Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുപോയ പോലീസ് വാഹനം തടഞ്ഞു; പ്രതിഷേധം

വൈദ്യപരിശോധനയ്ക്കുശേഷം ആശുപത്രിയില്‍ നിന്ന് വാഹനം പുറത്തേക്ക് ഇറങ്ങിയ ശേഷമായിരുന്നു യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ തടഞ്ഞത്.

Published

|

Last Updated

തിരുവനന്തപുരം| യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം. രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുപോയ പോലീസ് വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു. ഫോര്‍ട്ട് ആശുപത്രിക്ക് മുന്‍പിലാണ് വാഹനം തടഞ്ഞത്. വൈദ്യപരിശോധനയ്ക്കുശേഷം ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് വാഹനം ഇറങ്ങിയ ശേഷമായിരുന്നു വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞത്. പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ മാറ്റിയാണ് രാഹുലിനെ കോടതിയിലേക്ക് കൊണ്ടുപോയത്. ഉടന്‍ കോടതിയില്‍ ഹാജരാക്കും.

കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലാണ് രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷനില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് പോലീസ് തടഞ്ഞു. ഫോഴ്സ് ഉപയോഗിച്ചാല്‍ കുറെ ഉപയോഗിക്കേണ്ടിവരുമെന്നും ഇതുവരെ താന്‍ സഹകരിച്ചുവെന്നും രാഹുല്‍ പറഞ്ഞു. പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് ചെയ്തത്.

അക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. നവ കേരള സദസിനുനേരെ പ്രതിഷേധിച്ച കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മര്‍ദനങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഡിസംബര്‍ 20-ന് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്.സെക്രട്ടേറിയറ്റ് മാര്‍ച്ചിനെതിരെ പോലീസ് എടുത്ത കേസില്‍ പ്രതിപക്ഷേ നേതാവ് വി ഡി സതീശനാണ് ഒന്നാം പ്രതി.

എം.എല്‍.എമാരായ ഷാഫി പറമ്പില്‍, എം. വിന്‍സെന്റ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നാലാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നത്. വി ഡി സതീശന്‍, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുടെ പേരുകളാണ് എഫ്ഐആറില്‍ ഉള്ളത്. കണ്ടാലറിയാവുന്ന മുന്നൂറിലേരെ പേരുംകന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളാണ്.

പോലീസ് അനുമതിയില്ലാതെ ജാഥ നടത്തി, പൊതുമുതല്‍ നശിപ്പിച്ചു എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള കേസ്. സംഘംചേര്‍ന്ന് അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ക്കുപുറമേ പോലീസ് ആക്ടിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്.

 

 

 

 

---- facebook comment plugin here -----

Latest