Connect with us

From the print

റേഷൻ വ്യാപാരികൾ ഏഴിന് കടകളടച്ച് സൂചനാ പണിമുടക്ക് നടത്തും

സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തും

Published

|

Last Updated

തൃശൂർ | റേഷൻ മേഖലയിൽ പരിഷ്‌കരണം ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ കടകളടച്ച് ഈ മാസം ഏഴിന് സൂചനാപണിമുടക്ക് നടത്തുമെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആവശ്യങ്ങൾ അനുവദിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങും.

റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക, കേരളത്തിലെ പൊതുവിതരണ മേഖലയോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കെ ടി പി ഡി എസ് ആക്ടിലെ അപാകത പരിഹരിക്കുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും അടച്ച് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു. തീർത്തും അനാരോഗ്യ പ്രവണതകളാണ് മേഖലയിലുള്ളതെന്നും സർക്കാർ ജീവനക്കാരായി അംഗീകരിച്ച് ശമ്പളം നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

നിലവിൽ 14,166 റേഷൻ കടകളാണ് സംസ്ഥാനത്തുള്ളത്. 92 ലക്ഷം റേഷൻകാർഡ് ഉടമകളുള്ളതിൽ 40 ശതമാനം കാർഡുകൾ മുൻഗണനാവിഭാഗത്തിൽ പെട്ടതാണ്. ഇവർ 18നകം മസ്റ്ററിംഗ് നടത്തി കാർഡുകൾ അപ്‌ഡേറ്റ് ചെയ്യണമെന്ന നിബന്ധനയും ബുദ്ധിമുട്ടാണ്. 25- 30 ശതമാനം കാർഡ് ഉടമകളാണ് നേരിട്ടെത്തി മസ്റ്ററിംഗ് നടത്തിയത്. എല്ലാവരും ഈ മാസത്തിനകം മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ അരിയുടെ വിഹിതം വെട്ടിക്കുറക്കുമെന്നാണ് വിവരം. സർവർ തകരാർ അടിക്കടിയുണ്ടാകുന്നത് മറ്റൊരു പ്രശ്‌നമാണ്.

മസ്റ്ററിംഗ് കൂടി നടപടികളിൽ ഉൾപ്പെടുത്തിയതോടെയാണ് സർവർ തകരാർ. മുമ്പ് 70 ലക്ഷം കാർഡ് ഉടമകൾ ഉണ്ടായിരുന്ന വേളയിൽ നടപ്പാക്കിയ സാങ്കേതിക സംവിധാനം ഇപ്പോൾ വർധിച്ച് 92 ലക്ഷത്തിലെത്തിയിട്ടും സംവിധാനങ്ങളിൽ മാറ്റമുണ്ടാകാത്തതാണ് പ്രതിസന്ധിയുടെ കാരണമെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി നേതാക്കളായ സെബാസ്റ്റ്യൻ ചൂണ്ടൽ, പി ജെ ജോൺ, ഫ്രാൻസിസ് ചെമ്മണൂർ, കെ കെ സുരേഷ്, പ്രതീഷ് അപ്പു എന്നിവർ പറഞ്ഞു.