ഫാത്തിമ ഷെസ (14), ഷെസാന്‍ മുസ്തഫ (8) എന്നിവരെ ഗുരുതര പരുക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഏഴോടെ പൂക്കയിലെ ഉണ്യാലില്‍ വെച്ചാണ് അപകടം. കൂട്ടായിയില്‍ നിന്നും തിരൂരിലേക്ക് വരികയായിരുന്ന കല്ലിങ്ങല്‍ ബസ് അമിതവേഗതയിലെത്തി എതിര്‍വശത്തേക്ക് കയറി തിരൂര്‍ ഭാഗത്തുനിന്നും വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിനടിയില്‍ പെട്ട സ്‌കൂട്ടറുമായി അല്പം മുന്നോട്ട് പോയാണ് ബസ് നിന്നത്. ഈസമയം യുവതി ബസ്സിന് അടിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
ബസിനടിയില്‍ കുടുങ്ങിക്കിടന്ന കുട്ടികളെ നാട്ടുകാരാണ് ബസിന്റെ മുന്‍ഭാഗം ഉയര്‍ത്തി പുറത്തെടുത്തത്. അപകടം നടന്ന ഉടന്‍ തന്നെ ബസ് ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പോലീസ് ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: A 35-year-old woman named Tasni died and her two children sustained serious injuries after a speeding private bus collided with their scooter in Tirur, Malappuram. Local residents rescued the trapped children from beneath the bus, while the driver fled the scene. Police have seized the bus and initiated an investigation into the fatal crash.




