Connect with us

National

ഇ ഡിയുടെ പ്രത്യേക അധികാരങ്ങൾ പുനഃപരിശോധിക്കാൻ സുപ്രിം കോടതി മൂന്നംഗ ബഞ്ച് രൂപീകരിച്ചു

ജസ്റ്റിസുമാരായ എസ്.കെ കൗൾ, സഞ്ജീവ് ഖന്ന, ബെല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുനഃപരിശോധിക്കുക. 

Published

|

Last Updated

ന്യൂഡൽഹി | എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യേക അധികാരങ്ങൾ പുനഃപരിശോധിക്കാൻ സുപ്രിംകോടതി മൂന്നംഗ ബഞ്ച് രൂപീകരിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) അറസ്റ്റ്, പിടിച്ചെടുക്കൽ, നിരപരാധിത്വം അനുമാനിക്കൽ, കർശന ജാമ്യ വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട 2022ലെ വിജയ് മദൻലാൽ ചൗധരി കേസിലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ വാദം കേൾക്കാനാണ് സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചത്.

ജസ്റ്റിസുമാരായ എസ്.കെ കൗൾ, സഞ്ജീവ് ഖന്ന, ബെല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുനഃപരിശോധിക്കുക. പ്രതിക്ക് എഫ്.ഐ.ആർ നൽകേണ്ടതില്ലെന്ന വിധിയും കർശന ജാമ്യ ഉപാധികളും കോടതി പുനഃപരിശോധിക്കും. ഒക്ടോബർ 18നാണ് കോടതി ഇത് സംബന്ധിച്ച ഹരജിയിൽ വാദം കേൾക്കുക.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട ഒരു കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് എസ് കെ കൗൾ പ്രത്യേക ബെഞ്ചിന്റെ ഘടന വെളിപ്പെടുത്തിയത്. നേരത്തെ, 2022 ഓഗസ്റ്റിൽ പുനഃപരിശോധനാ ഹർജിയിൽ നോട്ടീസ് നൽകുമ്പോൾ, അന്നത്തെ ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിയുടെ രണ്ട് വശങ്ങൾ പ്രഥമദൃഷ്ട്യാ പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞിരുന്നു. എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടിന്റെ (ഇസിഐആർ) പകർപ്പ് പ്രതികൾക്ക് നൽകേണ്ടതില്ലെന്നതും പ്രതിയെങ്കിൽ കുറ്റക്കാരൻ എന്ന നിഗമനവും പുനപരിശോധിക്കണമെന്നായിരുന്നു ബഞ്ചിന്റെ നിർദേശം.

ഈ വർഷം മെയ് മാസത്തിൽ വിജയ് മദൻലാൽ ചൗധരി കേസ് വിശാല ബെഞ്ചിന് വിടാൻ രണ്ടംഗ ബെഞ്ച് വിസമ്മതിച്ചിരുന്നു.