Connect with us

Covid Kerala

സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും ഞായര്‍ ലോക്ക്ഡൗണും പിന്‍വലിച്ചു; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നു

റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള പരിശീലന സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ തുറക്കും.

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ്- 19 വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പിന്‍വലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയായിരുന്നു കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്. അതിനിടെ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസം നാല് മുതൽ തുറക്കും. അവസാന വർഷ വിദ്യാർഥികൾക്കാണ് ക്ലാസുകളുണ്ടാകുക. അധ്യാപകരുടെ വാക്സിനേഷൻ ഈ മാസം തന്നെ പൂർത്തിയാക്കും.

ടെക്നിക്കല്‍, പോളിടെക്നിക്, മെഡിക്കല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ബിരുദ, ബിരുദാനന്തര അവസാനവര്‍ഷ വിദ്യാര്‍ഥികളെയും അധ്യാപകരെയും മറ്റു ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.  അതും ഒരു ഡോസ് വാക്സിന്‍ എടുത്തിരിക്കണം എന്ന നിബന്ധനയ്ക്ക് വിധേയമായിട്ടാകും. ബിരുദ, ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും കൊവിഡ് വാക്സിന്‍ ആദ്യ ഡോസ് ഈയാഴ്ച തന്നെ  പൂര്‍ത്തീകരിക്കേണ്ടതാണ്. രണ്ടാം ഡോസിന് അര്‍ഹതയുള്ളവര്‍ ഉടന്‍ തന്നെ അത് സ്വീകരിക്കേണ്ടതാണ്.

റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള പരിശീലന സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ തുറക്കും. ഒരു ഡോസ് വാക്സിനേഷന്‍ എങ്കിലും പൂര്‍ത്തിയാക്കിയ അധ്യാപകരെയും  വിദ്യാര്‍ഥികളേയും ജീവനക്കാരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഇവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. പത്ത്, പന്ത്രണ്ട് ക്ലാസ് അധ്യയനം വളരെ പ്രധാനമാണ്. അതിനാല്‍ സ്കൂള്‍  അധ്യാപകരും ഈയാഴ്ച തന്നെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ അതിനാവശ്യമായ ക്രമീകരണം ചെയ്യണം. വാക്സിനേഷനില്‍ സ്കൂളധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കും.  പത്തു ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് നിര്‍ദേശിച്ചു.

അതേസമയം, കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയില്‍ കൊവിഡ് കേസുകളില്‍ കാര്യമായി വര്‍ധനവുണ്ടായിട്ടില്ല. 0.6 ശതമാനം മാത്രമാണ് ഈയാഴ്ച വര്‍ധനവുണ്ടായത്. കഴിഞ്ഞ മാസം 24 മുതല്‍ 30 വരെയുള്ള ആഴ്ചയില്‍ 18.49 ആയിരുന്നു ടി പി ആര്‍. അത് 31 മുതല്‍ ഈ മാസം ആറ് വരെയുള്ള ആഴ്ചയില്‍ 17.91 ആയി കുറഞ്ഞു. കൂടുതല്‍ ജാഗ്രത തുടര്‍ന്നാല്‍ ഇനിയും നമുക്ക് കേസുകള്‍ കുറച്ച് കൊണ്ടുവരാന്‍ സാധിക്കും.
അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസ് നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും തുടര്‍ന്നും ശ്രദ്ധിക്കേണ്ടതാണ്. ആരില്‍ നിന്നും ആരിലേക്കും രോഗം ഉണ്ടാകുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. എല്ലാവരും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.  വാക്സിന്‍ ജനങ്ങളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്‍റെയും മരണത്തിന്‍റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.