Connect with us

Vazhivilakk

വിനയമെന്ന വിപ്ലവം

യഥാർഥ അടിമകളുടെ സവിശേഷതകളായി അല്ലാഹു എണ്ണിയതിൽ പ്രഥമമായത് വിനയമാണ്. അല്ലാഹുവിനു വേണ്ടി വിനയം കാണിക്കുന്നവരെ അവന്‍ ഉന്നതനാക്കുമെന്ന് ഹദീസിലുണ്ട്

Published

|

Last Updated

വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന ഘടകമാണ് വിനയം. തിരുനബി(സ്വ)യുടെ ജീവിതം മുഴുക്കെയും വിനയത്തിന്റെയും മഹത്ഗുണങ്ങളുടെയും മാതൃകകളാണ്. ഭരണാധികാരിയും സമൂഹത്തിന്റെ നായകനുമായിരുന്നപ്പോഴും സൃഷ്ടികളോട് അത്യധികം വിനയത്തിലും കാരുണ്യത്തിലുമായിരുന്നു അവിടുന്ന് പെരുമാറിയിരുന്നത്. അബൂഹുറൈറ(റ) പറയുന്നു: “നബി(സ്വ) അങ്ങാടിയില്‍ നിന്ന് ഒരു വസ്ത്രം വാങ്ങിയപ്പോള്‍ ഞാനത് ചുമക്കാന്‍ പോയി’. അവിടുന്ന് പറഞ്ഞു: ‘ഒരു വസ്തു അതിന്റെ ഉടമ ചുമക്കുന്നതാണ് ഏറ്റവും ഉചിതം’ (ബഹ്ജ). ഒരിക്കൽ ഭക്ഷണം പാചകം ചെയ്യുന്ന വേളയിൽ അനുചരന്മാർ ഓരോ കർമങ്ങളിലേർപ്പെട്ടപ്പോൾ അവിടുന്ന് വിറക് ശേഖരിക്കുന്ന ജോലിയേറ്റെടുത്തു. ഇതു കണ്ട അനുചരർ അവിടുത്തെ അതിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു: “ഞാന്‍ നിങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നത് ഇഷ്ടപ്പെടുന്നില്ല'(ബഹ്ജ). അഹ്‌സാബ് യുദ്ധവേളയില്‍ അനേകായിരം അനുയായികളോടൊന്നിച്ച് കിടങ്ങു കുഴിക്കുന്നതില്‍ ദിവസങ്ങളോളം മുത്ത് നബി (സ്വ) വ്യാപൃതനായിരുന്നു.

യഥാർഥ അടിമകളുടെ സവിശേഷതകളായി അല്ലാഹു എണ്ണിയതിൽ പ്രഥമമായത് വിനയമാണ്. അല്ലാഹുവിനു വേണ്ടി വിനയം കാണിക്കുന്നവരെ അവന്‍ ഉന്നതനാക്കുമെന്ന് ഹദീസിലുണ്ട് (മുസ്‌ലിം). ഒന്നാം ഖലീഫ സ്വിദ്ദീഖ്(റ)ന്റെ താഴ്മയും വിനയവും മാലാഖമാരെ പോലും അമ്പരപ്പിട്ടുണ്ട്. സച്ചരിതരായ ഭരണാധികാരികളായിരുന്ന ഉമർ(റ)വും ഉസ്മാൻ(റ)വും അലി(റ) വും മറ്റു അനുചരന്മാരും അവരുടെ പിന്മുറക്കാരായ സാത്വികരുമെല്ലാം അതേ വഴിയിൽ സഞ്ചരിച്ചവരാണ്. അതാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയ മാർഗവും. അല്ലാഹു പറയുന്നു: “പരമകാരുണികന്റെ അടിമകള്‍ ഭൂമിയില്‍ വിനയത്തോടെ സഞ്ചരിക്കുന്നവരാണ്’ (അല്‍ ഫുര്‍ഖാന്‍: 63). മഹാനായ ലുഖ്മാനുല്‍ ഹകീം(റ) പ്രിയ പുത്രനെ ഉപദേശിക്കുന്നതിങ്ങനെ: “മകനേ… ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത്. അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത്. തീര്‍ച്ചയായും അഹങ്കാരിയെയും ദുരഭിമാനിയെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല’ (സൂറതു ലുഖ്മാന്‍: 18).

എന്താണ് വിനയമെന്ന് ഫുളൈല്‍ ബ്നു ഇയാള്(റ)നോട് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: “സത്യത്തിന് കീഴൊതുങ്ങലും അത് നടപ്പില്‍ വരുത്താന്‍ ശ്രമിക്കലുമാണ്’.

വിനയാന്വിതരുടെ വിശേഷണങ്ങൾ മഹാനായ ദുന്നൂനുല്‍ മിസ്വ്രി(റ) വിശദീകരിക്കുന്നു: “അയാള്‍ പാവങ്ങളുടെയും സ്വന്തം വേലക്കാരുടെയും കൂടെ ഇരുന്ന് ഭക്ഷണം കഴിക്കും. എല്ലാവരോടും സലാം പറയും. ആടുമാടുകളുടെ പാല്‍ കറക്കും. ലളിതമായ ജോലികള്‍ ചെയ്യാന്‍ സ്വയം സന്നദ്ധരാകും. മറ്റുള്ളവരുടെ കൂടെ നടക്കുമ്പോള്‍ ഏറ്റവും മുന്നിലെത്താന്‍ ശ്രമിക്കുകയില്ല. വഴിയില്‍ കാണുന്ന അപകടങ്ങളെ എടുത്തുമാറ്റും. ദരിദ്രരുമായി സഹവസിക്കും. അവശ്യസാധനങ്ങള്‍ അങ്ങാടിയില്‍ നിന്നു സ്വയം വാങ്ങും. സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യും…’
ഖുർആൻ പറയുന്നു: “ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാണ് പാരത്രികഭവനം നാം ഏർപ്പെടുത്തിയത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും’ (അൽ ഖസ്വസ്വ്: 83).