Connect with us

loksabha election 2024

മൂന്ന് ജില്ലകൾ പടർന്ന് മാറ്റത്തിലും മാറാതെ

കൊല്ലം ജില്ലയിലെ പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂർ ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ഈ ലോക്‌സഭാ മണ്ഡലത്തിലുള്ളത്. മൂന്ന് ജില്ലകളുടെ സംസ്‌കാരം പേറുന്ന മണ്ഡലത്തിൽ ഓരോ പ്രദേശത്തിന്റെയും രാഷ്ട്രീയ ഭൂമികയും ഭൗമശാസ്ത്ര ഘടനകളും തികച്ചും വ്യത്യസ്തമാണ്.

Published

|

Last Updated

കുംഭ ഭരണിയുടെ ആരവം കെട്ടടങ്ങിയതേയുള്ളൂ. ഉടനെ തിരഞ്ഞെടുപ്പുത്സവം കൊട്ടിക്കയറിയെത്തി. ആവേശം ഒട്ടും ചോരാതെ ഉത്സവച്ഛായയിൽ തന്നെ മുന്നോട്ടുപോകാനുള്ള പരിശ്രത്തിലാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിൽ മുന്നണികൾ. നായർ സമുദായത്തിന്റെ സിരാകേന്ദ്രവും കത്തോലിക്കാ- ഓർത്തഡോക്‌സ് സഭകൾക്ക് സ്വാധീനവുമുള്ള മാവേലിക്കര പട്ടികജാതി സംവരണ മണ്ഡലമാണ്. പ്രബല സമുദായങ്ങളുടെ മനസ്സ് ഏത് വശത്തേക്ക് തിരിയുന്നുവോ അവർക്കാവും വിജയമെന്നത് ചരിത്രം.

രാഷ്ട്രീയമായി വലത് ആഭിമുഖ്യമുള്ള മണ്ഡലമായാണ്, മൂന്ന് ജില്ലകളിലായി പടർന്നുപന്തലിച്ച് കിടക്കുന്ന മാവേലിക്കര അറിയപ്പെടുന്നത്. അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശ്ശേരിയുടെ പ്രതാപവും കുട്ടനാടിന്റെ നൈർമല്യവും കൊട്ടാരക്കരയുടെ ആഭിജാത്യവും ഓണാട്ടുകരയുടെ തനതുരീതിയുമെല്ലാം ഒന്നിക്കുന്ന ഇടം. കൊല്ലം ജില്ലയിലെ പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂർ ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ഈ ലോക്‌സഭാ മണ്ഡലത്തിലുള്ളത്. മൂന്ന് ജില്ലകളുടെ സംസ്‌കാരം പേറുന്ന മണ്ഡലത്തിൽ ഓരോ പ്രദേശത്തിന്റെയും രാഷ്ട്രീയ ഭൂമികയും ഭൗമശാസ്ത്ര ഘടനകളും തികച്ചും വ്യത്യസ്തമാണ്.

രണ്ടേ രണ്ട് തവണ

സംസ്ഥാനത്തിന്റെ പൊതു ട്രെൻഡാണ് പ്രചാരണത്തിൽ മാവേലിക്കരയിലും അലയടിക്കുന്നത്. 1977ന് ശേഷമുള്ള തിരഞ്ഞെടുപ്പുകളിൽ രണ്ട് തവണ മാത്രമാണ് മാവേലിക്കര ഇടതുപക്ഷത്തോടൊപ്പം ചാഞ്ഞത്- 1984ൽ അഡ്വ. തമ്പാൻ തോമസും 2004ൽ അഡ്വ. സി എസ് സുജാതയും. ഇവിടെ നിന്ന് ജയിച്ചവരെയെല്ലാം സംസ്ഥാന- ദേശീയ രാഷ്ട്രീയത്തിലെ അതികായന്മാരായി മാറ്റിയ സവിശേഷ ചരിത്രവുമുണ്ട്.
2009ൽ മണ്ഡലത്തിന്റെ മുഖംതന്നെ മാറുന്ന പുനർനിർണയം നടന്നു. പത്തനംതിട്ട ജില്ലയിലുൾപ്പെട്ട നിയമസഭാ മണ്ഡലങ്ങളെ ഒഴിവാക്കി കൊല്ലം, കോട്ടയം ജില്ലകളിലെ നാല് നിയമസഭാ മണ്ഡലങ്ങളെ മാവേലിക്കരയിൽ ചേർത്തു. ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ഡലത്തെ ഒഴിവാക്കി പകരം കുട്ടനാടിനെ കൊണ്ടുവന്നു.
2009ൽ അടൂർ എം പിയായിരുന്ന കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരക്ക് കളം മാറ്റി. സി പി ഐയിലെ ആർ എസ് അനിലായിരുന്നു എതിരാളി. മികച്ച വിജയം കുറിച്ച കൊടിക്കുന്നിൽ 2014ലും 2019ലും അത് ആവർത്തിച്ചു.
കഴിഞ്ഞ തവണ 61,138 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിനാണ് സി പി ഐയിലെ ചിറ്റയം ഗോപകുമാറിനെ വീഴ്ത്തി ഏഴാം തവണ ലോക്‌സഭയിലെത്തുന്നത്. അതോടെ ഏറ്റവും കൂടുതൽ കാലം കേരളത്തിൽ നിന്ന് ലോക്‌സഭാംഗമായ വ്യക്തിയെന്ന ഖ്യാതി കൊടിക്കുന്നിൽ സ്വന്തമാക്കി.

മൂന്ന് മന്ത്രിമാർ

മണ്ഡലത്തിലെ ഏഴ് നിയമസഭാ സീറ്റുകളിലും ഇടത് മുന്നണി എം എൽ എമാരാണ്. മൂന്ന് പേർ മന്ത്രിമാരും. കൊട്ടാരക്കരയെ പ്രതിനിധാനം ചെയ്യുന്നത് ധനമന്ത്രി കെ എൻ ബാലഗോപാലാണ്. പത്തനാപുരത്തെ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറും ചെങ്ങന്നൂരിനെ സാംസ്‌കാരിക മന്ത്രി സജി ചെറിയാനും പ്രതിനിധാനം ചെയ്യുന്നു. കുന്നത്തൂരിൽ ആർ എസ് പി (എൽ) നേതാവ് കോവൂർ കുഞ്ഞുമോനും കുട്ടനാട്ടിൽ എൻ സി പിയിലെ തോമസ് കെ തോമസും ചങ്ങനാശ്ശേരിയിൽ കേരള കോൺഗ്രസ്സ് എമ്മിലെ ജോബ് മൈക്കിളുമാണ് എം എൽ എമാർ. മാവേലിക്കര നിയമസഭാ മണ്ഡലത്തിൽ സി പി എമ്മിലെ എം എസ് അരുൺകുമാറാണ് എം എൽ എ.

കർഷക ആത്മഹത്യ

സംസ്ഥാനത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കർഷക ആത്മഹത്യ തന്നെയാണ് തിരഞ്ഞെടുപ്പിൽ കാർഷിക മേഖലയിൽ നിന്നുയരുന്ന പ്രധാന വിഷയം. ഇത് മറികടക്കാൻ ഇടതു മുന്നണി നെൽവില നൽകിയും കർഷകർക്ക് വായ്പ എടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയും നേരത്തേ ഇടപെടൽ നടത്തി.

വികസനം മുഖ്യം

ആലപ്പുഴ ജില്ലയിൽ മന്ത്രിമാരായ സജി ചെറിയാന്റെയും പി പ്രസാദിന്റെയും നേതൃത്വത്തിൽ വൻതോതിൽ വികസനമെത്തിച്ചുവെന്നാണ് ഇടത് മുന്നണിയുടെ അവകാശവാദം. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിന്റെ വികസനവും കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിരവധി വിദ്യാലയങ്ങൾക്ക് കെട്ടിടമുൾപ്പെടെ അടിസ്ഥാന സൗകര്യമൊരുക്കിയതും ജലാശയങ്ങളുടെ പുരുദ്ധാരണത്തിന് ഇടപെട്ടതും കർഷകക്ഷേമ പദ്ധതികൾ ആവിഷ്‌കരിച്ചതും എം എസ് സ്വാമിനാഥൻ വിഭാവനം ചെയ്ത കുട്ടനാട് പാക്കേജിന് രണ്ടാം ഘട്ടവും ബജറ്റിൽ തുക അനുവദിച്ചതും നേട്ടമായി എടുത്തുകാണിക്കുന്നു. അതേസമയം, മൂന്ന് മന്ത്രിമാർ പ്രതിനിധാനം ചെയ്തിട്ടും മാവേലിക്കരയിൽ കാര്യമായ വികസനം എത്തിക്കാൻ കഴിഞ്ഞില്ലെന്ന് മറുപക്ഷം വാദിക്കുന്നു. ശബരിമല ഇടത്താവളം എന്ന നിലയിൽ ഭക്തരേറെയെത്തുന്ന ചെങ്ങന്നൂരിന്റെ വികസനത്തിൽ സംസ്ഥാനം കാര്യമായ ശ്രദ്ധ പുലർത്തുന്നില്ലെന്ന് എൻ ഡി എയും ആരോപിക്കുന്നു.

എട്ടും കന്നിയും

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എട്ടാമങ്കത്തിനിറങ്ങുന്ന കൊടിക്കുന്നിലിനെ നേരിടുന്നത് സി പി ഐയിലെ കന്നിപ്പോരാളി. യുവനേതാവ് സി എ അരുൺകുമാറിനാണ് ആ നിയോഗം. മന്ത്രി പി പ്രസാദിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായ അരുൺ എ ഐ വൈ എഫിന്റെ സംസ്ഥാന കമ്മിറ്റി അംഗവും സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമാണ്. എൻ ഡി എ സ്ഥാനാർഥിയായി ബി ഡി ജെ എസിലെ ബൈജു കലാശാലയും മത്സരിക്കുന്നു.