Connect with us

Kerala

ആ വീട്ടില്‍ ഇനി മൂന്ന് പേര്‍ മാത്രം

പരപ്പനങ്ങാടി പുതിയ കടപ്പുറം പരേതനായ അബൂബക്കറിന്റെയും റുഖിയ്യയുടെയും രണ്ട് ആണ്‍മക്കളുടെയും ഭാര്യമാരും മക്കളുമടക്കം ഒമ്പത് പേര്‍ക്കാണ് താനൂര്‍ ബോട്ട് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്.

Published

|

Last Updated

താനൂര്‍ | മക്കളും പേരമക്കളുമായി കുന്നുമ്മല്‍ വീട്ടില്‍ 12 പേരുള്ള വലിയ കുടുംബത്തില്‍ കളിചിരികളായിരുന്നു. എന്നാല്‍ ഇവരില്‍ ഒമ്പത് പേരും ഇന്നലെ പരപ്പനങ്ങാടി അരയന്‍ കടപ്പുറം മഹല്ല് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുകയാണ്, വല്ല്യുമ്മ റുഖിയ്യയെയും ഉപ്പമാരായ സൈതലവിയെയും സിറാജിനെയും വീട്ടില്‍ തനിച്ചാക്കി.

ഞായറാഴ്ച വൈകുവോളം ആഹ്ലാദം നിറഞ്ഞിരുന്ന ആ വീടില്‍ ഇന്ന് ദുഃഖം തളംകെട്ടി കിടക്കുകയാണ്. പരപ്പനങ്ങാടി പുതിയ കടപ്പുറം പരേതനായ അബൂബക്കറിന്റെയും റുഖിയ്യയുടെയും രണ്ട് ആണ്‍മക്കളുടെയും ഭാര്യമാരും മക്കളുമടക്കം ഒമ്പത് പേര്‍ക്കാണ് താനൂര്‍ ബോട്ട് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്.

ഇവരുടെ കുടുംബത്തിലെ അംഗമെന്ന പോലെ കഴിഞ്ഞിരുന്ന ആവിയല്‍ ബീച്ച് കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യയും മകനും ജീവന്‍ നഷ്ടപ്പെട്ടു. അഥവാ മരണപ്പെട്ട 11 പേരും റുഖിയ്യക്ക് മക്കള്‍ തന്നെ.

റുഖിയ്യയുടെ മൂത്തമകന്‍ സൈതലവിയുടെ ഭാര്യ സീനത്ത്, അവരുടെ മക്കളായ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ ഹസ്‌ന, ഷംന, 13 വയസ്സുകാരി ശഫ്‌ന, എട്ട് മാസം പ്രായമുള്ള സഫ്്‌ല ഷെറിന്‍, സിറാജിന്റെ ഭാര്യ റസീന, മക്കളായ സഹ്‌റ, ഫാത്വിമ റുഷ്ദ, നൈറ ഫാത്വിമ എന്നീ ഒമ്പത് പേരാണ് അപകടത്തില്‍ മരിച്ചത്. കുടുംബത്തിലെ ഒരംഗമെന്നപോലെ കഴിയുന്ന ജാബിറിന്റെ ഭാര്യ ജല്‍സിയയും ജരീറും അപകടത്തില്‍ മരിച്ചു.

റുഖിയയ്യുടെ മകള്‍ നുസ്‌റത്ത്, ആഇശ മെഹ്‌റിന്‍ എന്നിവരും ജാബിറിന്റെ മറ്റൊരു മകള്‍ ജന്നയുമടക്കം 14 പേരാണ് കുന്നുമ്മല്‍ കുടുംബത്തില്‍ നിന്നും ബോട്ടില്‍ ഉല്ലാസ യാത്രക്കായി കയറിയത്. ഇവര്‍ മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. വേനലവധിയായതിനാല്‍ കുട്ടികളുടെ നിരന്തര ആവശ്യപ്രകാരം ഞായറാഴ്ച വൈകിട്ട് നാലോടെയാണ് കുന്നുമ്മല്‍ വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള തുവ്വല്‍ തീരം കടവിലേക്ക് പുറപ്പെട്ടത്.

വിനോദ സഞ്ചാരികള്‍ എറെ എത്താറുള്ള തൂവല്‍ തീരം വീടിനടുത്താണെങ്കിലും കുട്ടികള്‍ ഇതുവരെ അവിടെ പോയില്ലായിരുന്നു. കുട്ടികള്‍ നിരന്തരം ആവശ്യമുന്നയിച്ചപ്പോള്‍ ഉമ്മമാരുടെ നേതൃത്വത്തില്‍ തുവ്വല്‍ തീരം കടപ്പുറത്തേക്ക് പോവുകയായിരുന്നു. വൈകിട്ട് ആറോടെയാണ് ഇവര്‍ വിനോദ സഞ്ചാര ബോട്ടില്‍ കയറുന്നത്.

ബോട്ടിന്റെ അന്നത്തെ അവസാന സര്‍വീസായതിനാല്‍ വരാന്‍ താത്പര്യമുള്ള എല്ലാവരെയും കയറ്റി.

മുതിര്‍ന്നവര്‍ക്ക് മാത്രം ടിക്കറ്റെടുത്താല്‍ മതിയെന്നതിനാല്‍ കുട്ടികള്‍ എല്ലാവരും ബോട്ടില്‍ കയറിപ്പറ്റുകയായിരുന്നു. ഇരുട്ടാകാറായിട്ടും മക്കളെ കാണാത്തതിനാല്‍ സൈതലവി കടപ്പുറത്തേക്ക് തിരിച്ചെങ്കിലും പകുതിയിലെത്തിയപ്പോള്‍ നടുക്കുന്ന അപകട വിവരമാണ് കേള്‍ക്കാനായത്.

മക്കളുടെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ വീട്ടുമുറ്റത്തേക്ക് എത്തിച്ചപ്പോള്‍ സൈതലവിക്കും സിറാജിനും ദുഃഖം താങ്ങാനായില്ല.

അതുകണ്ട് നിന്നവരെയും സങ്കടത്തിലാക്കി. ഈ വലിയ കുടുംബം താമസിക്കുന്ന ചെറിയ വീടിന് മുന്നിലായി പുതിയ വീടിന് ഇവര്‍ തറ കെട്ടിയിട്ടുണ്ട്. അതിന് മുകളിലാണ് മൃതദേഹം നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഒരുനോക്ക് കാണാനായി സൗകര്യം ഒരുക്കിയത്.

 

Latest