Connect with us

National

26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാനുള്ള വിവാഹിതയായ സ്ത്രീയുടെ ഹർജി സുപ്രീം കോടതി തള്ളി

ഗർഭധാരണം 24 ആഴ്‌ച പിന്നിട്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹരജിക്കാരനെ ഗർഭം അവസാനിപ്പിക്കാൻ അനുവദിക്കുന്നത് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ടിലെ സെക്ഷൻ 3, 5 എന്നിവയുടെ ലംഘനമാകുമെന്ന് കോടതി

Published

|

Last Updated

ന്യൂഡൽഹി | 26 ആഴ്ച പിന്നിട്ട മൂന്നാമത്തെ ഗർഭം അലസിപ്പിക്കാനുള്ള വിവാഹിതയായ സ്ത്രീയുടെ ഹർജി സുപ്രീം കോടതി തള്ളി. ഗർഭധാരണം 24 ആഴ്‌ച പിന്നിട്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹരജിക്കാരനെ ഗർഭം അവസാനിപ്പിക്കാൻ അനുവദിക്കുന്നത് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ടിലെ സെക്ഷൻ 3, 5 എന്നിവയുടെ ലംഘനമാകുമെന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയിൽ വിധി പറഞ്ഞത് .

വിവാഹിതയായ രണ്ട് കുട്ടികളുള്ള യുവതിക്ക് 2022 സെപ്റ്റംബറിലെ പ്രസവശേഷം പ്രസവാനന്തര മാനസിക വിഭ്രാന്തി (പോസ്റ്റ് പാർട്ടം സൈക്കോസിസ്) ഉണ്ടെന്നും വൈകാരികമായും സാമ്പത്തികമായും ശാരീരികമായും മൂന്നാമത്തെ കുഞ്ഞിനെ വളർത്താൻ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി ഗർഭച്ഛിദ്രത്തിന് അനുമതി തേടിയത്. എന്നാൽ അമ്മയുടെ ജീവന് ഭീഷണിയുള്ള സാഹചര്യം നിലവിലില്ലെന്നും ഭ്രൂണം നല്ല ആരോഗ്യാവസ്ഥയിലാണെന്നും കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച ഡൽഹി എയിംസിന്റെ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.

വിഷയത്തിലെ എല്ലാ ചികിത്സാ ചെലവുകളും സംസ്ഥാനം വഹിക്കുമെന്നും, കുഞ്ഞിനെ പരിചരിക്കണോ അതോ ദത്ത് നൽകണോ എന്ന കാര്യത്തിൽ പ്രസവ ശേഷം യുവതിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

നേരത്തെ യുവതിയുടെ ഹരജി പരിഗണിച്ച കോടതി എയിംസിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. ഹരജിക്കാരിക്ക് പ്രസവാനന്തര മാനസികരോഗം ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച എയിംസ്, കുട്ടിയെ ദോഷകരമായി ബാധിക്കാത്ത മരുന്നുകളാണ് ഇവർ കഴിക്കുന്നതെന്നും റിപ്പോർട്ട് നൽകി. ഭ്രൂണത്തിന് അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Latest