Connect with us

attack on minorities

ക്രിസ്ത്യൻ വേട്ടയുടെ രാഷ്ട്രീയം

മുസ്‌ലിം വിദ്വേഷത്തിന് ഉപയോഗിച്ചിരുന്നതിനേക്കാൾ പലമടങ്ങ് ശക്തിയുള്ള നുണകളാണ് ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെ സംഘ്പരിവാർ പരിവേഷമുള്ള വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിക്കുന്നത്. ഈ പ്രചാരണം ശക്തമാകുന്നതിനനുസരിച്ച് വിവിധ ക്രിസ്ത്യൻ സംഘടനകൾ സ്ഥാപിച്ച സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം ശക്തമാകുന്നു.

Published

|

Last Updated

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യാനികൾക്ക് നേരെ അതിക്രമം വർധിച്ചുവരികയാണ്. ഹിന്ദുത്വസംഘങ്ങളുടെ നേതൃത്വത്തിലാണ് ക്രിസ്ത്യൻ മത വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുന്നവരെയും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെയും തുടർച്ചയായി അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. വിദ്വേഷ പ്രചാരണവും അതിനെത്തുടർന്നുള്ള ആക്രമണവും മുസ്‌ലിം, ഇസ്‌ലാം പദങ്ങളിൽ നിന്ന് അടുത്ത ഇരകളിലേക്ക് കൂടി പര്യവേഷണം ചെയ്യപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. മുസ്‌ലിം വിദ്വേഷത്തിന് ഉപയോഗിച്ചിരുന്നതിനേക്കാൾ പലമടങ്ങ് ശക്തിയുള്ള നുണകളാണ് ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെ സംഘ്പാരിവാർ പരിവേഷമുള്ള വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിക്കുന്നത്. ഈ പ്രചാരണം ശക്തമാകുന്നതിനനുസരിച്ച് വിവിധ ക്രിസ്ത്യൻ സംഘടനകൾ സ്ഥാപിച്ച സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം ശക്തമാകുന്നു. ഛത്തീസ്ഗഢ്, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, ഒഡീഷ, കർണാടക ഉൾപ്പെടെ തീവ്ര ഹിന്ദു സംഘങ്ങൾക്ക് സ്വധീനമുള്ള മിക്ക സംസ്ഥാനങ്ങളിൽ നിന്നും ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം നടക്കുന്നുവെന്ന് റിപോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ഏറ്റവും ഒടുവിലായി ഛത്തീസ്ഗഢിൽ നിന്നുള്ള ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. അടുത്തിടെ സി പി എം നേതാവ് ബൃന്ദാ കാരാട്ടിന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം അക്രമം അരങ്ങേറുന്ന ഛത്തീസ്ഗഢിലെ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കെതിരായ അക്രമങ്ങളുടെ വ്യാപ്തിയും ക്രൂരതയും കൃത്യമായ രീതിയിൽ ഇനിയും റിപോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് അവർ വ്യക്തമാക്കുന്നത്.

ഛത്തീസ്ഗഡിലെ കാങ്കർ, കൊണ്ടഗാവ്, നാരായൺപൂർ എന്നീ ജില്ലകളിലെ 500 ക്രിസ്ത്യൻ സമുദായത്തിലെ ആദിവാസി കുടുംബങ്ങൾക്ക് നേരെ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ സംഘടിത ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടായി. ഈ മണ്ണിൽ ജീവിക്കണമെങ്കിൽ ക്രിസ്ത്യൻ വിശ്വാസം ഉപേക്ഷിക്കണമെന്ന ഹിന്ദുത്വവാദികളുടെ ഭീഷണിയെത്തുടർന്ന് 1,500 പേർ ഇവിടെ നിന്ന് കഴിഞ്ഞ ഡിസംബറിൽ പലായനം ചെയ്തു. ഹിന്ദുത്വ സംഘങ്ങളുടെ നേതൃത്വത്തിൽ ഗ്രാമയോഗങ്ങൾ ചേർന്നാണ് ക്രിസ്ത്യനികൾക്ക് നേരെ ആക്രമണം ആസൂത്രണം ചെയ്യുന്നത്. പരിവർത്തിത ക്രൈസ്തവരോട് ഞായറാഴ്ച പ്രാർഥനക്ക് പോകരുതെന്ന് ഗ്രാമയോഗങ്ങളിൽ ആവശ്യപ്പെടും. അനുസരിക്കാത്തവർക്ക് നേരെ ക്രൂരമായ ആക്രമണം അരങ്ങേറും. സ്ത്രീകളെ ഉൾപ്പെടെ ആൾക്കൂട്ടം മർദിക്കും. സമാധാനത്തോടെ ജീവിക്കണമെങ്കിൽ ഘർ വാപസി മാത്രമാണ് മാർഗമെന്ന് ഹിന്ദുത്വം ഭീഷണി മുഴക്കുന്നു. ഛത്തീസ്ഗഢിലെ വിവിധ ക്രിസ്തീയ പ്രാർഥനാ കേന്ദ്രങ്ങളും പള്ളികളും അക്രമകാരികൾ കത്തിക്കുകയും തകർക്കുകയും ചെയ്തിട്ടുണ്ട്. നാരായൺപൂരിലെ ചർച്ച് ആക്രമിച്ച കേസിൽ അറസ്റ്റിലായവരിൽ ബി ജെ പി ജില്ലാ പ്രസിഡന്റും മറ്റ് പ്രാദേശിക നേതാക്കളും ഉൾപ്പെടുന്നുണ്ട്. മധ്യപ്രദേശിലും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അടുത്ത കാലത്തായി തുടർക്കഥയാണ്. കർണാടകയിലും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം തുടരുകയാണ്.

ക്രിസ്ത്യൻ പുരോഹിതർക്ക് നേരെയും സ്ഥാപനങ്ങൾക്ക് നേരെയും നടക്കുന്ന അതിക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ആറ് സംസ്ഥാനങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കേടതി റിപോർട്ട് തേടിയത്. ബെംഗളൂരു രൂപത ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ, നാഷനൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവർ സമർപ്പിച്ച ഹരജി പരിഗണിച്ച്, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബഞ്ചാണ് ഇത്തരം കേസുകളിൽ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്ന് ബിഹാർ, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഒഡീഷ, കർണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടത്. ആക്രമണങ്ങളിൽ എടുത്ത എഫ് ഐ ആറുകൾ, അന്വേഷണത്തിന്റെ സ്ഥിതി, അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ, കുറ്റപത്രം സമർപ്പിച്ച കേസുകൾ എന്നിവ സംബന്ധിച്ച് മൂന്നാഴ്ചക്കുള്ളിൽ തത്്സ്ഥിതി വിവരങ്ങൾ നൽകണം. ഇതേ വിഷയത്തിൽ ബിഹാർ, ഹരിയാന, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഒഡീഷ, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപോർട്ട് ശേഖരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് സുപ്രീം കോടതി നേരത്തേ നിർദേശിച്ചിരുന്നു. ഹരിയാന മാത്രമാണ് വിശദാംശങ്ങൾ നൽകിയതെന്നാണ് അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് എതിരായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി ഇടപെടണമെന്ന് കേരളത്തിൽ നിന്നുള്ള എം പിമാർ കഴിഞ്ഞ ദിവസങ്ങളിൽ പാർലിമെന്റിൽ ആവശ്യപ്പെട്ടിരുന്നു. തോമസ് ചാഴികാടൻ, ടി എൻ പ്രതാപൻ എന്നിവരാണ് ആവശ്യപ്പെട്ടിരുന്നത്. ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭീഷണി നേരിടുകയാണെന്നും പല ഗ്രാമങ്ങളിലും അക്രമി സംഘങ്ങൾ ക്രമസമാധാന നില തകർത്ത് ചർച്ചുകൾക്ക് നേരെ ആക്രമണം അഴിച്ചു വിടുകയാണെന്നുമാണ് എം പിമാർ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നത്.

ക്രിസ്്ത്യൻ സ്ഥാപനങ്ങൾക്കും വിശ്വാസികൾക്കും നേരെ നടക്കുന്ന ആക്രമണം സംഘ്പരിവാറിന്റെ അടുത്ത ഇര ആരാണെന്ന് വെളിപ്പെടുത്തുന്നതാണ്. മുസ്‌ലിം വിദ്വേഷ പ്രചാരണം അതിന്റെ പരകോടിയിലെത്തിയ സ്ഥിതിയിൽ അതിത്രീവ മതവാദികൾക്ക് മുസ്‌ലിം വിദ്വേഷത്തോടൊപ്പം പ്രചാരണത്തിന് കൂടുതൽ മൂർച്ചയുള്ള ആയുധം ആവശ്യമായി വന്നിരിക്കുന്നു. അതിനായി ക്രിസ്ത്യൻ മിഷനറി പ്രവർത്തനത്തെ കൂടുതൽ ക്രൂരമായി ലക്ഷ്യം വെക്കുകയാണെന്ന് വേണം മനസ്സിലാക്കാൻ. ഇതിനായുള്ള ആസൂത്രണം കുറച്ച് നാളുകൾക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. മുസ്‌ലിം ജനസംഖ്യ അമിതമായി വളരുന്നുവെന്നായിരുന്നു ഒരു ഘട്ടത്തിൽ സംഘ്പാരിവാറിന്റെ പ്രധാന പ്രചാരണം. ഹിന്ദുമതത്തിൽ നിന്ന് വലിയ തോതിൽ പരിവർത്തനം നടക്കുന്നുവെന്ന പ്രചാരണത്തിലേക്ക് സംഘ്പാരിവാർ കേന്ദ്രങ്ങൾ നുണ പ്രചാരണം വഴി തിരിച്ചുവിട്ടിട്ടുണ്ട്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം ഇതിനകം മതപരിവർത്തനം നിയന്ത്രിക്കുന്നതിനും നിരോധിക്കുന്നതിനുമുള്ള നിയമങ്ങൾ കൊണ്ടുവന്നു കഴിഞ്ഞിട്ടുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ കാറ്റിൽ പറത്തി ഉത്തർ പ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, കർണാടക ഉൾപ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലെങ്കിലും മത പരിവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയുള്ള നിയമം കൊണ്ടുവന്നിട്ടുണ്ട്. ക്രിസ്ത്യൻ മിഷനറി സ്ഥാപനങ്ങളേയും പ്രവർത്തനങ്ങളെയുമാണ് പ്രധാനമായും ഈ നിയമങ്ങൾ ലക്ഷ്യം വെക്കുന്നത്. ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന്റെ നേതൃത്വത്തിലുള്ള സെന്റർ ഫോർ ജസ്റ്റിസ് ആൻഡ് പീസ് ( സി ജെ പി) ഈ നിയമങ്ങൾ ചോദ്യം ചെയ്തുള്ള ഹരജി സുപ്രീം കോടതിയിൽ നൽകിയിട്ടുണ്ട്. ഇത്തരം നിയമങ്ങൾ വ്യക്തികളുടെ സ്വയം നിർണയത്തിലേക്കും സ്വകാര്യതയിലേക്കുമുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കിയാണ് ഹരജി നൽകിയിട്ടുള്ളത്. ഭരണഘടനാ അനുഛേദം 14, 21, 25 എന്നിവ ലംഘിച്ചാണ് ഇത്തരം നിയമങ്ങൾ സൃഷ്ടിച്ചിട്ടുള്ളതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച വിശദമായ വാദ മുഖങ്ങൾ സുപ്രീം കോടതിയിൽ നടക്കാനിരിക്കുകയാണ്.

ദളിത് ക്രിസ്ത്യൻ വിഭാഗങ്ങളെ പട്ടിക ജാതിയിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന കേന്ദ്ര സർക്കാറിന്റെ വാദവും പുതിയ സ്ഥിതിവിശേഷങ്ങളുമായി ചേർത്തുവായിക്കേണ്ടതുണ്ട്. ദളിത് ക്രിസ്ത്യൻ വിഭാഗങ്ങളെ പട്ടിക ജാതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെടുന്ന ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷൻ ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ലെന്നാണ് കൊടിക്കുന്നിൽ സുരേഷ് എം പി ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ വകുപ്പ് സഹമന്ത്രി വി നാരായണസ്വാമി നൽകിയ മറുപടി. മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിത് വിഭാഗങ്ങളെ പട്ടിക ജാതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയങ്ങൾ പരിശോധിക്കുന്നതിന് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ അധ്യക്ഷനായുള്ള മൂന്നംഗ കമ്മീഷനെ കേന്ദ്ര സർക്കാർ അടുത്തിടെ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്റെ റിപോർട്ട് വന്നാലും നിലവിലെ സാഹചര്യത്തിൽ ബി ജെ പി സർക്കാർ പരിവർത്തിത ക്രിസ്ത്യാനികൾക്ക് പട്ടിക ജാതി പദവി നൽകി അനുകൂല്യങ്ങൾ ലഭ്യമാക്കാൻ തയ്യാറാകുമെന്ന് തോന്നുന്നില്ല.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ സംഘടനകളെയും മതപുരോഹിതരേയും ചാക്കിട്ട് പിടിച്ചാണ് പലപ്പോഴും ബി ജെ പി അധികാരം കൈയാളിയിട്ടുള്ളത്. സമാനമായ നീക്കവുമായി കേരളത്തിലും ചില ശ്രമങ്ങൾ ബി ജെ പിയുടെ കാർമികത്വത്തിൽ തന്നെ ശക്തമായി നടന്നിരുന്നു. കാസ ഉൾപ്പെടെയുള്ള സംഘടനകളുടെ മുസ്‌ലിം മത വിദ്വേഷ പ്രചാരണം ഈ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. എന്നാൽ, സംഘ്പരിവാർ സ്വധീന മേഖലകളിൽ ന്യൂനപക്ഷ വിഭാഗങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യപ്പെടാൻ പോകുന്നതെന്നതിന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെ ക്രിസ്ത്യൻ സംഘടനകൾക്ക് ഉദാഹരണങ്ങളുണ്ട്. സംഘ്പരിവാരത്തിന് മതവിദ്വേഷ പ്രചാരണമെന്നത് രാഷ്ട്രീയ ടൂളാണ്. മുസ്‌ലിംകളായാലും ക്രിസ്ത്യാനികളായാലും. സംഘ്പരിവാറിൽ നിന്ന് നന്മ പ്രതീക്ഷിക്കുന്ന ക്രിസ്ത്യൻ സഭകൾ ഇത് തിരിച്ചറിയണം.