Connect with us

Kerala

ബൈക്കില്‍ സഞ്ചരിക്കവെ മയില്‍ ദേഹത്തിടിച്ച് യുവാവ് മരിച്ചു; ഭാര്യക്ക് പരുക്ക്

അയ്യന്തോള്‍ പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.

Published

|

Last Updated

തൃശൂര്‍ | ബൈക്ക് ഓടിക്കുന്നതിനിടെ മയില്‍ ദേഹത്തിടിച്ച് നിയന്ത്രണം വിട്ട് യുവാവ് മരിച്ചു. ഭാര്യക്ക് പരിക്കേറ്റു. പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന്‍ പ്രമോഷ് (34) ആണ് മരിച്ചത്. പരിക്കേറ്റ ഭാര്യ വീണയെ(26) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയ്യന്തോള്‍ പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. മയിലും ചത്തു.

ദമ്പതികള്‍ ബൈക്കില്‍ സഞ്ചരിക്കവെ റോഡ് മുറിച്ചു പറന്ന മയില്‍ പ്രമോഷിന്റെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മറിഞ്ഞു. നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിനേയും ഇടിച്ചു തെറിപ്പിച്ചു. ആ ബൈക്കിലെ യാത്രക്കാരനായ വാടാനപ്പിള്ളി നടുവില്‍ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന്‍ ധനേഷിനും (37) പരിക്കേറ്റു.

തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോഷ്. നാല് മാസം മുമ്പായിരുന്നു വിവാഹം. പ്രമീളയാണ് പ്രമോഷിന്റെ അമ്മ. സഹോദരങ്ങള്‍: ശരണ്‍, പ്രസീത.

Latest