Kerala
പോലീസ് സ്റ്റേഷനുകളിലെ സിസിടിവി ക്യാമറ നിരീക്ഷണം; കേരള മോഡലിനെ പ്രശംസിച്ച് സുപ്രീംകോടതി
മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കാത്തത് എന്തുകൊണ്ടെന്നും കോടതി
ന്യൂഡല്‍ഹി | പോലീസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങള്‍ ‘കേരള മോഡല്‍’ തത്സമയ നിരീക്ഷണം മാതൃകയാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി സുപ്രീംകോടതി. പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമാകാത്തതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബഞ്ചാണ് ഇക്കാര്യം ചോദിച്ചത്. സംസ്ഥാനങ്ങളിലുടനീളമുള്ള പോലീസ് സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകള്‍ ഫലപ്രദമായി നിരീക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ കോടതിയെ സഹായിക്കാന്‍ കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന നാളെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ബഞ്ച് ആവശ്യപ്പെട്ടു.
മിക്ക സംസ്ഥാനങ്ങളും പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന കോടതിയുടെ നിര്‍ദേശം പാലിച്ചിട്ടുണ്ടെങ്കിലും നിരീക്ഷണത്തിനായി ഡാഷ്ബോര്‍ഡ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ശേഷിക്കുന്നുണ്ടെന്ന് ഈ വിഷയത്തിലഅമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ദവേ ബഞ്ചിനെ അറിയിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും സിദ്ധാര്‍ഥ് ദവേ വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഫോണുകളിലൂടെ നേരിട്ട് ലോഗിന്‍ ചെയ്യാനും തത്സമയം പോലീസ് സ്റ്റേഷനുകള്‍ നിരീക്ഷിക്കാനും പ്രാപ്തമാക്കുന്ന ഏറ്റവും കാര്യക്ഷമമായ സംവിധാനം കേരളം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഇത് ഒരു തത്സമയ നിരീക്ഷണ സജ്ജീകരണമാണെന്നും ദവെ വിശേഷിപ്പിച്ചു.
അതേസമയം, ചില സംസ്ഥാനങ്ങളിലെ പോരായ്മകളും ദവെ ചൂണ്ടിക്കാട്ടി. ഝാര്‍ഖണ്ഡില്‍ സിസിടിവികള്‍ സ്ഥാപിക്കുന്നതിനുള്ള ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും സിദ്ധാര്‍ഥ് ദവെ പറഞ്ഞു.ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ സിസിടിവികള്‍ നിരീക്ഷിക്കുന്ന സംവിധാനം സ്ഥാപിക്കുന്ന പ്രക്രിയയിലാണെന്നും ദവെ കൂട്ടിച്ചേര്‍ത്തു. ഇതോടെ, കേരളത്തിന് ഏറ്റവും മികച്ച സജ്ജീകരണമുണ്ടെന്നാണ്് നിങ്ങള്‍ പറയുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് അത് എന്തുകൊണ്ട് പിന്തുടരാന്‍ കഴിയില്ലെന്ന് ബഞ്ച് ചോദിച്ചു. അതിനിടെ, ചില സംസ്ഥാനങ്ങളിലെ സിസിടിവി ക്യാമറകള്‍ ഉപയോഗിച്ച് ഡാറ്റ ശേഖരിക്കുന്ന പാക് ബന്ധമുള്ള ചാര ശൃംഖലയെക്കുറിച്ചുള്ള റിപോര്‍ട്ടുകള്‍ ജസ്റ്റിസ് സന്ദീപ് മേത്ത പരാമര്‍ശിച്ചു. ഇത്തരം ബന്ധമുള്ള ക്യാമറകളെല്ലാം പൊളിച്ചുമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്ന ഒരു വാര്‍ത്ത താന്‍ കണ്ടു, ഈ ക്യാമറകള്‍ മാറ്റി സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബജറ്റ് എവിടെ നിന്ന് ലഭിക്കുമെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത ചോദിച്ചു. സുരക്ഷാ പ്രശ്നമുണ്ടാകുമ്പോള്‍, ഈ ക്യാമറകള്‍ പോലീസ് സ്റ്റേഷനില്‍ മാത്രമല്ല, മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്. മാറ്റിസ്ഥാപിക്കല്‍ പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാല്‍, എല്ലാ ക്യാമറകളും നീക്കം ചെയ്യും. മാറ്റി സ്ഥാപിക്കാനുള്ള ക്യാമറകള്‍ എവിടെ നിന്നു ലഭിക്കുമെന്നും ജസ്റ്റിസ് മേത്ത ചോദിച്ചു. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജ്കുമാര്‍ ഭാസ്‌കര്‍ താക്കറെ കോടതിയെ അറിയിച്ചു. എന്നാല്‍ പോലീസ് സ്റ്റേഷനുകളില്‍ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും ചെലവുകള്‍ പങ്കിട്ടാണ് സിസിടിവി സ്ഥാപിക്കുന്നത്. അതിനാല്‍ അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും കേരള മോഡല്‍ ഉപയോഗിക്കുകയും വേണമെന്ന് ബഞ്ച് പറഞ്ഞു. ഈ കോടതിയുടെ മേല്‍നോട്ടത്തിലുള്ള പദ്ധതി നടപ്പിലാക്കുന്നതില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയില്‍ നിന്ന് ഉചിതമായ നിര്‍ദേശം ലഭിക്കുന്നതിന് കോടതിയില്‍ ഹാജരാകണം. നാളെ വീണ്ടും വാദം കേള്‍ക്കാമെന്നും കോടതി പറഞ്ഞു.






