കെയ്‌റോ ഡയറി - 27
വിസ്മയമാണ് സൂയസ് കനാൽ
ഫ്രഞ്ച് നയതന്ത്രജ്ഞനായ ഫെർഡിനാൻഡ് ഡി ലെസ്സെപ്‌സിന്റെ നേതൃത്വത്തിൽ 1859 ലാണ് സൂയസ് കനാലിന്റെ നിർമാണം ആരംഭിക്കുന്നത്.
ലോക ഭൂപടത്തിലേക്ക് സൂക്ഷ്മമായി നോക്കിയാൽ, പ്രകൃതി തീർത്ത വലിയൊരു അതിർത്തി വിഭജനത്തിനിടയിൽ മനുഷ്യൻ തീർത്ത ഒരു ചെറിയ നീലവര കാണാൻ സാധിക്കും. ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട്, ആഫ്രിക്കൻ ഭൂഖണ്ഡത്തെ ഏഷ്യയിൽ നിന്ന് വേർതിരിക്കുന്ന സൂയസ് കനാലാണത്. കേവലം 193 കിലോമീറ്റർ മാത്രം നീളമുള്ള ഈ മനുഷ്യനിർമിത കനാൽ ആഗോള വാണിജ്യത്തിന്റെയും ലോക സമ്പദ്്വ്യവസ്ഥയുടെയും എക്കാലത്തെയും വലിയ നാഡീസ്പന്ദനമാണ്. ലോകത്തിലെ ആകെ സമുദ്രവാണിജ്യത്തിന്റെ പന്ത്രണ്ട് ശതമാനത്തോളം ഇന്നും കടന്നുപോകുന്നത് ഈജിപ്തിലെ ഈ കനാലിലൂടെയാണ്. കിഴക്കിനെയും പടിഞ്ഞാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ജലപാതക്ക് പറയാനുള്ളത് ഈജിപ്തിന്റെ സാമ്പത്തിക നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും, അതിലുപരി അധിനിവേശങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും വലിയൊരു ചരിത്രം കൂടിയാണ്. വാണിജ്യലോകത്ത് സമയത്തിന് സ്വർണത്തേക്കാൾ വിലയുണ്ടെന്ന് ലോകത്തെ പഠിപ്പിച്ചത് ഈ കനാലാണ്.
സൂയസ് കനാൽ യാഥാർഥ്യമാകുന്നതിന് മുമ്പുള്ള ലോകത്തെ സമുദ്രവാണിജ്യം വലിയൊരു വെല്ലുവിളിയായിരുന്നു. യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്കും മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കും വരണമെങ്കിൽ കപ്പലുകൾക്ക് ആഫ്രിക്കൻ ഭൂഖണ്ഡം മുഴുവൻ ചുറ്റി, ദക്ഷിണാഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴിയുള്ള വാസ്‌കോഡഗാമയുടെ പഴയ യാത്രാവഴികൾ തന്നെ ആശ്രയിക്കണമായിരുന്നു. മാസങ്ങൾ നീളുന്ന ഈ യാത്ര കൊടുംകാറ്റും കടൽക്കൊള്ളക്കാരും നിറഞ്ഞ അങ്ങേയറ്റം അപകടകരവും ചെലവേറിയതുമായ ഒന്നായിരുന്നു. ഇതിനൊരു പകരമെന്ന നിലയിൽ യൂറോപ്യൻ കപ്പലുകൾ മെഡിറ്ററേനിയൻ കടൽ വഴി ഈജിപ്തിലെ അലക്‌സാണ്ട്രിയയിലോ പോർട്ട് സെയ്ദിലോ നങ്കൂരമിടുകയും അവിടെനിന്ന് ചരക്കുകൾ ഇറക്കി ഒട്ടകപ്പുറത്ത് കെട്ടിവെച്ച് മരുഭൂമിയിലൂടെ ദിവസങ്ങളോളം സഞ്ചരിച്ച് ചെങ്കടൽ തീരത്ത് എത്തിക്കുകയും ചെയ്യുന്ന ഒരു രീതി നിലവിലുണ്ടായിരുന്നു. അവിടെനിന്ന് മറ്റൊരു കപ്പലിൽ കയറ്റിയാണ് ഏഷ്യയിലേക്ക് യാത്ര തിരിച്ചിരുന്നത്. കരയിലൂടെയും കടലിലൂടെയുമുള്ള ഈ ചരക്കുനീക്കം അതികഠിനമായിരുന്നു. മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും തമ്മിൽ ബന്ധിപ്പിച്ച് ഒരു കനാൽ കുഴിച്ചാൽ, യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്കുള്ള ദൂരം പകുതിയിലധികമായി കുറയുമെന്ന ചിന്ത ഈജിപ്ഷ്യൻ ഭരണാധികാരികളിലും യൂറോപ്യൻ സാമ്രാജ്യത്വ ശക്തികളിലും പണ്ടുമുതലേ ഉണ്ടായിരുന്നു.
പത്തൊന്പതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് ഈ സ്വപ്നം യാഥാർഥ്യമാകുന്നത്. ഫ്രഞ്ച് നയതന്ത്രജ്ഞനായ ഫെർഡിനാൻഡ് ഡി ലെസ്സെപ്‌സിന്റെ നേതൃത്വത്തിൽ 1859 ലാണ് സൂയസ് കനാലിന്റെ നിർമാണം ആരംഭിക്കുന്നത്. എന്നാൽ ആധുനിക യന്ത്രസാമഗ്രികൾ ഇല്ലാതിരുന്ന ആ കാലത്ത്, കേവലം കൈക്കോട്ടും കുട്ടയും ഉപയോഗിച്ചാണ് ഈജിപ്തുകാർ മരുഭൂമിയിലെ മണൽ കുഴിച്ചുമാറ്റിയത്. ഈജിപ്തിന്റെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ കണ്ണീരിന്റെ അധ്യായം കൂടിയാണിത്. കോർവി എന്നറിയപ്പെടുന്ന നിർബന്ധിത തൊഴിൽ സമ്പ്രദായത്തിലൂടെ പത്ത് ലക്ഷത്തോളം വരുന്ന സാധാരണക്കാരായ ഈജിപ്ഷ്യൻ കർഷകരെയും തൊഴിലാളികളെയും ഈ കനാൽ നിർമാണത്തിനായി ഉപയോഗിച്ചു. ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ അടിസ്ഥാന സൗകര്യങ്ങളോ കൃത്യമായ ഭക്ഷണമോ ഇല്ലാതെ പത്ത് വർഷത്തോളം രാപ്പകൽ അധ്വാനിച്ച അവരിൽ ഒരു ലക്ഷത്തിലധികം ആളുകളാണ് കോളറയും മറ്റ് പകർച്ചവ്യാധികളും പട്ടിണിയും കാരണം മരിച്ചുവീണത്. ലോകത്തിന്റെ വാണിജ്യദൂരം കുറയ്ക്കാൻ ഈജിപ്ഷ്യൻ സാധാരണക്കാർ തങ്ങളുടെ ജീവൻ നൽകിയതിന്റെ ബാക്കിപത്രമാണ് നാം ഇന്നു കാണുന്ന സൂയസ് കനാൽ. പത്ത് വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ 1869ൽ കനാൽ ലോകത്തിനായി തുറന്നുകൊടുത്തു.
സൂയസ് കനാൽ വന്നതോടെ ലോകത്തിന് വലിയ നേട്ടങ്ങളുണ്ടായെങ്കിലും ആദ്യകാലത്ത് ഈജിപ്തിന് അത് വലിയ സാമ്പത്തിക, രാഷ്ട്രീയ നഷ്ടങ്ങളാണ് വരുത്തിവെച്ചത്. കനാൽ നിർമാണത്തിനായി ഈജിപ്ഷ്യൻ ഭരണാധികാരികൾ യൂറോപ്യൻ ബേങ്കുകളിൽ നിന്ന് വലിയ തോതിൽ കടം വാങ്ങിയിരുന്നു. ഒടുവിൽ കടം വീട്ടാൻ വഴിയില്ലാതെ വന്നപ്പോൾ ഈജിപ്തിന് കനാലിലുണ്ടായിരുന്ന തങ്ങളുടെ സ്വന്തം ഓഹരികൾ ബ്രിട്ടന് വിൽക്കേണ്ടി വന്നു. കേവലമൊരു സാമ്പത്തിക ഇടപാട് എന്നതിലുപരി ബ്രിട്ടന് ഈജിപ്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള വലിയൊരു ലൈസൻസായി ഇത് മാറി. കനാലിന്റെ സംരക്ഷണം എന്ന പേരിൽ ബ്രിട്ടീഷ് സൈന്യം ഈജിപ്തിൽ പ്രവേശിക്കുകയും അത് പിന്നീട് വലിയൊരു അധിനിവേശമായി മാറുകയും ചെയ്തു. തങ്ങളുടെ ചോരയും നീരുമൊഴുക്കി നിർമിച്ച കനാലിന്റെ പൂർണ നിയന്ത്രണവും വരുമാനവും വിദേശികളുടെ കൈകളിലായത് ഈജിപ്തുകാരിൽ വലിയ അമർഷമുണ്ടാക്കി. ഈ നഷ്ടബോധത്തിന് അവസാനമുണ്ടാകുന്നത് 1956 ലാണ്. ആധുനിക ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും ധീരനായ ഭരണാധികാരി ഗമാൽ അബ്ദുൽ നാസർ സൂയസ് കനാൽ പൂർണമായി ദേശസാത്കരിച്ചു. ഇത് ബ്രിട്ടനും ഫ്രാൻസും ഇസ്്റാഈലും ഉൾപ്പെടുന്ന രാജ്യങ്ങളുമായുള്ള ഒരു വലിയ യുദ്ധത്തിന് കാരണമായെങ്കിലും ഒടുവിൽ കനാലിന്റെ പൂർണ അവകാശം ഈജിപ്തിന്റെ കൈകളിൽ തന്നെ സുരക്ഷിതമായി.
ദേശസാത്കരണത്തിന് ശേഷം സൂയസ് കനാൽ ഈജിപ്തിന്റെ സമ്പദ്്വ്യവസ്ഥയുടെ നട്ടെല്ലായി മാറി. വിദേശനാണ്യ വരുമാനത്തിന്റെ ഏറ്റവും വലിയ സ്രോതസ്സ് ഇന്ന് ഈ കനാലിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്നുള്ള ടോൾ നിരക്കാണ്. ഈ സാമ്പത്തിക നേട്ടം കൂടുതൽ വർധിപ്പിക്കുന്നതിനായി 2015ൽ ഈജിപ്ഷ്യൻ സർക്കാർ കോടിക്കണക്കിന് ഡോളർ ചെലവിട്ട് “പുതിയ സൂയസ് കനാൽ’ നിർമിച്ചു. പഴയ കനാലിന് സമാന്തരമായി മറ്റൊരു ചാനൽ കൂടി കുഴിച്ചതോടെ ഇരുദിശകളിലേക്കും ഒരേസമയം കപ്പലുകൾക്ക് സഞ്ചരിക്കാനും കനാലിലൂടെയുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കാനും ഇത് സഹായിച്ചു. ഇന്നത്തെ ആഗോള രാഷ്ട്രീയത്തിലും സമുദ്രവാണിജ്യത്തിലും ഈജിപ്തിനെ ശക്തമായ ഒരു രാജ്യമാക്കി നിർത്തുന്നത് ഈ കനാലിന്റെ സാന്നിധ്യം തന്നെയാണ്. മിഡിൽ ഈസ്റ്റിലെ എണ്ണ വിതരണവുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോഴാണ് ഇതിന്റെ യഥാർഥ വ്യാപ്തി മനസ്സിലാകുക. ലോകത്തെ എണ്ണ വിതരണത്തിന്റെ ഹൃദയം പേർഷ്യൻ ഗൾഫിലെ ഹോർമുസ് കടലിടുക്കാണ്.
അവിടെനിന്നും പുറപ്പെടുന്ന എണ്ണക്കപ്പലുകൾക്ക് യൂറോപ്പിലേക്കും അമേരിക്കയിലേക്കും എളുപ്പത്തിൽ എത്തണമെങ്കിൽ ബാബുൽ മന്ദബ് കടലിടുക്ക് വഴി ചെങ്കടലിൽ പ്രവേശിച്ച് സൂയസ് കനാലിലൂടെ മാത്രമേ സാധിക്കൂ. ഹോർമുസ് എണ്ണയുടെ ഹൃദയമാണെങ്കിൽ ആ രക്തം ലോകമെമ്പാടും എത്തിക്കുന്ന പ്രധാന ധമനിയാണ് സൂയസ് കനാൽ. ഈ ശൃംഖലയിൽ എവിടെയെങ്കിലും ഒരു ചെറിയ തടസ്സമുണ്ടായാൽ അത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമാകും.
ആധുനിക ലോകം ഈ ജലപാതയെ എത്രത്തോളം ആശ്രയിക്കുന്നുണ്ടെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടത് 2021 ലാണ്. എവർ ഗ്രീൻ എന്ന ഭീമൻ ചരക്കുകപ്പൽ നിയന്ത്രണം വിട്ട് കനാലിന് കുറുകെ കുടുങ്ങിയത് ആഗോള വാണിജ്യത്തെ അക്ഷരാർഥത്തിൽ സ്തംഭിപ്പിച്ചു. കേവലം ആറ് ദിവസം മാത്രമാണ് കനാൽ അടഞ്ഞുകിടന്നതെങ്കിലും, നൂറുകണക്കിന് കപ്പലുകൾ ചെങ്കടലിലും മെഡിറ്ററേനിയൻ കടലിലുമായി കുടുങ്ങിക്കിടന്നു. ആഗോള വിതരണ ശൃംഖലക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ആ ദിവസങ്ങളിൽ ഉണ്ടായത്. ഏഷ്യയിലെ ഫാക്ടറികളിൽ നിർമിച്ച കാറുകൾ മുതൽ ഇലക്ട്രോണിക് ഉത്പന്നങ്ങളും വസ്ത്രങ്ങളും വരെ യൂറോപ്പിലെത്താതെ കെട്ടിക്കിടന്നു. ആധുനിക സാങ്കേതികവിദ്യ എത്ര വളർന്നാലും സൂയസ് കനാലിന് പകരമായി മറ്റൊരു വാണിജ്യപാത ലോകത്തില്ല എന്ന് ഈ സംഭവം അടിവരയിടുന്നു. എന്നാൽ നിർഭാഗ്യവശാൽ ഈജിപ്ഷ്യൻ സമ്പദ്്വ്യവസ്ഥ ഇപ്പോൾ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഇതിന് പ്രധാന കാരണം ചെങ്കടലിലെ പുതിയ സംഘർഷങ്ങളാണ്.
യമനിലെ ഹൂതികൾ ഇസ്്റാഈൽ അനുകൂല കപ്പലുകൾക്ക് നേരെ ബാബുൽ മന്ദബ് കടലിടുക്കിൽ നടത്തുന്ന ആക്രമണങ്ങൾ കാരണം ഒട്ടുമിക്ക ആഗോള കപ്പൽ കമ്പനികളും തങ്ങളുടെ യാത്ര സൂയസ് കനാൽ വഴി ഒഴിവാക്കി പഴയ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി ആഫ്രിക്ക ചുറ്റി സഞ്ചരിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ഇത് കപ്പലുകളുടെ യാത്രാസമയം ആഴ്ചകളോളം വർധിപ്പിക്കുകയും ആഗോള തലത്തിൽ ചരക്കുകൂലി കുതിച്ചുയരാൻ കാരണമാകുകയും ചെയ്തു. ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം അനുഭവിക്കുന്നത് ഈജിപ്താണ്. ഓരോ വർഷവും ശരാശരി ഒമ്പത് ബില്യൺ ഡോളറോളം വരുമാനം നൽകിയിരുന്ന സൂയസ് കനാലിലെ ട്രാഫിക് ഗണ്യമായി കുറഞ്ഞത് രാജ്യത്തെ വലിയ ഡോളർ ക്ഷാമത്തിലേക്കും സാമ്പത്തിക തകർച്ചയിലേക്കും തള്ളിവിട്ടു. ഗസ്സയിലെ സംഘർഷങ്ങളും ചെങ്കടലിലെ പ്രതിസന്ധികളും അവസാനിച്ചാൽ മാത്രമേ ഈജിപ്തിന്റെ സാമ്പത്തിക സിരയായ ഈ കനാലിലൂടെയുള്ള കപ്പലോട്ടം പഴയതുപോലെ സജീവമാകൂ.






