Connect with us

Kerala

കണ്ണൂർ ഇടതിന്റെ കരുത്ത്

കണ്ണൂരിൽ തിരഞ്ഞെടുപ്പ് പോരിന് വീര്യം കൂടും, രാഷ്ട്രീയ പ്രബുദ്ധത ഇത്രത്തോളമുള്ള മറ്റൊരു നാടില്ലെന്ന് പറയാം.

Published

|

Last Updated

കണ്ണൂർ | രാഷ്ട്രീയ പ്രബുദ്ധതയുടെ നാടും കേരളത്തിന്റെ രാഷ്ട്രീയ തലസ്ഥാനവുമാണ് കണ്ണൂർ. മുഖ്യമന്ത്രി പിണറായി വിജയൻ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ കെ ശൈലജ തുടങ്ങി വൻ നിര തന്നെയുണ്ട് കണ്ണൂരിൽ നിന്ന് കേരളത്തോളം വളർന്നവർ. അതുകൊണ്ട് തന്നെ കണ്ണൂരിൽ തിരഞ്ഞെടുപ്പ് പോരിന് വീര്യം കൂടും. രാഷ്ട്രീയ പ്രബുദ്ധത ഇത്രത്തോളമുള്ള മറ്റൊരു നാടില്ലെന്ന് പറയാം.

കണ്ണൂരിലെ തിരഞ്ഞെടുപ്പും പ്രചാരണവും വേറിട്ടതാണ്. ഇവിടെ രാഷ്ട്രീയം തന്നെയാണ് തിരഞ്ഞെടുപ്പിലെ ചർച്ചാ വിഷയം. പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളാണ് കണ്ണൂർ ജില്ലയിലുള്ളത്. ഇതിൽ ഒമ്പതിടത്തും നിലവിൽ എൽ ഡി എഫിന്റെ പ്രതിനിധികളാണ്. രണ്ടിടത്ത് മാത്രമാണ് യു ഡി എഫ്. നേരത്തേ യു ഡി എഫിന്റെ കൈവശമുണ്ടായിരുന്ന രണ്ട് മണ്ഡലങ്ങളും ഇപ്പോൾ എൽ ഡി എഫ് അക്കൗണ്ടിലാണ്.

കോട്ടകൾ ഭദ്രം

കണ്ണൂരിലെ ആറ് മണ്ഡലങ്ങൾ സി പി എമ്മിന്റെ ശക്തി കേന്ദ്രങ്ങളാണ്. ധർമടം, തലശ്ശേരി, മട്ടന്നൂർ, കല്ല്യാശേരി, പയ്യന്നൂർ, തളിപ്പറമ്പ് എന്നിവയാണ് ജില്ലയിലെ സി പി എമ്മിന്റെ ചെങ്കോട്ടകൾ. ഇതിൽ സി പി എം മുൻ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ യു ഡി എഫ് സ്ഥാനാർഥികളായി മത്സരിക്കുന്ന തളിപ്പറമ്പും പയ്യന്നൂരും ശക്തമായ മത്സരമാണെങ്കിലും വിജയം സുനിശ്ചിതമാണെന്നാണ് എൽ ഡി എഫിന്റെ കണക്കുകൂട്ടൽ.

കഴിഞ്ഞ തവണ സംസ്ഥാനത്ത് തന്നെ റെക്കോർഡ് ഭൂരിപക്ഷം ലഭിച്ച മണ്ഡലങ്ങളാണ് മട്ടന്നൂർ, ധർമ്മടം, തലശ്ശേരി, കല്ല്യാശ്ശേരി, പയ്യന്നൂർ. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം തവണയാണ് ജനവിധി തേടുന്നത്. തുടർഭരണം നേടി മൂന്നാം തവണയും മുഖ്യമന്ത്രിയാകുമെന്നത് തന്നെയാണ് പ്രചാരണവും. കഴിഞ്ഞ തവണ 50,123 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പിണറായി വിജയൻ തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ ഭൂരിപക്ഷം വർധിപ്പിക്കുമെന്ന ലക്ഷ്യത്തോടെയാണ് മുന്നണിയുടെ പ്രവർത്തനം. യു ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത് കോൺഗ്രസ്സിലെ യുവ നേതാവ് വി പി അബ്ദുർറശീദിനെയാണ്. സ്പീക്കർ എ എൻ ഷംസീർ ഒഴിഞ്ഞ തലശ്ശേരിയിൽ ഇടത് മുന്നണിക്ക് വേണ്ടി സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ എ എൻ ഷംസീറിന്റെ ഭൂരിപക്ഷം 36,801 വോട്ടായിരുന്നു.

കോൺഗ്രസ്സിലെ കെ പി സാജുവാണ് യു ഡി എഫ് സ്ഥാനാർഥി. ഇവിടെയും എൽ ഡി എഫിന് വലിയ ആശങ്കകളില്ല. കല്ല്യാശ്ശേരിയിൽ സിറ്റിംഗ് എം എൽ എ. എം വിജിൻ തന്നെയാണ് മത്സരിക്കുന്നത്. 2021 ൽ 44,391 വോട്ടിനാണ് അദ്ദേഹം വിജയിച്ചത്. ഇത്തവണ കോൺഗ്രസ്സ് സ്ഥാനാർഥിയായി കപ്പച്ചേരി രാജീവനാണ് മത്സരിക്കുന്നത്. സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഇപ്പോഴും കോൺഗ്രസ്സിൽ അമർഷം നില നിൽക്കുകയാണ്. യു ഡി എഫിന് വേണ്ടി സി പി എം മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം ടി കെ ഗോവിന്ദൻ മത്സരിക്കുന്നതിലൂടെ ശ്രദ്ധേയമാണ് തളിപ്പറമ്പ്.

കഴിഞ്ഞ തവണ എം വി ഗോവിന്ദൻ മാസ്റ്റർ 22,689 വോട്ടിനാണ് ഇവിടെ ജയിച്ചത്. പയ്യന്നൂരിൽ സിറ്റിംഗ് എം എൽ എ. ടി ഐ മധുസൂദനനാണ് എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. സി പി എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണനാണ് യു ഡി എഫിന് വേണ്ടി മത്സരിക്കുന്നത്. കഴിഞ്ഞ തവണ 49,780 വോട്ടിനാണ് മധുസൂദനൻ ജയിച്ചത്. കുഞ്ഞികൃഷ്ണന്റെ സ്ഥാനാർഥിത്വം ചർച്ചയായിട്ടുണ്ടെങ്കിലും തിരിച്ചടിയുണ്ടാകില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മട്ടന്നൂരിൽ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് മത്സരിക്കുന്നത്. 60,963 വോട്ടിന് കെ കെ ശൈലജ വിജയിച്ച മണ്ഡലമെന്ന നിലയിൽ സനോജിന് വലിയ ശുഭപ്രതീക്ഷയുണ്ട്. കോൺഗ്രസ്സിലെ ചന്ദ്രൻ തില്ലങ്കേരിയാണ് എതിർ സ്ഥാനാർഥി.

കടുത്ത പോരാട്ടം

ജില്ലയിൽ പേരാവൂർ, കണ്ണൂർ, അഴീക്കോട്, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മൂന്നാം വിജയം ലക്ഷ്യമിട്ടാണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂരിൽ മത്സരത്തിനിറങ്ങിയത്. കെ സുധാകരന് സീറ്റ് നിഷേധിച്ചതിലൂടെ ശ്രദ്ധേയമായ കണ്ണൂരിൽ യു ഡി എഫിന് വേണ്ടി മുൻ മേയർ ടി ഒ മോഹനനാണ് മത്സരിക്കുന്നത്. നേരത്തേ യു ഡി എഫിന്റെ ഉറച്ച സീറ്റായ കണ്ണൂർ 2016 ലാണ് രാമചന്ദ്രൻ കടന്നപ്പള്ളി പിടിച്ചെടുക്കുന്നത്. 2016 ൽ 1,196 വോട്ടുകൾക്കും 2021 ൽ 1,745 വോട്ടുകൾക്കുമാണ് രാമചന്ദ്രൻ കടന്നപ്പള്ളി ജയിച്ചത്. സീറ്റ് പിടിച്ചെടുക്കാൻ യു ഡി എഫും നില നിർത്താൻ എൽ ഡി എഫും കനത്ത പോരിലാണ്.

സീറ്റ് നിഷേധം കെ സുധാകരനിലും അനുയായികളിലും കടുത്ത പ്രയാസമുണ്ടാക്കിയിട്ടുണ്ട്. ഇത് വോട്ടെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ആശങ്ക. അഴീക്കോട് സിറ്റിംഗ് എം എൽ എ. കെ വി സുമേഷാണ് എൽ ഡി എഫിന് വേണ്ടി മത്സരിക്കുന്നത്. ലീഗിലെ അബ്ദുൽ കരീം ചേലേരിയാണ് യു ഡി എഫ് സ്ഥാനാർഥി. ലീഗിൽ നിന്ന് കഴിഞ്ഞ തവണയാണ് എൽ ഡി എഫ് സീറ്റ് പിടിച്ചെടുക്കുന്നത്. കെ എം ഷാജിയായിരുന്നു എതിരാളി. 6,141 വോട്ടാണ് ഭൂരിപക്ഷം. കൂത്തുപറമ്പിൽ സിറ്റിംഗ് എം എൽ എ. കെ പി മോഹനൻ പിന്മാറി പകരം ആർ ജെ ഡി നേതാവ് പി കെ പ്രവീണാണ് എൽ ഡി എഫിന് വേണ്ടി രംഗത്തിറങ്ങുന്നത്. കഴിഞ്ഞ തവണ 9,541 വോട്ടിനായിരുന്നു കെ പി മോഹനൻ വിജയിച്ചത്. ഇത്തവണ മുസ്‌ലിം ലീഗിലെ ജയന്തി രാജനാണ് യു ഡി എഫ് സ്ഥാനാർഥി. പി കെ പ്രവീൺ നാട്ടുകാരനാണെന്ന ഘടകമുണ്ട്. ലീഗിന്റെ ദേശീയ വനിതാ നേതാവാണെന്ന നിലയിൽ ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് യു ഡി എഫ് സംഘടിപ്പിക്കുന്നത്.

കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫും മുൻ മന്ത്രി കെ കെ ശൈലജയും മത്സരിക്കുന്നതിലൂടെ സംസ്ഥാന ശ്രദ്ധ പിടിച്ച് പറ്റിയ മണ്ഡലമാണ് പേരാവൂർ. മൂന്ന് തവണകളായി സണ്ണി ജോസഫാണ് പേരാവൂരിന്റെ പ്രതിനിധി. അതിന് മുന്പ് കെ കെ ശൈലജയും പേരാവൂരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 3,172 വോട്ടിനാണ് സണ്ണി ജോസഫ് കഴിഞ്ഞ തവണ വിജയിച്ചത്. ഇരിക്കൂറിൽ കോൺഗ്രസ്സിലെ സജീവ് ജോസഫ് രണ്ടാം തവണയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ 10,010 വോട്ടിനാണ് ജയിച്ചത്. ഇരിക്കൂറിൽ എൽ ഡി എഫിന് വേണ്ടി കേരള കോൺഗ്രസ്സിലെ മാത്യൂ കുന്നപ്പള്ളിയാണ് മത്സരിക്കുന്നത്.

 

---- facebook comment plugin here -----