Connect with us

യാത്രാനുഭവം

സമുറ മരങ്ങളെ തഴുകുന്ന കാറ്റ്

മശ്ഹദ് എന്ന കൊച്ചു ഗ്രാമത്തിലൂടെയാണ് ദൗഅനിലേക്ക് പ്രവേശിക്കേണ്ടത്. ഹജ്‌റൈൻ പ്രവിശ്യ യുടെ ഭാഗമാണ് ഈ നാട്. ഹിജ്‌റ പന്ത്രണ്ടാം നൂറ്റാണ്ട് വരെ ഹളർമൗത്തിൽ തീർത്തും ഒറ്റപ്പെട്ടുപോയ പ്രദേശമായിരുന്നു ഇത്. അക്രമികളുടെയും കവർച്ചാ സംഘങ്ങളുടെയും താവളമായിരുന്ന മശ്ഹദ് ഇന്ന് ഹളർമൗത്തിലെ ഒരു തീർഥാടന കേന്ദ്രമാണ്.

Published

|

Last Updated

അജ്‌ലാനിയ്യയിൽ നിന്നും മടങ്ങുമ്പോൾ ളുഹ്ർ ബാങ്ക് വിളിക്കുന്നുണ്ടായിരുന്നു. ഇനി നിസ്‌കാരത്തിനും ഭക്ഷണം പാകം ചെയ്യുന്നതിനും സൗകര്യമുള്ള സ്ഥലം കണ്ടെത്തണം. രണ്ട് ദിവസത്തെ യാത്രക്കുള്ള മുഴുവൻ സജ്ജീകരണങ്ങളും കൊണ്ടാണ് ഞങ്ങൾ പുറപ്പെട്ടിരിക്കുന്നത്. ദാറുൽ മുസ്ത്വഫയിൽ നിന്നും നടത്തുന്ന ദഅ്വ യാത്രയുടെ പ്രത്യേകതയാണത്. എല്ലാ വ്യാഴാഴ്ചയും രാവിലെ വിവിധ ഗ്രൂപ്പുകളായി വ്യത്യസ്ത ദേശങ്ങളിലേക്ക് പുറപ്പെടുന്ന യാത്രകളിൽ വെള്ളിയാഴ്ച രാത്രി തിരിച്ചെത്തുന്നത് വരെ അവർക്ക് വേണ്ട വെള്ളവും ഭക്ഷണ സാധനങ്ങളും അവ പാകം ചെയ്യാനുള്ള ഗ്യാസും മറ്റു സാമഗ്രികളും വാഹന സൗകര്യവും എല്ലാം സ്ഥാപനം സൗജന്യമായി നൽകും. വഴിയിലെവിടെയെങ്കിലും വെച്ച് എല്ലാവരും കൂടി അവ പാകം ചെയ്ത് കഴിക്കും. ഗ്രാമങ്ങളിലെ പള്ളികളിലും മറ്റു മൈതാനങ്ങളിലും ആളുകളെ വിളിച്ചുകൂട്ടി പ്രസംഗിക്കും. വിശുദ്ധ ദീനിന്റെ സന്ദേശം അവർക്കും പകർന്നു നൽകും. ഓരോ താഴ്്വരയിലൂടെ കടന്നുപോകുമ്പോഴും കഴിഞ്ഞ കാലങ്ങളിൽ ആ ദേശങ്ങളിൽ ജീവിച്ചുപോയ ആത്മജ്ഞാനികളുടെ മഖ്ബറകൾ സന്ദർശിക്കും. വ്യാഴാഴ്ച രാത്രിയാകുമ്പോൾ സൗകര്യമുള്ള ഏതെങ്കിലും പള്ളികളിലോ മറ്റോ താമസിക്കും. കാലങ്ങളായി നടന്നുപോരുന്ന ഈ യാത്രകൾ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുണ്ട്.

ഹൗറ പട്ടണത്തിനടുത്തായി ഞങ്ങളുടെ വാഹനം നിർത്തി. നിസ്‌കാരം നിർവഹിക്കാനും ഭക്ഷണം പാകം ചെയ്ത് കഴിക്കാനുമുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പെട്ടെന്ന് യാത്ര തുടർന്നു. ഉച്ചവെയിലിന് ഇപ്പോൾ നേരിയ തോതിൽ ചൂട് കൂടിയിട്ടുണ്ട്. വരണ്ട കുന്നുകളും ചെമ്മൺ പാതകളും സൂര്യവെളിച്ചത്തിൽ കൂടുതൽ ചുവന്നിരിക്കുന്നു. മൺപരപ്പിനും ചിതറിക്കിടക്കുന്ന കല്ലുകൾക്കുമിടയിൽ വിശാലമായ കൃഷിയിടങ്ങൾ. ഗോതമ്പും ചോളവുമാണ് കൂടുതലും. റോഡിന്റെ ഒരു വശം വരണ്ടുണങ്ങിയ കൂറ്റൻ മലനിരകൾ, എതിർവശത്ത് പച്ച പിടിച്ച ഈന്തപ്പനകൾ, അവക്കിടയിൽ മേഞ്ഞു നടക്കുന്ന ആട്ടിൻ കൂട്ടങ്ങൾ.. മനസ്സിന് കുളിര് നൽകുന്ന ജാലകക്കാഴ്ചകൾ സമ്മാനിച്ചുകൊണ്ടാണ് വാഹനം മുന്നോട്ട് നീങ്ങുന്നത്.
മശ്ഹദ് എന്ന കൊച്ചു ഗ്രാമത്തിലൂടെയാണ് ദൗഅനിലേക്ക് പ്രവേശിക്കേണ്ടത്. ഹജ്‌റൈൻ പ്രവിശ്യയുടെ ഭാഗമാണ് ഈ നാട്. ഹിജ്‌റ പന്ത്രണ്ടാം നൂറ്റാണ്ട് വരെ ഹളർമൗത്തിൽ തീർത്തും ഒറ്റപ്പെട്ടുപോയ പ്രദേശമായിരുന്നു ഇത്. അക്രമികളുടെയും കവർച്ചാ സംഘങ്ങളുടെയും താവളമായിരുന്ന മശ്ഹദ് ഇന്ന് ഹളർമൗത്തിലെ ഒരു തീർഥാടന കേന്ദ്രമാണ്. ഹളർമൗത്തിലെ പ്രമുഖ സൂഫി പണ്ഡിതനും കവിയും സാഹിത്യകാരനുമായ ഹബീബ് അലി ബിൻ ഹുസൈൻ അൽ അത്താസ് എന്ന മഹാ ഗുരുവാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. മശ്ഹദ് എന്ന ഗ്രാമത്തിന്റെ ശിൽപ്പിയാണ് മഹാൻ. അവർ അന്ത്യവിശ്രമം കൊള്ളുന്ന മഖാമിന് മുന്നിൽ ഞങ്ങളുടെ വാഹനം നിർത്തി.

ഹിജ്‌റ 1121ൽ ഹളർമൗത്തിലെ ഹുറൈള പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. തന്റെ മൂന്നാം വയസ്സിൽ തന്നെ പിതാവ് വിട പറഞ്ഞു. പിതാമഹൻ അബ്ദുല്ലാ ബിൻ ഹുസൈനാണ് അദ്ദേഹത്തെ പരിപാലിച്ചതും അറിവിന്റെ ലോകത്തേക്ക് ആനയിച്ചതും. അക്കാലത്ത് ജീവിച്ചിരുന്ന അനേകം പണ്ഡിതരിൽ നിന്നും അറിവ് നുകർന്ന് അദ്ദേഹം എല്ലാ ജ്ഞാന ശാഖകളിലും മികവ് തെളിയിച്ചു. ശേഷം ഇസ്്ലാമിക പ്രബോധന രംഗത്ത് തിളങ്ങിയ അദ്ദേഹത്തിന് പ്രഗത്ഭരായ അനേകം ശിഷ്യ സമ്പത്തുണ്ടായിരുന്നു. വിജ്ഞാന കൈമാറ്റത്തിന് വ്യത്യസ്ത മാർഗങ്ങൾ സ്വീകരിച്ച അദ്ദേഹം തൂലികാ രംഗത്തും കഴിവ് തെളിയിച്ചു. അൽ ഖിർതാസ്, അൽ അത്വിയ്യത്തുൽ ഹനിയ്യ, റസാഇലുൽ മുർസല, ശവാരിദു ശവാഹിദ്, തുഹ്ഫത്തുസ്സനിയ്യ, ശർഹുമുഖാമാതുൽ ഹരീരി, ഹള്‌റത്തു റബ്ബാനിയ്യ തുടങ്ങി ഇരുപതോളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒട്ടേറെ ഗ്രന്ഥങ്ങൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.

ഹിജ്‌റ 1150ൽ, അദ്ദേഹത്തിന്റെ മുപ്പതാമത്തെ വയസ്സിലാണ് സ്വദേശമായ ഹുറൈളയിൽ നിന്നും ഹജ്‌റൈനിലെ ഈ പ്രദേശത്ത് വന്ന് അദ്ദേഹം വീട് വെച്ച് താമസമാക്കിയത്. സാമൂഹിക ജീർണതകൾ കൊടികുത്തി വാണിരുന്ന ഒരു പ്രദേശത്തെ നീണ്ട ഒമ്പത് വർഷത്തെ ത്യാഗനിർഭരമായ പ്രവർത്തനത്തിലൂടെ ആപാദചൂഢം മാറ്റിമറിച്ചു. അങ്ങനെ 1159ൽ മശ്ഹദ് എന്ന ഈ നാട് അദ്ദേഹം സ്ഥാപിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ് അവിടെ ജീവിച്ചിരുന്ന ഗോത്രങ്ങളെ അദ്ദേഹം സ്വാധീനിച്ചത്. അനേകം കിണറുകൾ കുഴിച്ച് എല്ലാ ഗോത്രങ്ങൾക്കും ശുദ്ധജലം ലഭ്യമാക്കി. അന്നവും ജ്ഞാനവും നൽകി അവരെ സൽവഴിയിലേക്ക് കൊണ്ടുവന്നു. കാലങ്ങളായി അവർക്കിടയിൽ നിലനിന്നിരുന്ന ശത്രുതയും ഏറ്റുമുട്ടലും ഒരു സമാധാന കരാറിലൂടെ അദ്ദേഹം പരിഹരിച്ചു. ഓരോ വർഷവും റബീഉൽ അവ്വൽ 12ന് ഖബീലകൾ തമ്മിലുള്ള കരാർ പുതുക്കുന്ന ദിനമായി അദ്ദേഹം പ്രഖ്യാപിച്ചു. ഇത് പിന്നീട് ആ നാട്ടിലെ വലിയ ആഘോഷമായി മാറി. തിരു നബി (സ) യുടെ ജന്മദിനവും കൂടിയായ ഈ ദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ മശ്ഹദിലെ ജനങ്ങൾക്ക് വലിയ ആവേശമാണ്.

ഞങ്ങൾ ദൗഅൻ പ്രവിശ്യയുടെ പ്രധാന ഭാഗത്തേക്ക് പ്രവേശിച്ചു. രിബാത്വു ബാ അശൻ എന്ന സ്ഥലത്തേക്കാണ് പോകേണ്ടത്. ഇനിയും ഏതാനും ദൂരം സഞ്ചരിക്കാനുണ്ട്. ഹളർമൗത്തിലെ വളരെ മനോഹരമായ പ്രവിശ്യകളിലൊന്നാണ് ദൗഅൻ എന്ന് ഈ യാത്രയിൽ ഞങ്ങൾക്ക് ബോധ്യമായി. ഇരു വശങ്ങളിലുമായി നീണ്ടുകിടക്കുന്ന കൂറ്റൻ മലനിരകൾക്കിടയിൽ ഹരിതാഭമായ ഗ്രാമങ്ങൾ, മലയുടെ താഴ്്വാരത്ത് ചുറ്റിത്തിരിഞ്ഞു കിടക്കുന്ന നീർച്ചാലുകളിൽ നേരിയ നീരൊഴുക്കുണ്ട്. പടിഞ്ഞാറ് നിന്നും കുന്നുകയറി വരുന്ന തണുത്ത കാറ്റ് ഇടതൂർന്ന് നിൽക്കുന്ന സമുറ മരങ്ങളെ തഴുകിത്തലോടി എങ്ങോട്ടോ പോകുന്നു. സൂര്യൻ പതിയെ തണുത്ത് സന്ധ്യ പൂക്കുന്ന നേരമായിരിക്കുന്നു. അകലെ പടിഞ്ഞാറൻ മലനിരകൾക്ക് മുകളിൽ ചുവപ്പു പടരാൻ തുടങ്ങിയിരിക്കുന്നു. ഇരുട്ട് വീഴാൻ തുടങ്ങും മുമ്പ് വീടണയാൻ തിടുക്കത്തിൽ കുന്നുകൾക്കിടയിലൂടെ നിരനിരയായി ഇറങ്ങിവരുന്ന ആട്ടിൻകൂട്ടങ്ങളെ കാണാം. ഇവിടെ റോഡിൽ വാഹനങ്ങൾ വളരെ കുറവാണ്. ബൈക്കുകൾ ഉപയോഗിക്കുന്നതിന് പകരം ചെറിയ യാത്രക്കും, സാധനങ്ങൾ ചുമന്ന് കൊണ്ടുപോകുന്നതിനും ഈ നാട്ടുകാർ കഴുതകളെയാണ് ആശ്രയിക്കുന്നത്. ഗ്രാമത്തിനുള്ളിലേക്ക് സഞ്ചരിക്കുന്നതോടെ റോഡിന് ഇരു വശങ്ങളിലും കൂടുതൽ കഴുത വണ്ടികൾ കാണാനായി. വൈകാതെ, ഇരുട്ടാകുന്നതിന് മുമ്പ് തന്നെ ഞങ്ങൾ രിബാത്വു ബാ അശനിലെത്തി.

Latest