Kerala
സിപിഎമ്മിന്റെ ഭൂരിഭാഗം എംഎല്‍എമാരും വീണ്ടും മത്സരിച്ചേക്കും; ടേം വ്യവസ്ഥയില്‍ ഇളവിന് സാധ്യത
സിറ്റിങ്ങ് എംഎല്‍എമാരോട് മണ്ഡലത്തില്‍ സജീവമാകാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചതായാണ് അറിയുന്നത്.
തിരുവനന്തപുരം | നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ സിപിഎമ്മില്‍ ധാരണ. ഇതോടെ പ്രമുഖ നേതാക്കളടക്കം ഭൂരിഭാഗം സിറ്റിംഗ് എംഎല്‍എമാരും വീണ്ടും മത്സര രംഗത്തുണ്ടാകും. വിജയ സാധ്യത കണക്കിലെടുത്താണ് പുതിയ തീരുമാനം. നിലവിലെ 62 എംഎല്‍എമാരില്‍ 50 പേരും വീണ്ടും മത്സരിച്ചേക്കും. സിറ്റിങ്ങ് എംഎല്‍എമാരോട് മണ്ഡലത്തില്‍ സജീവമാകാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചതായാണ് അറിയുന്നത്.
പാര്‍ട്ടി സെക്രട്ടേറിയറ്റിലെ 17 അംഗങ്ങളില്‍ 13 പേരും മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, പി എ മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍ തുടങ്ങിയവരാണ് ഇതില്‍ പ്രമുഖര്‍ . അതേ സമയം കഴിഞ്ഞ തവണ മാറിനിന്ന മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക് വീണ്ടും സ്ഥാനാര്‍ത്ഥിയാകും.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, പുത്തലത്ത് ദിനേശന്‍, സി എന്‍ മോഹനന്‍ എം എം മണി, എം മുകേഷ്, യു പ്രതിഭ, ദലീമ ജോജോ, എ സി മൊയ്തീന്‍, എം രാജഗോപാല്‍ എന്നിവര്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഷൊര്‍ണൂരില്‍ പി മമ്മിക്കുട്ടിയെ മാറ്റി പുതുമുഖത്തെ നിര്‍ത്താനും ആലോചനയുണ്ട്.
ഈ ആഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.



