Kuwait
പ്രവാസി അധ്യാപകരെ പിരിച്ചുവിടാനുള്ള തീരുമാനം വിദ്യാഭ്യാസ മന്ത്രാലയം പുനപ്പരിശോധിക്കും
കഴിഞ്ഞ മാസങ്ങളില്‍ രണ്ടായിരത്തോളം പ്രവാസി അധ്യാപകരെ പിരിച്ചു വിട്ടതിനു തൊട്ടുപിന്നാലെയാണ് മന്ത്രാലയം ഇത്തരമൊരു നീക്കം നടത്തുന്നത്.
കുവൈത്ത് സിറ്റി | കുവൈത്തില്‍ സ്വദേശി വത്ക്കരണത്തിന്റെ ഭാഗമായി പ്രവാസി അധ്യാപകരെ പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കാനുള്ള തീരുമാനം വിദ്യാഭ്യാസ മന്ത്രാലയം പുനരവലോകനം ചെയ്യാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ മാസങ്ങളില്‍ രണ്ടായിരത്തോളം പ്രവാസി അധ്യാപകരെ പിരിച്ചു വിട്ടതിനു തൊട്ടുപിന്നാലെയാണ് മന്ത്രാലയം ഇത്തരമൊരു നീക്കം നടത്തുന്നത്.
വിദ്യാഭ്യാസ മന്ത്രാലയത്തില്‍ കുവൈത്തി വത്ക്കരണ നയം നടപ്പിലാക്കുന്നതില്‍ തിടുക്കം പാടില്ലെന്നും ഇത് സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും ടീച്ചേഴ്സ് അസോസിയേഷന്‍ നേരത്തെ മന്ത്രാലയത്തോട് ഉപദേശിച്ചിരുന്നു. യോഗ്യരായ സ്വദേശി അധ്യാപകരുടെ ലഭ്യത ഉറപ്പുവരുത്തുകയും അധ്യാപന രംഗത്ത് അവരുടെ കഴിവും പ്രാപ്തിയും നിര്‍ണയിക്കുകയും ചെയ്ത ശേഷമേ അടുത്ത പിരിച്ചുവിടല്‍ നടത്താന്‍ പാടുള്ളൂവെന്നും ഇതുവഴി വിദ്യാഭ്യാസ നിലവാരത്തില്‍ പെട്ടെന്ന് ഇടിവ് ഉണ്ടാകില്ലെന്നും അസോസിയേഷന്‍ മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ മന്ത്രാലയം അനുകൂലമായി പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്.
ചില വിദ്യാലയങ്ങളിലെ അധ്യാപകരുടെ നിലവാരം വളരെ താഴ്ന്നതാണ്. ഇതുള്‍പ്പെടെ നിലവില്‍ വിദ്യാഭ്യാസ മന്ത്രാലയം നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതൊക്കെ കൊണ്ടു തന്നെ ഈ വര്‍ഷം 1,800 അധ്യാപകരെ പിരിച്ചുവിട്ട സമാനമായ നടപടി അടുത്ത വര്‍ഷം ആവര്‍ത്തിക്കില്ല. യോഗ്യരായ സ്വദേശികള്‍, ജിസിസി പൗരന്മാര്‍, അല്ലെങ്കില്‍ കുവൈത്തി സ്ത്രീകളുടെ വിദേശികളായ മക്കള്‍ എന്നീ വിഭാഗത്തില്‍ പെട്ടവരെ അധ്യാപകരായി ലഭ്യമല്ലെങ്കില്‍ സ്വദേശി വത്ക്കരണ നയം മന്ദഗതിയിലാക്കുവാനും ആവശ്യമായ ഉയര്‍ന്ന യോഗ്യതയുള്ള പ്രവാസികളെ നിയമിക്കുവാനുമാണ് മന്ത്രാലയം ആലോചിക്കുന്നത്.




