National
യുക്രൈനിലെ സ്ഥിതി ആശങ്കാജനകം; ബുച്ചൈ കൂട്ടക്കൊലയില്‍ അന്വേഷണം വേണം: ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ മോദി
യുക്രൈയ്‌നിലെ സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്കും അവര്‍ക്ക് മാനുഷിക സഹായത്തിന്റെ തടസ്സമില്ലാത്ത വിതരണത്തിനും ഞങ്ങള്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് മോദി

ന്യൂഡല്‍ഹി | യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ യുക്രൈന്‍ വിഷയത്തിലെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈനിലെ സ്ഥിതി ഗതികള്‍ ആശങ്കാജനകമാണെന്നും ബുച്ചൈ കൂട്ടക്കൊല സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉക്രെയ്‌നിലെ സ്ഥിതി വളരെ ആശങ്കാജനകമായി തുടരുന്ന സമയത്താണ് നമ്മുടെ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് പറഞ്ഞാണ് മോഡി സംസാരിച്ചു തുടങ്ങിയത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 20,000-ത്തിലധികം ഇന്ത്യക്കാര്‍ ഉക്രെയ്‌നില്‍ കുടുങ്ങിയിരുന്നുവെന്നും അവരില്‍ ഭൂരിഭാഗവും യുവ വിദ്യാര്‍ത്ഥികളായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുക്രൈയ്‌നിന്റെയും റഷ്യയുടെയും പ്രസിഡന്റുമാരുമായി ഞാന്‍ പലതവണ ഫോണില്‍ സംസാരിച്ചു. സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുക മാത്രമല്ല, ഉക്രെയ്ന്‍ പ്രസിഡന്റുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ പ്രസിഡന്റ് പുടിനോട് ഞാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഉക്രെയ്ന്‍ വിഷയം നമ്മുടെ പാര്‍ലമെന്റിലും വളരെ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുക്രൈയ്‌നിലെ സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്കും അവര്‍ക്ക് മാനുഷിക സഹായത്തിന്റെ തടസ്സമില്ലാത്ത വിതരണത്തിനും ഞങ്ങള്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് മോദി പറഞ്ഞു. യുക്രൈ്‌നിലേക്കും അതിന്റെ അയല്‍രാജ്യങ്ങളിലേക്കും ഞങ്ങള്‍ മരുന്നുകളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും അയച്ചിട്ടുണ്ട്. യുക്രൈയ്‌നിന്റെ ആവശ്യപ്രകാരം ഉടന്‍ തന്നെ മറ്റൊരു മരുന്നു ശേഖരം കൂടി അയക്കുമെന്നും പ്രധാനമന്ത്രി ബൈഡനെ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഞാന്‍ വാഷിംഗ്ടണില്‍ വന്നപ്പോള്‍, ഇന്ത്യ-യുഎസ് പങ്കാളിത്തം പല ആഗോള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുമെന്ന് നിങ്ങള്‍ പറഞ്ഞു. ഞാന്‍ നിങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. ലോകത്തിലെ ഏറ്റവും വലുതും പഴയതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ നമ്മള്‍ സ്വാഭാവിക പങ്കാളികളാണെന്നും പ്രധാനമന്ത്രി ഉണര്‍ത്തി.
യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യ അമേരിക്കയുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചായിരുന്നില്ല ഇന്ത്യ പ്രവര്‍ത്തിച്ചത്.
യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ യുഎസും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ള പല പാശ്ചാത്യ രാജ്യങ്ങളും വിമര്‍ശിച്ചിരുന്നു. അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലിപ് സിംഗ് ഇന്ത്യയുടെ നിലപാടില്‍ നിരാശ പ്രകടിപ്പിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ചൈന ആക്രമണാത്മക നിലപാട് സ്വീകരിച്ചാല്‍ റഷ്യ ഇന്ത്യയുടെ സഹായത്തിന് വരില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഐക്യരാഷ്ട്രസഭയില്‍ റഷ്യയ്ക്കെതിരായ രണ്ട് പ്രമേയങ്ങളില്‍ ഇന്ത്യയുടെ നിഷ്പക്ഷ നിലപാടില്‍ അമേരിക്ക നിരാശ പ്രകടിപ്പിച്ചിരുന്നു. ഇതിന് പുറമെ റഷ്യയില്‍ നിന്നുള്ള എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്നത് നിര്‍ത്താന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാഷിംഗ്ടണില്‍ നടക്കുന്ന ഇന്ത്യ-യുഎസ് ടു പ്ലസ് ടു മന്ത്രിതല ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കെന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ടു പ്ലസ് ടു ചര്‍ച്ചകള്‍ നടക്കുക.