Connect with us

National

തൂത്തുക്കുടി കസ്റ്റഡി മരണക്കേസ്; ഒന്‍പത് പോലീസുകാര്‍ക്ക് വധശിക്ഷ

രാത്രി മുഴുവന്‍ അച്ഛനെയും മകനെയും മര്‍ദ്ദിച്ചുവെന്നും മേശകളിലും ലാത്തികളിലും രക്തക്കറയുണ്ടായിരുന്നുവെന്നുമുള്ള ഒരു വനിതാ കോണ്‍സ്റ്റബിളിന്റെ മൊഴി കേസില്‍ നിര്‍ണ്ണായകമായി

Published

|

Last Updated

ചെന്നൈ |  തൂത്തുക്കുടി സാത്തന്‍കുളം കസ്റ്റഡി മരണക്കേസില്‍ ഒന്‍പത് പോലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. തൂത്തുക്കുടിയിലെ വ്യാപാരി പി ജയരാജും മകന്‍ ജെ ബെനിക്സും പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസിലാണ് തമിഴ്നാട്ടിലെ മധുര ജില്ലാ കോടതി തിങ്കളാഴ്ച വധശിക്ഷ വിധിച്ചത്.ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ബാലകൃഷ്ണന്‍, രഘു ഗണേഷ് എന്നിവരും പോലീസുകാരായ മുരുകന്‍, സാമദുരൈ, മുത്തുരാജ, ചെല്ലദുരൈ, തോമസ് ഫ്രാന്‍സിസ്, വെയിലുമുത്തു എന്നിവര്‍ക്കുമാണ് വധശിക്ഷ ലഭിച്ചത്.

മരിച്ചവരുടെ കുടുംബത്തിന് പ്രതികളായ ഉദ്യോഗസ്ഥര്‍ 1.40 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ വിചാരണക്കോടതി കണ്ടെത്തിയിരുന്നു.

തമിഴ്നാട്ടില്‍ ആറുവര്‍ഷം മുമ്പ് നടന്ന ഈ കൊലപാതകം രാജ്യവ്യാപകമായി വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് രാത്രി 7.45 വരെ കട തുറന്നുവെച്ചു എന്ന് ആരോപിച്ചാണ് മൊബൈല്‍ കട നടത്തിയിരുന്ന ജയരാജനെയും ബെനിക്സണെന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.

ക്രൂരമായ ഈ കസ്റ്റഡി മര്‍ദ്ദനത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷയോ പരോളില്ലാത്ത ജീവപര്യന്തമോ നല്‍കണമെന്ന് സിബിഐ കോടതിയില്‍ വാദിച്ചിരുന്നു.

2020 ജൂണ്‍ 19-നാണ് മൊബൈല്‍ ഷോപ്പ് നടത്തിയിരുന്ന ജയരാജും ബെനിക്സും പോലീസ് കസ്റ്റഡിയിലായത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കട തുറന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് പിന്നീട് തെറ്റാണെന്ന് തെളിഞ്ഞു. സാത്താന്‍കുളം പോലീസ് സ്റ്റേഷനില്‍ വെച്ച് രാത്രി മുഴുവന്‍ ഇവര്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായി. ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും മരണപ്പെട്ടു.

മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം ഉള്‍പ്പെടെ അതീവ ഗുരുതരമായ പരുക്കുകള്‍ ഇരുവരുടെയും ശരീരത്തിലുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ക്രൂരമായ മര്‍ദ്ദനമാണ് നടന്നതെന്ന് സിബിഐ കണ്ടെത്തി. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സിബിഐ കേസ് ഏറ്റെടുത്തു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടത് ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ അന്വേഷണസംഘം നേരിട്ടു.

രാത്രി മുഴുവന്‍ അച്ഛനെയും മകനെയും മര്‍ദ്ദിച്ചുവെന്നും മേശകളിലും ലാത്തികളിലും രക്തക്കറയുണ്ടായിരുന്നുവെന്നുമുള്ള ഒരു വനിതാ കോണ്‍സ്റ്റബിളിന്റെ മൊഴി കേസില്‍ നിര്‍ണ്ണായകമായി.അഞ്ച് വര്‍ഷത്തിലേറെ നീണ്ടുനിന്ന വിചാരണയില്‍ നൂറിലധികം സാക്ഷികളെ കോടതി വിസ്തരിച്ചു.

---- facebook comment plugin here -----