Connect with us

Kerala

ഹയാത്ത് റീജിയന്‍സിയുടെ ഉദ്ഘാടന ചടങ്ങ് വികസന സംവാദ വേദിയായി

മുഖ്യമന്ത്രിയും കേന്ദ്ര സഹമന്ത്രിയും നേര്‍ക്കുനേര്‍

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിന്റെ വികസനത്തെ ചൊല്ലി മുഖ്യമന്ത്രിയും കേന്ദ്ര സഹമന്ത്രിയും സംസ്ഥാന ടൂറിസം മന്ത്രിയും അണിനിരന്നതോടെ തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജിയന്‍സിയുടെ ഉദ്ഘാടന ചടങ്ങ്് വികസന ചര്‍ച്ചാവേദിയായി.

നമ്മുടെ നാടിന്റെ ആഭ്യന്തര വരുമാനത്തിന്റെ പത്ത് ശതമാനത്തിലധികം വിനോദസഞ്ചാരമേഖലയില്‍ നിന്നാണെന്നും മറ്റു ചിലര്‍ കേരളത്തിന്റെ വരുമാനം വേറെ നിലയിലാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.കേരളം മദ്യവും ലോട്ടറിയും വിറ്റാണ് പണം ഉണ്ടാക്കുന്നതെന്ന് ഒരു മാസം മുമ്പ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞതിനെക്കുറിച്ചായിരുന്നു ഈ പരാമര്‍ശം.

ഇത് തിരിച്ചറിഞ്ഞ കേന്ദ്രമന്ത്രി വി മുരളീധരന്‍ കേരളം ഗുജറാത്തിനെ മാതൃകയാക്കണമെന്നു നിര്‍ദ്ദേശിച്ചു. ഗുജറാത്തിലെ സാമ്പത്തിക മുന്നേറ്റവും അതവിടെ സൃഷ്ടിച്ച വ്യവസായ -നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്റെ ഫലമാണ്. മിന്നല്‍ ഹര്‍ത്താലും പണിമുടക്കുമില്ലാത്ത ഒരു സാഹചര്യം അവിടെയുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.

ഗുജറാത്തിനെ പുകഴ്ത്തി കേന്ദ്ര മന്ത്രി സംസാരിച്ച് നിര്‍ത്തിയതിന് തൊട്ട് പിന്നാലെ എത്തിയ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വര്‍ഗീയ മുക്തമായ കേരളത്തെ എടുത്തുകാട്ടി മുരളീധരനു മറുപടി നല്‍കി. സുന്ദരമായ ഭൂപ്രകൃതിക്കൊപ്പം ജനങ്ങളുടെ ഐക്യവും മതനിരപേക്ഷതയും സൗഹാര്‍ദ്ര മനോഭാവവും കേരളത്തിന്റെ സവിശേഷതയാണെന്നു റിയാസ് പറഞ്ഞു.
കാണ്‍ഗ്രസില്‍ ഇടഞ്ഞു നില്‍ക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനും ശശി തരൂരും ഉദ്ഘാടന വേദിയില്‍ ഒന്നിച്ചെത്തിയതും കൗതുകം സൃഷ്ടിച്ചു.
കേരളത്തില്‍ ലുലു ഹയാത്തിന്റെ മൂന്നാമത്തെ നക്ഷത്ര ഹോട്ടലാണ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തത്. 500 കോടി മുതല്‍ മുടക്കില്‍ അടുത്ത ഹോട്ടലിന്റെ നിര്‍മാണം ജനുവരിയില്‍ കോഴിക്കോട് തുടങ്ങുമെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി പ്രഖ്യാപിച്ചു.

Latest