Connect with us

Articles

ഫലസ്തീനിലും നോമ്പുണ്ട്; പക്ഷേ...

അഞ്ച് മാസമായി വെള്ളവും മരുന്നും ഭക്ഷണവുമില്ലാതെ കഴിയുന്ന ജനതക്ക് ഈ പുണ്യമാസത്തില്‍ പോലും സമാധാനപരമായി നോമ്പ് അനുഷ്ഠിക്കാന്‍ സാധിക്കുന്നില്ല. പട്ടിണിയെ ആയുധമാക്കി ഫലസ്തീന്‍ ജനതക്ക് മേല്‍ പൂര്‍ണമായ ആധിപത്യത്തിനാണ് ഇസ്‌റാഈല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ശുദ്ധജല ലഭ്യതയില്ല ഗസ്സയില്‍. ഭക്ഷണം ലഭിച്ചവര്‍ ആദ്യ നോമ്പ് തുറന്നത് തകര്‍ന്ന കെട്ടിടങ്ങളിലെ മാലിന്യങ്ങള്‍ക്കിടയിലായിരുന്നു. ശവപ്പറമ്പായി മാറിയ ഭൂപ്രദേശമാണിന്ന് ഗസ്സ.

Published

|

Last Updated

“ഈ റമസാനില്‍ പോലും ആളുകള്‍ പള്ളികളില്‍ പോകാന്‍ ഭയപ്പെടുന്നു. കാരണം, അനേകം പള്ളികളാണ് ആക്രമിക്കപ്പെട്ടത്. ഇത് അവരില്‍ ഏകാന്തതയുണ്ടാക്കുന്നു. അവരുടെ വേദന കുറയ്ക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുകയാണ്. ഭക്ഷണം പേരിന് മാത്രമാണ് പലയിടത്തും. എങ്കിലും ഞങ്ങള്‍ പരമാവധി ഭക്ഷണം എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഞങ്ങളുടെ എല്ലാ ശ്രമങ്ങളും വെറുതെയല്ല, പക്ഷേ, ഇതുകൊണ്ട് മാത്രം മതിയാകുന്നില്ല’- ഫലസ്തീന്‍ ജനതയുടെ റമസാനിലെ ആദ്യ ദിനങ്ങള്‍ എങ്ങനെയാണെന്നറിയാന്‍ അല്‍ജസീറ പ്രതിനിധി റഫയിലെ സാമൂഹിക അടുക്കളയില്‍ സന്നദ്ധസേവനം നടത്തുന്ന മഹ്മൂദ് അല്‍ ഖേശ്വിയോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയാണിത്.

ലോകമെങ്ങുമുള്ള മുസ്‌ലിം ജനത വിശുദ്ധ റമസാനിനെ ഹൃദയം നിറഞ്ഞ് സ്വീകരിക്കുമ്പോള്‍ ഫലസ്തീന്‍ ജനത സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇസ്‌റാഈല്‍ ആക്രമണത്തിനും ഉപരോധത്തിനും കീഴിലാണ് ഫലസ്തീനിലെ നോമ്പുകാലം. ഇസ്‌റാഈല്‍ നരഹത്യ ആരംഭിച്ച് ആറ് മാസമാകുന്നു. ഇതിനിടയിലാണ് റമസാന്‍ കാലമെത്തിയിരിക്കുന്നത്. “ഈ വര്‍ഷത്തെ റമസാന്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്, ഞങ്ങള്‍ പ്രിയപ്പെട്ടവരില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വളരെ അകലെയാണ്. ഇത്തവണ എല്ലാം വ്യത്യസ്തമാണ്’- വടക്കന്‍ ഗസ്സയില്‍ നിന്ന് കുടിയിറക്കപ്പെട്ട ഫലസ്തീനിയായ ഇമാദ് അല്‍ നജ്ജാര്‍ പറയുന്നു. തങ്ങള്‍ അഞ്ച് മാസമായി വ്രതാനുഷ്ഠാനത്തിലാണെന്നാണ് ഫലസ്തീനികള്‍ പറയുന്നത്, അതുകൊണ്ട് തന്നെ ഈ വര്‍ഷം റമസാനില്‍ മാത്രം ആരംഭിക്കുന്ന ഒന്നല്ല അവര്‍ക്ക് നോമ്പ്.

31,000ത്തിലേറെ ഫലസ്തീനികള്‍ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. ഇവരില്‍ 13,000ലധികം പേര്‍ കുട്ടികളാണെന്നറിയുക. കുറഞ്ഞത് 1.7 ദശലക്ഷം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടു. യുദ്ധം അനാഥരാക്കിയത് 17,000 കുട്ടികളെയാണ്. കടുത്ത പട്ടിണി അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നു. പട്ടിണിയെ തുടര്‍ന്ന് 18ഓളം പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ 15 പേരും കുട്ടികളാണ്. യുദ്ധത്തില്‍ പരുക്കേറ്റവർ 72,000ത്തില്‍ കൂടുതലാണ്. പോഷകാഹാരക്കുറവിനെ തുടര്‍ന്ന് ഗസ്സയിലെ കുഞ്ഞുങ്ങള്‍ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നു. ഇവരില്‍ ഏറെയും മരണത്തോട് മല്ലിടുകയാണ്. ഇത്തരം ദുരിതപര്‍വങ്ങള്‍ക്കിടയിലാണ് നോമ്പ് കാലമെത്തിയിരിക്കുന്നത്. റമസാനാണെങ്കിലും അല്ലെങ്കിലും ഒരേ ജീവിതാവസ്ഥകളിലൂടെ സഞ്ചരിക്കുകയാണ് ഈ ജനത. റമസാന്‍ നോമ്പ് വിശ്വാസിക്ക് നിര്‍ബന്ധ ബാധ്യതയാണെന്നതിനാല്‍ പ്രശ്നഭരിതമായ സാഹചര്യത്തിലും ഫലസ്തീനികള്‍ അതില്‍ നിന്ന് മാറിനില്‍ക്കുന്നില്ല. അപാരമായ വിശ്വാസമാണ് അവരുടെ ആകെയുള്ള കരുത്ത്. വിശ്വാസ ദൃഢതയുടെ കരുത്തിലാണ് അവര്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നത്. പ്രിയപ്പെട്ടവരെല്ലാം കണ്‍മുന്നില്‍ പിടഞ്ഞുവീഴുമ്പോഴും അവരെ തളരാതെ പിടിച്ചുനിര്‍ത്തുന്നത് ആ വിശ്വാസമാണ്. അതിനാല്‍ ഈ നോമ്പും അവര്‍ പതിന്‍മടങ്ങ് ഊര്‍ജത്തോടെ അനുഷ്ഠിക്കുന്നു. പക്ഷേ, നോമ്പ് എടുക്കാനോ തുറക്കാനോ ഒരു തുള്ളി വെള്ളം ലഭ്യമാകാതെ എങ്ങനെ അവര്‍ ഈ പുണ്യമാസത്തെ വിനിയോഗിക്കും.

തൊണ്ട നനക്കാന്‍ പോലും ഒരു തുള്ളി ദാഹജലം ലഭ്യമാകുന്നില്ല. ഭക്ഷണപ്പൊതിയുമായെത്തുന്ന സന്നദ്ധ സംഘടനകളുടെ വാഹനം കാത്തിരിക്കുകയാണിവര്‍. അതല്ലെങ്കില്‍ വല്ലപ്പോഴും ഹെലികോപ്റ്റർ വഴി വിതരണം ചെയ്യുന്ന ഭക്ഷണം. ഇതുതന്നെ എത്രനാള്‍ ഉണ്ടാകുമെന്ന് അവര്‍ക്കറിയില്ല. ഭക്ഷണവും മരുന്നുമെല്ലാം വിതരണം ചെയ്യുന്നതിന് കടുത്ത നിയന്ത്രണമാണ് ഇസ്‌റാഈല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളെല്ലാം കാലിയാണ്. എവിടെയും ഒഴിഞ്ഞ റാക്കുകള്‍ മാത്രമാണുള്ളത്. “ഞാന്‍ ഇവിടെ വന്നത് സാധനങ്ങള്‍ വാങ്ങാനാണ്, പക്ഷേ, എനിക്ക് വാങ്ങാന്‍ കഴിയുന്ന ഒന്നും കണ്ടെത്താനായില്ല’ സ്വദേശിയായ സുഫിയാന്‍ അല്‍യാസ്ജി പറഞ്ഞു.

ഗസ്സയിലെ 2.3 മില്യണ്‍ ജനസംഖ്യയുടെ പകുതിയിലധികവും റഫയിലാണെന്ന് കണക്കാക്കപ്പെടുന്നു. താമസം, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ ആവശ്യത്തിന് ലഭ്യമല്ലാതെ ഗുരുതരമായ ക്ഷാമത്തോട് പൊരുതുകയാണ് ഇവിടെയുള്ളവര്‍. ഗസ്സയുടെ വടക്ക് ഭാഗത്തേക്കുള്ള സഹായ വിതരണം നിയന്ത്രിച്ചത് കൂടുതല്‍ പേരെ പട്ടിണിയിലേക്ക് തള്ളിവിടാന്‍ ഇടയാക്കി. 1.5 ദശലക്ഷത്തിലധികം ആളുകള്‍ തിങ്ങിത്താമസിക്കുന്ന റഫയില്‍ ഈ റമസാനില്‍ ഒരു ഗ്രൗണ്ട് ഓപറേഷന്‍ ആരംഭിക്കുമെന്ന് ഇസ്‌റാഈല്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അതിന്റെ ഞെട്ടലിലാണ് ഫലസ്തീന്‍ ജനത. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയാണുള്ളത്. പലരും ഗസ്സയുടെ മറ്റ് ഭാഗങ്ങളിലേക്ക് പലായനം ചെയ്തിരിക്കുകയാണ്. ഇസ്‌റാഈല്‍ സൈന്യം പ്രഖ്യാപിച്ച സുരക്ഷിത മേഖലയാണിതെന്നോര്‍ക്കണം. ഇതിപ്പോള്‍ ജനസാന്ദ്രതയുള്ള അഭയാര്‍ഥി ക്യാമ്പായി മാറിക്കഴിഞ്ഞു. ഏകദേശം 63 ചതുരശ്ര കിലോമീറ്റര്‍ ആണ് റഫയുടെ വിസ്തീര്‍ണം. ഒരു ചതുരശ്ര കിലോമീറ്ററില്‍ 22,200ലധികം ആളുകളാണ് ഇവിടുത്തെ ഇപ്പോഴത്തെ ശരാശരി ജനസാന്ദ്രത. ന്യൂയോര്‍ക്ക് നഗരത്തിന്റെ ഇരട്ടിയാണിത്. ഇസ്‌റാഈല്‍ പട്ടാളം തോക്ക് ഉയര്‍ത്തിയാല്‍, ബോംബ് വര്‍ഷിച്ചാല്‍ രക്തച്ചൊരിച്ചിലായിരിക്കും റഫയില്‍ സംഭവിക്കുക. മുസ്‌ലിംകള്‍ വിശുദ്ധ മാസമായി കരുതുന്ന ഈ റമസാനില്‍ തന്നെ അത് സംഭവിച്ചേക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. അമേരിക്ക തന്നെയും ഈ ഓപറേഷനില്‍ നിന്ന് മാറിനില്‍ക്കാന്‍ ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, എല്ലാ മുന്നറിയിപ്പുകളും അവഗണിച്ച് റഫക്കു നേരേ അക്രമം അഴിച്ചുവിടാന്‍ തന്നെയാണ് ഇസ്‌റാഈലിന്റെ തീരുമാനം. അമേരിക്ക ഉള്‍പ്പെടെ മുന്നോട്ടുവെച്ച ആവശ്യത്തെ പോലും നിരാകരിക്കുകയാണ് ഇസ്‌റാഈല്‍.

സാധാരണ ഏറെ ആഹ്ലാദത്തോടെയാണ് ഫലസ്തീനികള്‍ വിശുദ്ധ മാസത്തെ സ്വീകരിച്ചിരുന്നത്. വീടിനു മുന്നില്‍ അലങ്കാര വിളക്കുകള്‍ തൂക്കിയും നല്ല ഭക്ഷണമുണ്ടാക്കിയുമെല്ലാമാണ് അവര്‍ റമസാനിനെ ഹൃദയത്തോട് ചേര്‍ത്തുവെച്ചിരുന്നത്. റമസാനിന്റെ തലേന്ന് അല്‍അഖ്‌സ മസ്ജിദില്‍ ഫലസ്തീനികള്‍ പ്രവേശിക്കുന്നത് ഇസ്‌റാഈല്‍ സൈന്യം തടഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് പട്ടാളക്കാരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. വിശുദ്ധ ഗേഹമായതിനാല്‍ ഈയൊരു മാസം കൂടുതലായി ജനം ഇവിടേക്ക് കൂട്ടമായെത്തും. എന്നാല്‍, പ്രാര്‍ഥിക്കാനെത്തുന്നവരെ തടയുകയും അക്രമിക്കുകയും ചെയ്യുന്നത് നേരത്തേയുള്ളതാണ്. കഴിഞ്ഞ വര്‍ഷവും രാത്രി മുഴുവന്‍ പള്ളികളില്‍ പ്രാര്‍ഥനയിലും മറ്റു ആരാധനകളിലും കഴിഞ്ഞിരുന്നവരെ പുറത്താക്കുകയും അക്രമിക്കുകയും ചെയ്തു. ഇതിനെ ചെറുത്തതിന് സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര്‍ വാതകവും പ്രയോഗിച്ചാണ് ഇസ്‌റാഈല്‍ സൈന്യം പ്രതികാരം തീര്‍ത്തത്. സ്ത്രീകളും പ്രായമായവരുമായ വിശ്വാസികളെ മര്‍ദിക്കുകയും 450ഓളം പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. അല്‍അഖ്സ മസ്ജിദ് മുസ്‌ലിംകള്‍ക്ക് മാത്രമുള്ള ആരാധനാലയമാണെന്ന് 2015ലെ കരാറുണ്ടായിട്ടും ഇവിടേക്ക് മറ്റു മതസ്ഥരായ ആളുകള്‍ക്ക് നിര്‍ദിഷ്ട ദിവസങ്ങളില്‍ പ്രവേശനം നല്‍കുന്നുണ്ട്. ഇങ്ങനെ വരുന്നവരും ഇവിടെ ആരാധനകളില്‍ ഏര്‍പ്പെട്ട മുസ്‌ലിം വിശ്വാസികളെ അക്രമിക്കുന്നത് സ്ഥിരം കാഴ്ചയാണെന്ന് ഫലസ്തീനികള്‍ പറയുന്നു. ഇതിനെ ചോദ്യം ചെയ്താല്‍ പോലീസ് ഇടപെടുകയും അത് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്യും. 2021ല്‍ ഹമാസും ഇസ്‌റാഈലും തമ്മിലുള്ള 11 ദിവസം നീണ്ട സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്‌റാഈല്‍ മസ്ജിദുല്‍ അഖ്സയില്‍ നിന്ന് വിശ്വാസികളെ ഒഴിപ്പിക്കുകയും കിഴക്കന്‍ ജറൂസലമിന്റെ സമീപത്തെ ശൈഖ് ജര്‍റയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഈ റമസാനിലും സമാനമായ അസ്വസ്ഥതകള്‍ അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. റമസാനിലെ ആദ്യ ദിനത്തിലും ഇസ്‌റാഈല്‍ അക്രമത്തിന് കുറവുണ്ടായില്ല. ഗസ്സ സിറ്റിക്ക് തെക്ക് കുവൈത്ത് റൗണ്ട് എബൗട്ടില്‍ സഹായട്രക്കുകള്‍ക്കായി കാത്തുനിന്ന ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം അക്രമിക്കുകയും ഏഴ് പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി വഫ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറാണ് ഇസ്‌റാഈല്‍ പോലീസിനെ നിയന്ത്രിക്കുന്നത്. റമസാനില്‍ വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ നിവാസികളെ പള്ളിയില്‍ പ്രാര്‍ഥിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ഫെബ്രുവരിയില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇവിടെയുണ്ടാകുന്ന ഏത് അതിക്രമവും ഫലസ്തീനിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാനും ജനങ്ങളുടെ ശാന്തമായ ജീവിതത്തെ ബാധിക്കാനും ഇടവരുത്താറുണ്ട്.
അഞ്ച് മാസമായി വെള്ളവും മരുന്നും ഭക്ഷണവുമില്ലാതെ കഴിയുന്ന ജനതക്ക് ഈ പുണ്യമാസത്തില്‍ പോലും സമാധാനപരമായി നോമ്പ് അനുഷ്ഠിക്കാന്‍ സാധിക്കുന്നില്ല. സംഘര്‍ഷങ്ങളില്‍ ഒരു ഭാഗത്ത് മരണം സംഭവിക്കുമ്പോള്‍ തന്നെയാണ് മറ്റൊരിടത്ത് ഭക്ഷണമില്ലാതെ ആളുകള്‍ മരിച്ചുവീഴുന്നത്. പട്ടിണിയെ ആയുധമാക്കി ഫലസ്തീന്‍ ജനതക്ക് മേല്‍ പൂര്‍ണമായ ആധിപത്യത്തിനാണ് ഇസ്‌റാഈല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ശുദ്ധജല ലഭ്യതയില്ല ഗസ്സയില്‍. ഭക്ഷണം ലഭിച്ചവര്‍ ആദ്യ നോമ്പ് തുറന്നത് തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലെ മാലിന്യങ്ങള്‍ക്കിടയിലായിരുന്നു. കെട്ടിടങ്ങളും വീടുകളുമെല്ലാം തകര്‍ത്ത് ശവപ്പറമ്പായി മാറിയ ഭൂപ്രദേശമാണിന്ന് ഗസ്സ. അഭയാര്‍ഥി കേന്ദ്രങ്ങളില്‍ വിവിധ സന്നദ്ധ സംഘടനകള്‍ സഹായവുമായി രംഗത്തുണ്ടെങ്കിലും ഭക്ഷണ വിതരണം ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ നിയന്ത്രിക്കുകയാണ് ഇസ്‌റാഈല്‍. സഹായവുമായി എത്തുന്നവരെ പോലും കൊലപ്പെടുത്തുന്ന ക്രൂരതയാണ് ഇസ്‌റാഈലിന്റെ പക്ഷത്ത് നിന്ന് ഉണ്ടാകുന്നത്. ഇത്തരം നിയന്ത്രണങ്ങളെ മറികടന്നും ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കാന്‍ നിരവധി പേര്‍ മുന്നോട്ടു വരുന്നുണ്ട്. അവര്‍ക്ക് സാമ്പത്തികമായി സഹായങ്ങള്‍ നല്‍കി ഫലസ്തീന്‍ ജനതയോടൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ കൂടി ഈ റമസാന്‍ കാലത്ത് മനുഷ്യത്വമുള്ളവരെല്ലാം തയ്യാറാകേണ്ടതുണ്ട്.

Latest